ചിലരുടെ നിരാശയ്ക്ക് കാരണം ജനവിധി; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: നയപ്രഖ്യാപന പ്രസംഗത്തിനുമേലുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.2004 മുതൽ 2014 വരെ അഴിമതിയുടെ കാലമായിരുന്നു. രാജ്യം ഇപ്പോൾ നിർമാണ ഹബായി മാറി. ബി.ജെ.പി ഭരണത്തില്‍ രാജ്യം അഴിമതി മുക്തമായെന്നും ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടെന്നും പറഞ്ഞ മോദി യുപിഎ കാലത്ത് ഭീകരാക്രമണങ്ങളും അഴിമതിയും മാത്രമാണ് നടന്നതെന്നും കുറ്റപ്പെടുത്തി.
ലോക്സഭയിലെ പ്രതികരണത്തിലൂടെ ചിലരുടെ മനോനില വ്യക്തമായെന്ന് മോദി പറഞ്ഞു. രാഹുല്‍ ഗാന്ധിയെ പേരെടുത്ത് വിമര്‍ശിക്കാതെ മോദി ഈ വലിയ നേതാവ് രാഷ്ട്രപതിയെ പോലും അപമാനിച്ചുവെന്ന് കുറ്റപ്പെടുത്തി. എന്താണ് ഇദ്ദേഹത്തിന്റെ വിചാരം? ഇത്തരം പ്രതികരണത്തിലൂടെ അദ്ദേഹം സ്വയം വെളിപ്പെട്ടു. പ്രതിപക്ഷത്ത് നിന്നും സംസാരിച്ച ഒരാള്‍ പോലും രാഷ്ട്രപതിയുടെ പ്രസംഗത്തെ പരാമര്‍ശിച്ചില്ല,വെറുപ്പിന്റെ രാഷ്ട്രീയമാണ് പുറത്ത് വന്നത്. ചിലര്‍ നിരാശരാണ്. നിരാശയ്ക്ക് കാരണം അവര്‍ക്കെതിരായ തുടര്‍ച്ചയായ ജനവിധിയാണെന്ന് മോദി കൂട്ടിചേര്‍ത്തു.
ജനങ്ങളുടെ വിശ്വാസം തന്റെ സുരക്ഷാ കവചമാണ്. വിശ്വാസം ഒറ്റരാത്രിയിൽ ഉണ്ടായതല്ല. വ്യാജ ആരോപണം ഉന്നയിച്ചാൽ ജയിക്കുമോ? അങ്ങനെ ജയിക്കാമെന്നാണ് ചിലരുടെ വിചാരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടി വി ഷോകളിലൂടെ നേടിയതല്ല തന്റെ പാരമ്പര്യം. തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ തെറ്റായ ആരോപണങ്ങൾ കൊണ്ട് സാധിക്കില്ല. ചിലർ പ്രവർത്തിക്കുന്നത് കുടുംബത്തിനായി. തന്റെ കുടുംബവും അജണ്ടയും ഇന്ത്യയാണ്.
കശ്മീരിലെ എല്ലാവർക്കും സ്വാതന്ത്ര്യം, എല്ലാവർക്കും സ്വതന്ത്രമായി നടക്കാം. ശ്രീനഗറിൽ എല്ലാവരും സുരക്ഷിതർ. സുരക്ഷയില്ലാതെ ലാൽ ചൗക്കിൽ പോകാം. രാഹുലിന് ലാൽ ചൗക്കിൽ പതാക ഉയർത്തനായി. സാഹചര്യമൊരുക്കിയത് ബിജെപി സർക്കാരാണ്. വെല്ലുവിളികളില്ലാതെ ജീവിതമില്ല. വെല്ലുവിളികൾ വന്നുകൊണ്ടിരിക്കും. ലോകമാകെ പ്രതിസന്ധിയിലാണ്. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇ.ഡിയാണ് പ്രതിപക്ഷത്തെ ഒന്നിപ്പിച്ചതെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."