സഊദി നജ്റാനില്‍ വീണ്ടും യമനിലെ ഹൂതി വിമത സേനയുടെ മിസൈല്‍ ആക്രമണം
സ്വദേശി കൊല്ലപ്പെട്ടു ,ആറു വിദേശികള്‍ക്ക് പരിക്ക്
റിയാദ് : സഊദിയുടെ അതിര്‍ത്തി പ്രദേശമായ നജ്റാനില്‍ യമനിലെ ശീഈ ഹൂതി മലീഷികള്‍ അതിര്‍ത്തിയിലെ സഊദി പട്ടണത്തിലേക്ക് തൊടുത്തു വിട്ട ഷെല്ലാക്രമണത്തില്‍ ഒരു സ്വദേശി കൊല്ലപ്പെടുകയും വിദേശികളായ ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു . സഊദിയും യമനും അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ നജ്റാനില്‍ ശനിയാഴ്ച്ച ഉച്ചക്ക് ശേഷമാണ് സഊദിയെ ലക്ഷ്യമാക്കി ഹൂത്തി മലീഷികള്‍ റോക്കറ്റുകള്‍ തൊടുത്തു വിട്ടതെന്ന് നജ്റാന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു സഊദി വാര്‍ത്താ ചാനലായ അല്‍ അഖ്റബിയ റിപ്പോര്‍ട്ട് ചെയ്തു.
പരിക്കേറ്റ ആറു പേരില്‍ അഞ്ചു പേരും യമന്‍ പൗരന്മാരാണ്. ഒരാള്‍ പാകിസ്ഥാന് സ്വദേശിയുമാണ്. നജ്റാന് നഗരത്തെ ലക്ഷ്യമാക്കി യമനിലെ ഇറാന് അനുകൂല ഹൂത്തി ശീഈ മലീഷികള്‍ തൊടുത്തു വിട്ട റോക്കറ്റ് രണ്ടു കെട്ടിടങ്ങളിലെക്ക് പതിക്കുകയും രണ്ടു കെട്ടിടങ്ങളും പൂര്‍ണ്ണമായി കത്തിയമരുകയും ചെയ്തു.
നേരത്തെ ഇതേ പ്രദേശത്തു നടന്ന റോക്കറ്റാക്രമണങ്ങളില്‍ നിരവധി പേര് കൊല്ലപ്പെടുകയും യമനിലെ സമാധാന ചര്‍ച്ചകള്‍ വിഫലമാകുകയും ചെയ്തതിനെ തുടര്‍ന്ന് സഊദി അറേബിയയുടെ നേതൃത്വത്തിലുള്ള സഖ്യ സൈന്യം യമനില്‍ ഹൂതികള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ ശക്തമാക്കിയതിന്റെ ശേഷം സഊദിയുടെ അതിര്‍ത്തിയില്‍ ഹൂതി വിമത സേന ഇത്തരത്തില്‍ വന്‍ നാശ നഷ്ടം വരുത്തി വെക്കുന്ന നിരവധി ആക്രമണങ്ങളാണ് നടത്തിയത്.
വെള്ളിയാഴ്ച നടന്ന റോക്കറ്റാക്രമണത്തില്‍ അഞ്ചു വിദേശ തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. ചൊവാഴ്ച്ച നടന്ന ഷെല്ലാക്രമണത്തില്‍ മൂന്നു വിദേശികളടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. സഊദി അതിര്‍ത്തിയില്‍ ഏറ്റവും കൂടുതല്‍ നാശ നഷ്ടവും മരണവും വരുത്തി വെച്ച ആക്രമണമായിരുന്നു ഇത്.
സഊദി അറേബിയയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സൈന്യം യമനിലെ വിഘടിത വിഭാഗമായ ഇറാന് അനുകൂല ശീഈ ഹൂത്തി മലീഷികള്ക്കെതിരെ യുദ്ധം തുടങ്ങിയ 2015 ഏപ്രില്‍ മുതല്‍ സഊദിയെ ലക്ഷ്യമാക്കി നിരവധി മിസൈലുകളും ഷെല്ലുകളുമാണ് ഹൂത്തികള്‍ തൊടുത്തു വിട്ടത്. ഇതില്‍ ചിലത് സഊദി പ്രദേശത്തു പതിക്കുകയും നിരവധി പേര് ഇതിനു മുന്‍പ് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."