എം.എല്‍.എയുടെ പരാതി ഏറ്റു: വിവാദത്തിലായ ഹോട്ടലില്‍ അപ്പത്തിനും മുട്ടക്കറിക്കും വിലകുറച്ചു
ആലപ്പുഴ:ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുവെന്ന് ആരോപിച്ച് എം.എല്‍.എ ചിത്തരഞ്ജന് നല്കിയ പരാതി ഏറ്റു. പരാതിയെ തുടര്‍ന്ന് വിവാദത്തിലായ ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോട്ടലില്‍ അപ്പത്തിനും മുട്ടക്കറിക്കും വിലകുറച്ചു.
സിംഗിള്‍ മുട്ട റോസ്റ്റ് 50 രൂപയില്‍ നിന്നും 10 രൂപ കുറച്ച് 40 രൂപയാക്കിയപ്പോള്‍ അപ്പത്തിന്റെ വിലയില്‍ 15 ല്‍ നിന്നും 5 രൂപ കുറച്ച് 10 ആക്കിയതായി ഹോട്ടല്‍ ഉടമ അറിയിച്ചു.
അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയെന്ന് ആരോപിച്ചായിരുന്നു കണിച്ചുകുളങ്ങരയിലെ ഹോട്ടലിനെതിരെ പരാതി നല്‍കിയത്. ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി.
അതേസമയം അമിതവില ഈടാക്കിയെന്ന് ചൂണ്ടിക്കാണിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജിന് ചിത്തരഞ്ജന് എം.എല്‍.എ പരാതി നല്‍കിയിരുന്നു. എന്നാല്‍, എം.എല്‍.എ നല്കിയ പരാതിയുമായി ബന്ധപ്പെട്ട് പ്രത്യേക നിയമമില്ലാത്തതിനാല്‍ വിഷയത്തില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും നടപടിയെടുക്കാന്‍ കഴിയില്ലെന്നും കലക്ടര്‍ എം.എല്‍.എയെ അറിയിച്ചിരുന്നു. പരാതിയിന്മേല് അന്വേഷണം നടത്തിയ കലക്ടര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."