ആരോഗ്യപ്രവര്‍ത്തകരുടെ ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ത്തരുത്
ജീവന്‍ പണയംവച്ച് കൊവിഡ് പ്രതിരോധപ്രവര്‍ത്തന രംഗത്ത് രാവും പകലും വ്യത്യാസമില്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ കഠിനമായി ജോലി ചെയ്തതിന്റെ ഫലമായിട്ടായിരുന്നു സംസ്ഥാനത്ത് മരണനിരക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത്. 2020 മുതല്‍ രാജ്യത്ത് കൊറോണ വൈറസ് പടരാന്‍ തുടങ്ങിയിരുന്നു. കേരളവും അതില്‍നിന്ന് മുക്തമായിരുന്നില്ല. എങ്കിലും സംസ്ഥാനത്ത് മരണനിരക്ക് കുറച്ചുകൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞു. മതിയായ വിശ്രമമില്ലാതെ, ഭക്ഷണമില്ലാതെ, കുടുംബങ്ങളില്‍ നിന്നകന്ന് ധരിച്ചാല്‍ ശരീരം വേവുന്ന പി.പി.ഇ കിറ്റുമിട്ട് മണിക്കൂറുകളോളം ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരോട് രാജ്യം കടപ്പെട്ടിരിക്കുന്നു.
ആ കടപ്പാടിന്റെ ചെറിയൊരംശം മാത്രമേ ആകുന്നുണ്ടായിരുന്നുള്ളൂ അവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇന്‍ഷുറന്‍സ് പദ്ധതി. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവന്‍ നഷ്ടമാകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ളതായിരുന്നു 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് (പി.എം.ജി.കെ.പി ) പദ്ധതിക്ക് കീഴിലായിരുന്നു ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പില്‍ വരുത്തിയത്. എന്നാല്‍, ഇപ്പോള്‍ ഈ പദ്ധതി ഒരു കാരണവുമില്ലാതെ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കിയതിനാലാണത്രെ ഇന്‍ഷുറന്‍സ് നിര്‍ത്തലാക്കിയത്. എന്തൊരു നിരര്‍ഥകമായ വാദമാണിത്.
കൊവാക്‌സിന്‍ ആദ്യ ഡോസ് എടുത്താല്‍ നാല്‍പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ട് രണ്ടാം ഡോസ് എടുക്കണം. രണ്ട് ഡോസ് എടുത്താലും ശരീരത്തില്‍ പ്രതിരോധശേഷി ഉണ്ടാവാന്‍ പിന്നെയും സമയംപിടിക്കും. ഇതൊക്കെയാണെങ്കിലും കൊവിഡ് വരാനുള്ള സാധ്യത ഇല്ലാതാകുന്നില്ല.
വന്നാല്‍ മാരകമായിത്തീരാതിരിക്കാനാണ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. ഇതിന്റെ പേരില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കുന്നത് അവരോട് ചെയ്യുന്ന ക്രൂരതയാണ്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ത്തലാക്കിയതിനെതിരേ രാജ്യ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുകയുണ്ടായി. ഇതേത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അടവ് മാറ്റിയിരിക്കുകയാണ്. പദ്ധതി നിര്‍ത്തിയിട്ടില്ലെന്നും സമാന പദ്ധതിക്കായി ചര്‍ച്ച തുടരുകയാണെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഇപ്പോഴത്തെ വിശദീകരണം. മാര്‍ച്ച് 24ന് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ കത്തില്‍ ഇന്‍ഷുറന്‍സ് നിര്‍ത്തുന്ന കാര്യം സൂചിപ്പിച്ചിരുന്നു എന്നാണ് മന്ത്രാലയം നല്‍കുന്ന വിശദീകരണം.
പദ്ധതി നിര്‍ത്തിയിട്ടില്ലെന്നും നേരത്തെ മൂന്നു തവണ നീട്ടിയതുപോലെ പദ്ധതി തുടരുമെന്നും ആരോഗ്യമന്ത്രാലയം ഇപ്പോള്‍ വിശദീകരിക്കുന്നതെങ്ങനെയാണ് വിശ്വസിക്കുക. മാര്‍ച്ച് 24ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം അയച്ച കത്തിനെ സംബന്ധിച്ച് ഒരു വിശദീകരണവും ഇതുവരെ നല്‍കിയിട്ടില്ലെന്നോര്‍ക്കണം. ഇതില്‍നിന്നുതന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചു എന്നത് ഉറപ്പാണ്. സംസ്ഥാനങ്ങള്‍ക്കയച്ച കത്തുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കാത്തിടത്തോളം സര്‍ക്കാരിന്റെ ഇപ്പോഴത്തെ വിശദീകരണങ്ങളൊന്നും മുഖവിലക്കെടുക്കാനാവില്ല.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെ എന്തെങ്കിലും അപകടമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ അവരുടെ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിരുന്നത്. ഇത് കൃത്യമായും യഥാവിധിയും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം 24 ന് ആരോഗ്യമന്ത്രാലയം അയച്ച സര്‍ക്കുലറില്‍ പറയുന്നത് ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ത്തലാക്കുകയാണെന്നും ഇതുവരെ 287 ക്ലെയിമുകള്‍ മാത്രമാണ് ലഭിച്ചതെന്നും ഇന്‍ഷുറന്‍സ് കമ്പനി ഈ ക്ലെയിമുകള്‍ അംഗീകരിച്ചിട്ടുണ്ടെന്നുമായിരുന്നു കേന്ദ്രആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ അയച്ച സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്. യാഥാര്‍ഥ്യം അതല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ആരോപിക്കുന്നുണ്ട്. പരിചരണങ്ങള്‍ക്കിടെ കൊവിഡ് ബാധിച്ച് 736 ഡോക്ടര്‍മാരെങ്കിലും മരിച്ചിട്ടുണ്ടെന്നും ഇവരില്‍ 287 ഡോക്ടര്‍മാര്‍ക്ക് മാത്രമാണ് 50 ലക്ഷം രൂപ നല്‍കിയിട്ടുള്ളതെന്നുമുള്ള ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ. രവി വാങ്കേക്കറുടെ ആരോപണത്തിനു ഇതുവരെ കേന്ദ്രസര്‍ക്കാരോ, ആരോഗ്യമന്ത്രാലയമോ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. മാത്രമല്ല, 2020ല്‍ രോഗം ബാധിച്ചു മരിച്ച ഡോക്ടര്‍മാരുടെ യാഥാര്‍ഥ കണക്കും ഔദ്യോഗിക വിവരങ്ങളും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും ഡോ. രവി വാങ്കേക്കര്‍ ആരോപിക്കുന്നുണ്ട്.
2020 മാര്‍ച്ച് 26നു കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച പദ്ധതി ആദ്യം 90 ദിവസത്തേക്ക് നടപ്പിലാക്കുകയും പിന്നീട് ഒരു വര്‍ഷത്തേക്ക് നീട്ടുകയും ചെയ്തുവെങ്കിലും സേവനത്തിനിടയില്‍ ജീവത്യാഗം ചെയ്ത പല ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. 2020 ജൂണ്‍ എട്ടിന് ഡല്‍ഹിയില്‍ വ്യാജ പി.പി.ഇ കിറ്റുകള്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ഇങ്ങനെ മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാതെ കൊവിഡിനോട് പൊരുതി മരണപ്പെടുന്ന ആരോഗ്യരംഗത്തെ ശുചീകരണത്തൊഴിലാളികള്‍ മുതല്‍ ഡോക്ടര്‍മാര്‍ക്ക് വരെ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ഓരോ കാരണങ്ങള്‍ നിരത്തി നിഷേധിക്കുന്നതിനിടയിലാണ് പദ്ധതി തന്നെ നിര്‍ത്തുന്ന ദയാരഹിതമായ കേന്ദ്രസര്‍ക്കാര്‍ നടപടി. മനുഷ്യത്വത്തിന്റെ വിലയറിയാത്ത ക്രൂരമായ നടപടിയായിപ്പോയി അത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ത്തലാക്കുകയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."