HOME
DETAILS
MAL
മന്ത്രി സുധാകരനെതിരേ പരാതിയിലുറച്ച് യുവതി; ഒത്തുതീര്‍പ്പിനുള്ള സി.പി.എം നീക്കം പാളി
backup
April 20 2021 | 04:04 AM
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് മന്ത്രി ജി. സുധാകരനെതിരേ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ നല്കിയ പരാതി പിന്‍വലിപ്പിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം വിജയിച്ചില്ല. പരാതിയില്‍ യുവതി പൊലിസിന് മൊഴി നല്കി.
വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ വിളിച്ചുചേര്‍ത്ത പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞു. യുവതിയുടെ ഭര്‍ത്താവ് വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ വിഷയം രമ്യമായി പരിഹരിക്കണമെന്ന ആവശ്യം ഉയര്‍ന്നു. പതിനഞ്ചംഗ ലോക്കല്‍ കമ്മിറ്റിയില്‍ ഒരു വനിതാ അംഗം മാത്രമാണ് പങ്കെടുക്കാതിരുന്നത്. മറ്റൊരു അംഗം വേണുഗോപാലിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
മന്ത്രി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും പരാതിയില്‍ കഴമ്പുണ്ടെന്നും മറ്റൊരു വനിതാ അംഗം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗങ്ങള്‍ കൂടി പങ്കെടുത്ത യോഗത്തില്‍ അഭിപ്രായഭിന്നത രൂക്ഷമായി. അന്തിമ തീരുമാനമാകാതെവന്നതോടെ ഏരിയാ കമ്മിറ്റി ഓഫിസില്‍ അടുത്തയാഴ്ച വീണ്ടും ലോക്കല്‍ കമ്മിറ്റി കൂടാന്‍ തീരുമാനിച്ചു യോഗം പിരിഞ്ഞു.
അമ്പലപ്പുഴ പൊലിസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് ഇന്നലെ യുവതിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. എസ്.എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗമായ ഇവര്‍ സി.പി.എം സംസ്ഥാന കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുന്ന പരാമര്‍ശങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയെന്നും തന്നെയും ഭര്‍ത്താവിനെയും തേജോവധം ചെയ്യുന്നതായും പരാതിയില്‍ പറയുന്നു.
അഞ്ചുദിവസം മുമ്പ് നല്കിയ പരാതി പൊലിസ് കേസെടുക്കാതെ മാറ്റിവച്ചിരിക്കുകയായിരുന്നു. മന്ത്രി പ്രസ്താവന നടത്തിയത് ആലപ്പുഴയിലാണെന്ന കാരണത്താലാണ് അമ്പലപ്പുഴ പൊലിസ് പരാതി മാറ്റിവച്ചത്. വിഷയം വിവാദമാകുകയും ജില്ലാ പൊലിസ് മേധാവിക്കു യുവതി പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഇന്നലെ പൊലിസ് മൊഴിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."