HOME
DETAILS

ഉപയോക്താക്കളെ ഷോക്കടിപ്പിക്കുന്നു; കെ.എസ്.ഇ.ബി പോര്

  
backup
April 07 2022 | 19:04 PM

editorial-446532596-2111

കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ നേതാവായ വനിതാ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് ചെയർമാനും അസോസിയേഷനും തമ്മിൽ തുടങ്ങിയ പോര് തുടരുകയാണ്. ഇതുകാരണം ഉപയോക്താക്കളാണ് വലയുന്നത്. സി.പി.എം അനുകൂല സംഘടനയായ ഓഫിസേഴ്സ് അസോസിയേഷൻ നേതാവും എക്സിക്യുട്ടീവ് എൻജിനീയറുമായ ജാസ്മിൻ ബാനുവിനെ ചെയർമാൻ ബി. അശോക് സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് അസോസിയേഷൻ സത്യഗ്രഹസമരം തുടങ്ങിയത്. സമരത്തിനെതിരേ ചെയർമാൻ ഡയസ്നോൺ പ്രഖ്യാപിച്ചപ്പോൾ പ്രതികരിച്ച അസോസിയേഷൻ പ്രസിഡന്റ് എം.ജി സുരേഷ് കുമാറിനെ സസ്പെൻഷനിലും നിർത്തി. സുരേഷ് കുമാർ ബോർഡ് യോഗത്തിലേക്ക് അതിക്രമിച്ചു കയറിയതിനാണ് സസ്പെൻഡ് ചെയ്തതെന്നാണ് ചെയർമാൻ പറയുന്നത്. ഇതോടെ ചെയർമാനും സി.പി.എം അനുകൂല സംഘടനകളും തമ്മിലുള്ള പോര് അതിന്റെ പാരമ്യതയിൽ എത്തിയിരിക്കുകയാണ്.

പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണേണ്ട വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയാകട്ടെ തലസ്ഥാനത്തില്ല. അദ്ദേഹം കാഴ്ചക്കാരന്റെ റോളിലാണിപ്പോൾ. 12നു തലസ്ഥാനത്ത് എത്തിയിട്ട് പ്രശ്നങ്ങൾ പരിശോധിക്കുമെന്നും ചെയർമാനുമായി വിശദമായി ചർച്ച ചെയ്യുമെന്നുമാണ് മന്ത്രി പറയുന്നത്. അതുവരെ ജനങ്ങൾ ദുരിതം സഹിക്കട്ടെയെന്നാണോ ?

ചെയർമാനും സംഘടനകളും തമ്മിൽ നടത്തിക്കൊണ്ടിരിക്കുന്ന പോരിന്റെ തിക്തഫലം അനുഭവിച്ചു കൊണ്ടിരിക്കുന്നത് ഉപയോക്താക്കളാണ്. ചെയർമാനെ ഒഴിവാക്കണമെന്ന സംഘടനകളുടെ ആവശ്യം അംഗീകരിക്കാൻ മന്ത്രി തയാറല്ല. 15 വർഷത്തിനുശേഷം വൈദ്യുതി ബോർഡിനു 600 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടായ വർഷമാണിതെന്നാണ് ചെയർമാനെ നിലനിർത്താനുള്ള കാരണമായി മന്ത്രി പറയുന്നത്.

വൈദ്യുതി ബോർഡിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ എൽ.ഡി.എഫ് നേതൃത്വം വൈദ്യുത മന്ത്രിയുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും പോര് മുറുകുകയാണുണ്ടായത്. വൈദ്യുതി ബോർഡിലെ ജീവനക്കാർക്കും ചെയർമാനും ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകുന്നത് ജനങ്ങളുടെ നികുതി പണമുപയോഗിച്ചാണെന്ന് സമരം ചെയ്യുന്നവരും, അവരെ പ്രകോപിച്ചു കൊണ്ടിരിക്കുന്ന ചെയർമാനും ഓർക്കുന്നില്ല. പൗരനു നൽകേണ്ട സേവനത്തിൽ നിന്നും ഉദ്യോഗസ്ഥരും തൊഴിലാളികളും ഒഴിഞ്ഞു മാറുന്നത് ന്യായീകരിക്കാവുന്നതല്ല.

നേരത്തെ, വൈദ്യുതി പോയാൽ അതിവേഗം പുനഃസ്ഥാപിക്കപ്പെട്ടിരുന്നു. ആ സ്ഥാനത്തിപ്പോൾ മണിക്കൂറുകൾ കഴിഞ്ഞാലും വൈദ്യുതി വിതരണം സുതാര്യമായി നടക്കുന്നില്ല. സംസ്ഥാനത്തിപ്പോൾ കാറ്റും മഴയുമുണ്ട്. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വൈദ്യുതി വിതരണം നിലച്ചിട്ടുണ്ട്. മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. ഇതുമൂലം പല സ്ഥലങ്ങളിലും ഇനിയും വൈദ്യുതി തടസം ഉണ്ടായേക്കാം. തടസം വന്ന സ്ഥലങ്ങളിലാകട്ടെ വൈദ്യുതി വിതരണം മണിക്കൂറുകൾ പിന്നിട്ടിട്ടും പുനഃസ്ഥാപിച്ചില്ല. സംസ്ഥാനാടിസ്ഥാനത്തിൽ പരാതി സ്വീകരിക്കുന്ന സെല്ലിൽ വിളിച്ചു പറയാമെന്ന് കരുതിയാൽ അവിടെ കേൾക്കാൻ ആളില്ല. രാത്രി സമയത്ത് അടിയന്തര പരാതി പറയുവാൻ സെക്ഷൻ ഓഫിസിൽ വിളിച്ചാൽ അവിടെയും ആളില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. രാത്രി വൈകിയുണ്ടാകുന്ന ലൈനുകളിലെ തകരാറുകൾ പരിഹരിക്കാൻ അപകടകരമായ നിലയിൽ ജോലി ചെയ്യേണ്ടതില്ലെന്നാണ് ബോർഡിലെ ചട്ടം. എന്നാൽ തൊഴിലാളികൾ ഈ ചട്ടമൊന്നും നോക്കാതെ രാത്രി സമയങ്ങളിലും അപകടകരമായ ജോലി നിർവഹിച്ചു പോന്നിരുന്നു. കെ.എസ്.ഇ.ബിയിൽ 70 ശതമാനം ഉദ്യോഗസ്ഥരും തൊഴിലാളികളും സി.പി.എം അനുകൂല സംഘടനകളായ ഓഫിസേഴ്സ് അസോസിയേഷനിലും സി.ഐ.ടി.യുവിലും അംഗങ്ങളാണ്. ഇത് ഹിതപരിശോധനയിൽ വ്യക്തമായതുമാണ്. ഓഫിസേഴ്സ് അസോസിയേഷൻ ചെയർമാനുമായി കൊമ്പുകോർക്കുമ്പോൾ അത്രമേൽ കാര്യക്ഷമതയോടെ ജോലി ചെയ്യേണ്ടെന്ന മനോഭാവത്തിലാണ് തൊഴിലാളികളും. വൈദ്യുതി ഇല്ലെങ്കിൽ ചെയർമാൻ പോസ്റ്റിൽക്കയറി ശരിയാക്കട്ടെ എന്ന നിലപാടിലാണ് ഭൂരിപക്ഷം തൊഴിലാളികളും ഇപ്പോഴുള്ളത്. പ്രതിപക്ഷ പാർട്ടിയിലുള്ളവർ തൊഴിലാളി സംഘടനകളിലും ഓഫിസേഴ്സ് സംഘടനകളിലും കുറവായതിനാൽ അവർ കാഴ്ചക്കാരുടെ കൂട്ടത്തിലാണുള്ളത്.

രോഗികളും എസ്.എസ്.എൽ.സി പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന വിദ്യാർഥികളുമാണ് ഈ പോരിൽ വലയുന്നതെന്ന് സമരം ചെയ്യുന്ന സംഘടനകളും ചെയർമാനും ഓർക്കുന്നില്ല. ഇൻസുലിൻ പോലുള്ള മരുന്നുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതുണ്ട്. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുമ്പോൾ അത്തരം മരുന്നുകൾ ഉപയോഗശൂന്യമാകും. ശ്വാസതടസം നേരിടുന്ന രോഗികൾക്ക് നെബുലൈസേഷൻ അത്യന്താപേക്ഷിതമാണ്. ഇതിന് വൈദ്യുതി ആവശ്യമുണ്ട്. മെഡിക്കൽ ഷോപ്പുകളിലെ ഫ്രിഡ്ജുകളിൽ സൂക്ഷിക്കുന്ന ജീവൻരക്ഷാഔഷധങ്ങൾ വൈദ്യുതിയുടെ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന മുടക്കത്തിൽ സ്വാഭാവികമായും ഉപയോഗ ശൂന്യമാകും. അത്യുഷ്ണം കൊണ്ട് കൊച്ചുകുട്ടികൾ പോലും പ്രയാസപ്പെട്ടുകൊണ്ടിരിക്കുമ്പോൾ ഫാനുകൾ പ്രവർത്തിപ്പിക്കാനാവാതെ വീട്ടുകാർ കഷ്ടപ്പെടുകയാണ്. രാപകൽ ഭേദമില്ലാതെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ ഇപ്പോൾ മെല്ലെപ്പോക്കിലായതാണ് ഇതിന്റെയെല്ലാം അടിസ്ഥാന കാരണം. ചെയർമാനുമായി ഇടഞ്ഞ ഓഫിസേഴ്സ് അസോസിയേഷനു തൊഴിലാളികളുടെ സംഘടനയായ സി.ഐ.ടി.യുവിൽ നിന്നും കിട്ടിയ പിന്തുണയാണ് വൈദ്യുതിലൈനുകളിലെ സേവന ജോലികൾ ഇഴയാൻ കാരണമായത്.

സെക്രട്ടേറിയറ്റിന്റെ ചുമതലയുണ്ടായിരുന്ന ജാസ്മിൻ ബാനു അവധിക്ക് അപേക്ഷിക്കുകയോ, ചുമതല കൈമാറുകയോ ചെയ്യാതെ സ്ഥലം വിട്ടതിനെ തുടർന്നാണ് അവരെ ചെയർമാൻ സസ്പെന്റ് ചെയ്തത്. ജാസ്മിൻ ബാനു കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ. രമ്യമായി തീർക്കാമായിരുന്ന ഒരു പ്രശ്നമാണിപ്പോൾ വലിച്ച് നീട്ടി ബഹുഭൂരിപക്ഷം വരുന്ന ഉപയോക്താക്കളെ കഷ്ടത്തിലാക്കിയിരിക്കുന്നത്. വിദ്യാർഥികളും രോഗികളും അടക്കമുള്ള ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ മനസിലാക്കി ഇരു വിഭാഗവും വിട്ടുവീഴ്ചക്ക് തയാറായി പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കുകയാണ് വേണ്ടത്. പ്രശ്നം പരിഹരിക്കാൻ പന്ത്രണ്ടാം തീയതി വരെ കാത്തിരിക്കാതെ ചർച്ചയ്ക്ക് മുൻകൈ എടുക്കേണ്ട ബാധ്യത മന്ത്രി കെ. കൃഷ്ണൻ കുട്ടിക്കുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago