കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം ആശ്രയമറ്റവർക്ക് ആശ്വാസമേകാം
വെള്ളിപ്രഭാതം
പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ
മനുഷ്യന്റെ നൈസർഗിക വികാരമായ സേവനത്തെക്കുറിച്ച് ഇസ്‌ലാം മതത്തിനു വ്യക്തവും ശക്തവുമായ കാഴ്ചപ്പാടുകളുണ്ട്. ആർക്കെല്ലാം ഈ സേവനത്തിന്റെ ഉപകാരം ലഭിക്കണമെന്നും ആരെല്ലാം ഇത് എത്തിച്ചുകൊടുക്കണമെന്നെല്ലാം സവിസ്തരം പ്രതിപാദ്യമാണ്. ആതുരസേവനം വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിർബന്ധ ബാധ്യതയായിത്തീരുന്നുണ്ട്. രോഗിക്ക് ചികിത്സയും സംരക്ഷണവും നൽകുക, പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക, സന്ദർശിക്കുക, അവനു വേണ്ടി പ്രാർഥിക്കുക, ആവശ്യമായ നിർദേശങ്ങൾ നൽകുക തുടങ്ങിയവയെല്ലാം സേവനത്തിന്റെ പരിധിയിൽപെടുന്നതാണ്. പ്രവാചകൻ പറയുന്നു: 'വിശന്നവന് ആഹാരം നൽകുക, രോഗിയെ സന്ദർശിക്കുക, ബന്ദിയെ മോചിപ്പിക്കുക'. 'ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള സാധാരണ ബാധ്യതകൾ ആറെണ്ണമാണ്: കാണുമ്പോൾ സലാം പറയുക, ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക, ഉപദേശം ചോദിച്ചാൽ നൽകുക, തുമ്മിയ ശേഷം അല്ലാഹുവിനെ സ്തുതിച്ചാൽ തശ്മീത് (യർഹമുകല്ലാഹ്) ചൊല്ലുക, രോഗിയായാൽ അവനെ സന്ദർശിക്കുക, മരിച്ചാൽ ജനാസയെ പിന്തുടരുക. (മുസ്‌ലിം).
ഇങ്ങനെ പ്രവാചകാധ്യാപനങ്ങൾ നിരവധി കാണാവുന്നതാണ്. ഇതിന്റെ തുടർച്ചയായി തന്നെയാണ് എസ്.കെ.എസ്.എസ്.എഫും ആതുരസേവന രംഗത്ത് സജീവമായി ഇടപെടുന്നത്. കഴിഞ്ഞ 16 വർഷമായി ആതുരസേവന രംഗത്ത് കൈത്താങ്ങായി അർഹതപ്പെട്ടവരെ തിരിച്ചറിഞ്ഞ് പ്രചാരണങ്ങളും ബഹളങ്ങളൊന്നുമില്ലാതെ സയാഹമെത്തിച്ചു നൽകുന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സഹചാരി റിലീഫ് സെൽ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. 'കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം' എന്ന പ്രമേയത്തിൽ ആരംഭിച്ച സഹചാരി ഇന്ന് പൊതുസമൂഹം ഏറ്റെടുത്ത പദ്ധതിയായി മാറിയിരിക്കുന്നു. കേവലം നാലു ലക്ഷം രൂപയിൽനിന്ന് തുടങ്ങിയ ഫണ്ട് ശേഖരണം കഴിഞ്ഞവർഷം മാത്രം മൂന്നുകോടി 20 ലക്ഷത്തിലേക്ക് ഉയർന്നു എന്നത് സഹചാരിയുടെ പൊതുജനമധ്യത്തിലെ സ്വീകാര്യതയെയാണ് ബോധ്യപ്പെടുത്തുന്നത്.
ഒരിക്കലും വകമാറ്റി ചെലവഴിക്കാതെ ഫണ്ട് ശാഖാ കമ്മിറ്റികൾ നിർദേശിക്കുന്ന വിവിധതരം രോഗികൾക്ക് ഓരോ മാസത്തിലും ധനസഹായമായി അനുവദിച്ചു കൊണ്ടിരിക്കുന്നു. കിഡ്‌നി, കാൻസർ, ഹാർട്ട് സംബന്ധമായ രോഗികൾക്ക് മുൻഗണന നൽകിയും അപകടങ്ങൾ, മറ്റു ചെറുതും വലുതുമായ രോഗങ്ങൾ കൊണ്ട് പ്രയാസമനുഭവിക്കുന്നവർക്കും സഹചാരിയിലൂടെ സഹായം നൽകിവരുന്നുണ്ട്. പൂർണമായും ഓൺലൈനിലൂടെയുള്ള അപേക്ഷാ സംവിധാനമാണ് സഹചാരിയുടേത്. അർഹതപ്പെട്ടവരെ സംഘടനയുടെ ശാഖാതലങ്ങളിൽനിന്ന് അപേക്ഷ സ്വീകരിച്ച് കണ്ടെത്തി ഒരു പ്രചാരണങ്ങളുമില്ലാതെ, സഹായം വാങ്ങുന്നവരുടെ സ്വകാര്യതയെ മാനിച്ചാണ് തുക നൽകിവരുന്നത്.
2020 ഫെബ്രുവരി മുതൽ ഈ വർഷം ജനുവരി വരെ 4,895 രോഗികൾക്ക് ഏകദേശം രണ്ടു കോടി 54 ലക്ഷത്തിലധികം രൂപയാണ് ധനസഹായം വിതരണം ചെയ്തത്. ലോക്ക്ഡൗൺ സമയത്ത് ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന 1,044 രോഗികൾക്ക് ജാതിമതഭേദമന്യേ 20 ലക്ഷത്തിലധികം രൂപയാണ് സഹചാരി ഫണ്ടിൽനിന്ന് പ്രത്യേക സഹായം നൽകിയത്. കൂടാതെ വിദേശത്തുനിന്ന് രോഗികളായി തിരിച്ചുവന്ന 97 പ്രവാസികൾക്കായി ഏഴര ലക്ഷം രൂപയും നൽകി. മാറാരോഗികൾക്ക് മാസാന്തത്തിലും സഹായം നൽകിവരുന്നുണ്ട്.
കഴിഞ്ഞവർഷം മാത്രം 594 ഡയാലിസിസ് ചെയ്യുന്ന രോഗികൾ, 661 കാൻസർ രോഗികൾ, 448 ഹൃദ്രോഗികൾ, 279 റോഡപകടങ്ങളിൽ പരുക്കേറ്റവർ, 842 മറ്റു രോഗികൾ എന്നിവർക്ക് ധനസഹായമെത്തിച്ചു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ പ്രയാസത്തിലായ 303 കാൻസർ രോഗികൾക്കു പ്രത്യേക ധനസഹായവും നൽകി. സംസ്ഥാനത്ത് ഡയാലിസിസ് ചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ട 100 രോഗികൾക്കും കിഡ്‌നി മാറ്റിവച്ച 97 രോഗികൾക്കും സ്ഥിരമായി പ്രത്യേക സാമ്പത്തിക സഹായവും നൽകിവരുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കു മുൻവശത്ത് സഹചാരി സെന്റർ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഈ റമദാൻ കാലത്ത് ഇവിടെ ഇഫ്താർ ടെന്റ് സ്ഥാപിച്ച് നോമ്പുതുറയും ഒരുക്കിയിട്ടുണ്ട്.
ഓഫിസ് സംവിധാനം, വളണ്ടിയർ സേവനം, മരുന്നു വിതരണം, ആംബുലൻസ് സേവനം എന്നിവ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. മഞ്ചേരി മെഡിക്കൽ കോളജിൽ മരുന്നു വിതരണവും നടക്കുന്നുണ്ട്. ചൂലൂരിലെ എം.വി.ആർ കാൻസർ സെന്ററിനടുത്ത് സഹചാരി സെന്ററിനു ലഭിച്ച 20 സെന്റ് സ്ഥലത്ത് കെട്ടിടനിർമാണം പുരോഗമിക്കുകയാണ്. നിസ്‌കാര ഹാൾ, ഡോർമെറ്ററി, പ്രാഥമികാരോഗ്യ പരിചരണ കേന്ദ്രം, മയ്യിത്ത് കുളിപ്പിക്കുന്നതിന് സൗകര്യം, കീമോതെറാപ്പിക്ക് വരുന്നവർക്കുള്ള വിശ്രമകേന്ദ്രം എന്നിവയാണ് ഇവിടെ ഒരുങ്ങുന്നത്. ഇതേ സൗകര്യങ്ങളോടെ തിരുവനന്തപുരം റീജ്യനൽ കാൻസർ സെന്റർ പരിസരത്തും നിരവധി കാൻസർ രോഗികൾ എത്തുന്ന ആശുപത്രികളുടെ പരിസരത്തും സഹചാരി സെന്റർ നിർമാണം ആരംഭിക്കുന്നതിനുള്ള പ്രാഥമിക ആലോചനകളും ആരംഭിച്ചു കഴിഞ്ഞു.
ഒരു കിഡ്‌നി രോഗിക്ക് ഡയാലിസിസ് ഇനത്തിലേക്കായി മാസത്തിൽ മൂവായിരം രൂപ എന്നനിലയിൽ വർഷത്തേക്ക് 36,000 രൂപ നൽകുന്ന പദ്ധതിയിൽ 100 രോഗികൾക്ക് രണ്ടു വർഷമായി ധനസഹായം നൽകിക്കൊണ്ടിരിക്കുന്നു. ഇതുവരെ ഏകദേശം 54 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. കൊവിഡ് കാലത്ത് 2,500 രൂപ നൽകുന്ന മറ്റൊരു വാർഷിക പദ്ധതിയും നടപ്പാക്കിയിരുന്നു. സ്ഥിരമായി മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന 95 രോഗികൾക്ക് 2,500 രൂപവീതം അഞ്ചു മാസം ധനസഹായം നൽകി. ലക്ഷദ്വീപിൽ സംഘടനയുടെ നേതൃത്വത്തിൽ നാലു ലക്ഷം രൂപ ചെലവഴിച്ച് ഡയാലിസിസ് മെഷീൻ സ്ഥാപിച്ചിരുന്നു. നിലവിൽ സഹചാരിയുടെ നേതൃത്വത്തിൽ മാർച്ച് 10 മുതൽ ഏപ്രിൽ 10 വരെ 1,000 കാൻസർ രോഗികൾക്ക് പ്രത്യേക സഹായം പ്രഖ്യാപിച്ച് ഓൺലൈൻ അപേക്ഷ സ്വീകരിച്ചു വരികയാണ്.
ഇങ്ങനെ വിവിധങ്ങളായ തലങ്ങളിൽ കൃത്യമായി ഇടപെട്ട് മുന്നേറുകയാണ് സഹചാരി റിലീഫ് സെൽ. മുൻഗാമികൾ പകർന്നുതന്ന മാർഗം തന്നെയാണ് ഇന്നും മുതൽക്കൂട്ടാവുന്നത്. വിശുദ്ധ ഇസ്‌ലാം മനുഷ്യനെ ഉൽകൃഷ്ഠമായ സന്മാർഗ ഗുണങ്ങളാൽ അലങ്കരിക്കുകയും ദുസ്വഭാവങ്ങളിൽ നിന്ന് മുക്തരാക്കുകയും ചെയ്യുന്നു. മറ്റുള്ളവരെ അടിമയാക്കാനും അഹങ്കരിക്കാനും വേണ്ടിയല്ല ഒരുവിഭാഗം ജനങ്ങൾക്ക് സമ്പത്തും അധികാരവും നൽകിയത്. ആ സമ്പത്തും അധികാരവും സഹജീവികൾക്ക് കൈമാറണമെന്നാണ് ഇസ്‌ലാമിക താൽപര്യം. 'നിങ്ങളെ ഭൂമിയിൽ പ്രതിനിധികളാക്കിയതും നിങ്ങളിൽ ചിലർക്ക് ചിലരെക്കാൾ ഉയർന്ന പദവി നൽകിയതും അവൻ തന്നെയാകുന്നു. നിങ്ങൾക്കു നൽകിയിട്ടുള്ള സമ്പത്തിൽ നിങ്ങളെ പരീക്ഷിക്കുന്നതിനു വേണ്ടിയത്രെ അത്. നിസ്സംശയം ശിക്ഷ നൽകുന്നതിലും വളരെ വേഗതയുള്ളവനാകുന്നു നാഥൻ. അവൻ അത്യധികം മാപ്പരുളുന്നുവനും ദയാപരനും കൂടിയാകുന്നു (വിശുദ്ധ ഖുർആൻ). അതുകൊണ്ടുതന്നെ അല്ലാഹു നൽകിയ സമ്പത്തിൽനിന്ന് നല്ലതിലേക്ക് ചെലവഴിക്കാൻ സന്നദ്ധരാകേണ്ടതുണ്ട്.
ഇന്ന് കേരളത്തിനുള്ളിലും പുറത്തേക്കും ആതുരസേവന രംഗത്ത് സാധാരണക്കാരുടെ അത്താണിയായി മാറുകയാണ് സഹചാരി. മാറാവ്യാധികൾകൊണ്ട് പ്രയാസമനുഭവിക്കുന്ന നിർധനരായ കുടുംബങ്ങൾക്ക് സഹചാരിയുടെ സഹായം വലിയൊരു ആശ്വാസമാണ്. എല്ലാ വർഷവും റമദാനിലെ ആദ്യ വെള്ളിയാഴ്ച പള്ളികളിലും വിവിധ കേന്ദ്രങ്ങളിലുമായി നടത്തുന്ന ഫണ്ട് ശേഖരണം മാത്രമാണ് സഹചാരിയുടെ ഏക വരുമാനം. ഈ വരുമാനം കൊണ്ടാണ് ഇത്രയും പേർക്ക് സഹചാരി ആശ്വാസം പകരുന്നത്. അതുകൊണ്ട് ഇന്നു നടക്കുന്ന ഫണ്ട് ശേഖരണത്തിൽ നാട്ടിലും മറുനാട്ടിലുമുള്ള എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന
പ്രസിഡന്റ് ആണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."