HOME
DETAILS
MAL
വിട പറഞ്ഞത് സുന്നി സാഹിത്യരംഗത്തെ നിറസാന്നിധ്യം
backup
April 20 2021 | 04:04 AM
കല്‍പ്പറ്റ: പ്രമുഖ പണ്ഡിതന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, സംഘാടകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്ന ഇന്നലെ വിടപറഞ്ഞ പിണങ്ങോട് അബൂബക്കര്‍ സുന്നി സാഹിത്യരംഗത്തെ നിറസാന്നിധ്യമായിരുന്നു. ഇസ്‌ലാമിക വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. സുപ്രഭാതം ദിനപത്രത്തില്‍ വിവിധ വിഷയങ്ങള്‍ അധികരിച്ച് ലേഖനങ്ങള്‍ എഴുതിയിരുന്ന അദ്ദേഹം സുന്നി അഫ്കാറിലെ 'വിചാരപഥം', സന്തുഷ്ട കുടുംബം മാസികയിലെ 'വര്‍ത്തമാനം', അല്‍മുഅല്ലിം മാസികയിലെ 'അകത്തളം' എന്നീ പംക്തികളെല്ലാം കൈകാര്യംചെയ്ത് വരികയായിരുന്നു.
1975 മുതല്‍ സാഹിത്യരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം സുന്നി ടൈംസ്, സുന്നി വോയ്‌സ്, ഹിക്മത്ത്, ഫിര്‍ദൗസ്, അല്‍മുബാറക്, സത്യധാര, കുരുന്നുകള്‍, ലീഗ് ടൈംസ്, ചന്ദ്രിക, മാധ്യമം, മാതൃഭൂമി തുടങ്ങിയ ആനുകാലികങ്ങളിലും ദിനപത്രങ്ങളിലുമെല്ലാം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.കെ ഹസന്‍ മുസ്‌ലിയാര്‍, സി.എച്ച് ഹൈദ്രൂസ് മുസ്‌ലിയാര്‍, കൂറ്റനാട് കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ സമസ്ത നേതാക്കളുടെ സന്തത സഹചാരി കൂടിയായിരുന്നു അദ്ദേഹം. മദ്‌റസയിലെ പൊതുപരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാംറാങ്ക് നേടിയ പിണങ്ങോടിന് പാണക്കാട് സയ്യിദ് പി.എം.എസ്.എ പൂക്കോയ തങ്ങളായിരുന്നു കാഷ് അവാര്‍ഡ് നല്‍കിയത്. 2018ലെ പ്രളയത്തെ തുടര്‍ന്ന് വയനാട് ജില്ലാ സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപംനല്‍കിയ ആശ്വാസ് ചാരിറ്റബിള്‍ ട്രസ്റ്റ് പിണങ്ങോട് അബൂബക്കര്‍ ഹാജിയുടെ മനസില്‍ നിന്ന് ഉദയംകൊണ്ടതായിരുന്നു.
ട്രസ്റ്റിന് കീഴില്‍ നിരാലംബരായ 25ലധികം കുടുംബങ്ങള്‍ക്കാണ് രണ്ടുവര്‍ഷത്തിനിടയില്‍ വീടുകള്‍ നിര്‍മിച്ച് കൈമാറിയത്. വയനാട് ജില്ലയില്‍ സമസ്തയുടെ രൂപീകരണത്തിലും വളര്‍ച്ചയിലും നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടയാളും പിണങ്ങോട് അബൂബക്കറാണ്.
ഓത്തുപള്ളിയിലും സര്‍ക്കാര്‍ സ്‌കൂളുകളിലുമായായിരുന്നു പ്രാഥമിക പഠനം. 1972ല്‍ കമ്പളക്കാട് ദര്‍സില്‍ ചേര്‍ന്നു. ഒന്‍പത് വര്‍ഷം ദര്‍സ് പഠനവുമായി കാപ്പുണ്ടിക്കല്‍, ശ്രീകണ്ഠാപുരം, അങ്കടിമുഗര്‍ എന്നിവിടങ്ങളിലായിരുന്നു. ഹൈദ്രോസ്‌കുട്ടി മൊല്ലാക്ക, കെ.വി മുഹമ്മദ് മുസ്‌ലിയാര്‍, ബീരാന്‍കുട്ടി ഹാജി, ശ്രീകണ്ഠാപുരം അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവരായിരുന്നു ഗുരുനാഥന്‍മാര്‍. കല്‍പ്പറ്റ റെയ്ഞ്ച് ജോയിന്റ് സെക്രട്ടറിയായാണ് സംഘടനാ പ്രവര്‍ത്തനം തുടങ്ങുന്നത്. സംഘാടക മികവും ആസൂത്രണരംഗത്തെ വൈഭവവും അദ്ദേഹത്തെ സമസ്തയുടെ ജനറല്‍ മാനേജര്‍ പദവിയിലേക്കും സമസ്തയുടെ പല സമ്മേളനങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യുന്നതിലേക്കും വളര്‍ത്തി.
സുപ്രഭാതം പത്രം പിറവിയെടുക്കുന്നതില്‍ കോട്ടുമല ബാപ്പു മുസ്‌ലിയാരോടൊപ്പം മുന്‍നിരയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം തുടക്കത്തില്‍ സുപ്രഭാതം റഡിഡന്റ് എഡിറ്ററായും സേവനം ചെയ്തു. പരന്നവായന വിഷയങ്ങളെ പഠിച്ച് അവതരിപ്പിക്കുന്നതിന് അദ്ദേഹത്തെ പ്രാപ്തനാക്കി. കാലത്തോടൊപ്പം സഞ്ചരിച്ച കര്‍മയോഗിയെയാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ സുന്നീ കൈരളിക്ക് നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."