വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പരസ്പരം ഇംഗ്ലീഷിലല്ല ഹിന്ദിയിലാണ് സംസാരിക്കേണ്ടത്- അമിത് ഷാ
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പരസ്പരം സംസാരിക്കുമ്പോള്‍ ആശയ വിനിമയത്തിന് ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാങ്വേജ് കമ്മിറ്റിയുടെ 37ആം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ.
'ഭരണ ഭാഷയായി ഹിന്ദിയെ മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഈ നീക്കം തീര്‍ച്ചയായും ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിന് ഒദ്യോഗിക ഭാഷയെ ഉപയോഗപ്പെടുത്തേണ്ട സമയം വന്നിരിക്കുകയാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ അത് ഇന്ത്യയുടെ ഭാഷയിലായിരിക്കണം' അമിത് ഷാ പറഞ്ഞു.
എന്നാല്‍ പ്രാദേശിക ഭാഷകളെക്കുറിച്ചല്ലെന്നും ഇംഗ്ലീഷിന് പകരമായാണ് ഹിന്ദിയെ സ്വീകരിക്കേണ്ടതെന്നും അമിത് ഷാ വ്യക്തമാക്കി. പ്രാദേശിക ഭാഷകളിലെ വാക്കുകള്‍ സ്വീകരിച്ച് ഹിന്ദി ഭാഷ കൂടുതല്‍ ലളിതമാക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു.
ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഹിന്ദിയില്‍ പ്രാഥമിക പരിജ്ഞാനം നല്‍കണം. ഹിന്ദി പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണം. മന്ത്രിസഭാ അജണ്ടയുടെ 70 ശതമാനവും ഇപ്പോള്‍ ഹിന്ദിയിലാണ് തയ്യാറാക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എട്ട് സംസ്ഥാനങ്ങളിലായി 22,000 ഹിന്ദി അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും മേഖലയിലെ ഒമ്പത് ആദിവാസി സമൂഹങ്ങള്‍ അവരുടെ ഭാഷകളുടെ ലിപികള്‍ ദേവനാഗരിയിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതി ഉയരുന്നതിനിടെയാണ് അമിത് ഷായുടെ പുതിയ പരാമര്‍ശം. പ്രതിപക്ഷം ഇക്കാര്യത്തില്‍ കേന്ദ്രത്തെ രൂക്ഷമായി നേരത്തെ തന്നെ വിമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയുടെ നാനാത്വത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണെന്ന് സിപിഎം വിമര്‍ശിച്ചു. ഭരണഘടനയുടെ 29ആം അനുച്ഛേദം ഒന്നിലധികം ഭാഷകളെ ബഹുമാനിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസും ഓര്‍മ്മിപ്പിച്ചു. ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
അമിത് ഷായാണ് ഒഫീഷ്യല്‍ ലാങ്വേജ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍. ബിജെഡി നേതാവ് ബി മഹ്തബാണ് വൈസ് ചെയര്‍പേഴ്‌സണ്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."