ഭൂഗര്‍ഭ വ്യോമസേനാ താവളത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഇറാന്‍
തെഹ്‌റാന്‍: ദീര്‍ഘദൂര ക്രൂയിസ് മിസൈലുകള്‍ ഘടിപ്പിച്ച യുദ്ധവിമാനങ്ങള്‍ സൂക്ഷിക്കാന്‍ ശേഷിയുള്ള ആദ്യ ഭൂഗര്‍ഭ വ്യോമസേനാ താവളം ഇറാന്‍ അവതരിപ്പിച്ചു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയാണ് ഫോട്ടോകള്‍ പുറത്തുവിട്ടത്. ഓഗാബ്-44 (പേര്‍ഷ്യന്‍ ഭാഷയില്‍ 'കഴുകന്‍') എന്ന് പേരിട്ടിരിക്കുന്ന ഭൂഗര്‍ഭ താവളത്തിന് ഡ്രോണുകള്‍ക്ക് പുറമേ എല്ലാത്തരം യുദ്ധവിമാനങ്ങളും ബോംബറുകളും സൂക്ഷിക്കാന്‍ ശേഷിയുണ്ട്.
യു.എസ് നിര്‍മിത എഫ്-4ഇ ഫാന്റം-2 ഫൈറ്റര്‍ ബോംബര്‍ വിമാനത്തിനൊപ്പം ഇറാന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഭൂഗര്‍ഭ താവളത്തില്‍ നില്‍ക്കുന്നത് ചിത്രത്തില്‍ കാണാം. 1979ലെ ഇറാനിലെ വിപ്ലവത്തിന് മുമ്പ് അമേരിക്കയില്‍ നിന്ന് സ്വന്തമാക്കിയതാണിവ. ഭൂഗര്‍ഭ അറയുടെ കൃത്യമായ സ്ഥാനം വെളിപ്പെടുത്തിയിട്ടില്ല. പര്‍വതങ്ങള്‍ക്കടിയില്‍ നൂറുകണക്കിന് മീറ്റര്‍ ആഴത്തിലാണ് അറയെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെയുള്ള ഫൈറ്റര്‍ ജെറ്റുകള്‍ ദീര്‍ഘദൂര ക്രൂയിസ് മിസൈലുകള്‍ ഘടിപ്പിച്ചവയാണ്.
ആക്രമണമുണ്ടായാല്‍ ഇത്തരം പഴയ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് തൊട്ടടുത്ത ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഇറാന് സാധിക്കുമെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ ഉള്‍പ്പെടെയുള്ള ശത്രുക്കളില്‍ നിന്നുള്ള ഏത് ആക്രമണത്തിനും ഈഗിള്‍- 44 ഉള്‍പ്പെടെയുള്ള നിരവധി വ്യോമസേനാ താവളങ്ങളില്‍ നിന്ന് പ്രത്യാക്രമണം നടത്തുമെന്ന് ഇറാന്‍ സായുധ സേനാ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഗേരിയെ ഉദ്ധരിച്ച് ഔട്ട്‌ലെറ്റ് പറഞ്ഞു.
രണ്ടാഴ്ച മുമ്പ് അമേരിക്കയും ഇസ്‌റാഈലും നടത്തിയ സംയുക്ത സൈനികാഭ്യാസത്തിന് മറുപടിയായാണ് ഇറാന്റെ വ്യോമ സൈനിക ശേഷി പ്രദര്‍ശിപ്പിച്ചതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ദേശീയ ചാനലിലും ട്വിറ്ററിലും പകലും രാത്രിയും ഡ്രില്‍ ദൗത്യങ്ങള്‍ നടത്താന്‍ യുദ്ധവിമാനങ്ങള്‍ പറന്നുയരുന്നതിന്റെ വിഡിയോ ക്ലിപ്പുകള്‍ കാണിച്ചു.
ഇറാനുള്ള സന്ദേശമെന്ന നിലയിലാണ് വര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ക്കിടെ വിമാനങ്ങളും നാവിക കപ്പലുകളും പീരങ്കി സംവിധാനങ്ങളും സൈനികരും അണിനിരന്ന സൈനികാഭ്യാസം നടത്തിയതെന്ന് ഔട്ട്‌ലെറ്റ് നിരീക്ഷിക്കുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ ഇറാന്‍ സൈന്യം ഡ്രോണുകള്‍ ഉള്‍ക്കൊള്ളുന്ന മറ്റൊരു ഭൂഗര്‍ഭ താവളത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നതായും പ്രാദേശിക ശത്രുവായ ഇസ്‌റാഈലിന്റെ വ്യോമാക്രമണത്തില്‍ നിന്ന് സൈനിക ആസ്തികള്‍ സംരക്ഷിക്കാനുള്ള മുന്നൊരുക്കങ്ങളാണ് ഇറാന്‍ നടത്തുന്നതെന്നും റോയിട്ടേഴ്‌സ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."