HOME
DETAILS
MAL
സഹജീവി സ്‌നേഹത്തിന്റെ നിറമുള്ള നോമ്പോര്‍മ
backup
April 20 2021 | 23:04 PM
ജീവിതത്തില്‍ തന്നെ ഒരിക്കലും മറക്കാന്‍ പറ്റാത്ത നോമ്പ് ആയിരുന്നു പത്തു വര്‍ഷം മുന്‍പ് ഞാന്‍ തപാല്‍ വകുപ്പില്‍ ജോലിക്കു കയറിയ വര്‍ഷത്തെ നോമ്പുകാലം. വയനാട് മാനന്തവാടിയാണെന്റെ സ്വദേശം. 2010ല്‍ മൈസൂരുവിലെ ട്രൈനിങും കഴിഞ്ഞ് കോഴിക്കോട് കല്ലായി പോസ്റ്റ് ഓഫിസില്‍ ഏഴ് ദിവസത്തെ പരിശീലനം കൂടി ബാക്കി ഉണ്ടായിരുന്നു. അന്നെനിക്ക് 18 വയസ് പ്രായം. പുറത്ത് പോയി താമസിച്ച് പരിചയമൊന്നും ഉണ്ടായിരുന്നില്ല. നോമ്പ് കാലത്തു എവിടെ താമസിക്കും എന്നോര്‍ത്തു വിഷമിക്കുകയായിരുന്നു ഞാന്‍. ആ സമയം എന്റെ കൂടെ ട്രൈനിങിന് ഉണ്ടായിരുന്ന അശ്വജ് ശിവദാസ് എന്റെ പ്രയാസം മനസിലാക്കി എനിക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ അവന്റെ വീട്ടില്‍ നില്‍ക്കാം എന്നറിയിച്ചു.
ഫറോക്ക് ആയിരുന്നു അവന്റെ വീട്. അവിടെ ആവുമ്പോള്‍ കല്ലായി ഓഫിസില്‍ സൗകര്യത്തില്‍ എത്താനും സാധിക്കും. അങ്ങിനെ ഞാന്‍ അവന്റെ വീട്ടില്‍ പോയി എനിക്ക് നിസ്‌കരിക്കാനും പ്രാര്‍ഥിക്കാനും എല്ലാ സൗകര്യവും അവന്റെ വീട്ടുകാര്‍ ചെയ്തു തന്നു. അവരുടെ പൂജാ മുറിക്ക് ഇപ്പുറത്ത് നിന്ന് ഒരു മുസ്‌ലിം നിസ്‌കരിക്കുന്നതിന് ഒരു പ്രയാസവും അവര്‍ക്കുണ്ടായിരുന്നില്ല എന്ന് മാത്രമല്ല എനിക്ക് നോമ്പ് തുറക്കാന്‍ ഉള്ള വിഭവങ്ങള്‍ വീട്ടില്‍ ഉമ്മ തയ്യാര്‍ ചെയ്തു തരും പോലെ ആ അമ്മ എനിക്ക് വേണ്ടി ഉണ്ടാക്കി തന്നു. പത്തിരിയും പൂരിയും ചിക്കനും കഞ്ഞിയും എല്ലാം ഉണ്ടാവും. നോമ്പ് തുറന്നു ഞാന്‍ നിസ്‌കരിക്കും. ആസമയം അവര്‍ സന്ധ്യാ പ്രാര്‍ഥനയില്‍ ആയിരിക്കും. ഒരുമുറിയില്‍ ഗീതയും അടുത്ത മുറിയില്‍ ഖുര്‍ആനും. എനിക്ക് പുലര്‍ച്ചെ നോമ്പ് എടുക്കാനുള്ള ഭക്ഷണവും കൂടി പാകം ചെയ്ത് വെച്ചിട്ടെ അമ്മ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. ഏറെ സ്‌നേഹത്തോടെ അതിലുപരി നോമ്പെടുക്കുന്നത് കൊണ്ട് തന്നെ വളരെ ആദരവോടെ അവന്റെ കുടുംബവും അച്ഛനും അമ്മയും എന്നെ സല്‍ക്കരിച്ചു.
ഏഴ് ദിവസം മാത്രമേ എനിക്ക് അവിടെ നില്‍ക്കേണ്ടി വന്നുള്ളൂ. പക്ഷെ ഒരു റമദാന്‍ മാസം മുഴുവന്‍ എന്നെ നോമ്പ് തുറപ്പിക്കാന്‍ ആ കുടുംബം തയ്യാറായിരുന്നു. ഇത്തരത്തില്‍ ഒരു നോമ്പ് ഓര്‍മ തന്ന അമ്മയെയും കുടുംബത്തെയും ഒരിക്കലും മറക്കാന്‍ സാധിക്കില്ല. പ്രത്യേകിച്ച് വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഈ കാലത്ത്. ഏഴ് ദിവസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ എനിക്ക് പോസ്റ്റിങ് ലഭിച്ചത് മുക്കം പോസ്റ്റ് ഓഫിസില്‍ ആയിരുന്നു. അപ്പോഴും റമദാന്‍ തീര്‍ന്നിട്ടില്ലായിരുന്നു. അസര്‍ നിസ്‌കാരത്തിന് ശേഷമായിരുന്നു ഞാന്‍ മുക്കം പള്ളിയില്‍ ഉപ്പാന്റെ കൂടെ എത്തിയത്. ബാഗും കെട്ടും ഒക്കെ ആയി ഒരു പയ്യനെ കണ്ടപ്പോള്‍ തന്നെ പള്ളിയിലെ ഉസ്താദും മഹല്ലിലെ ഒരു കാരണവരും ഞങ്ങളോട് വിവരം ആരാഞ്ഞു. വയനാട്ടില്‍ ആണ് വീടെന്നും ഇവിടെ പോസ്റ്റ് ഓഫിസില്‍ പുതുതായി വന്ന ക്ലാര്‍ക്ക് ആണെന്നും പറഞ്ഞു. റമദാന്‍ തീരുംവരെ ഇനി വേറെ റൂം ഒന്നും നോക്കേണ്ട എന്നും അതുവരെ പള്ളിയില്‍ തന്നെ താമസിക്കാമെന്നും ഉസ്താദും മുക്കം മഹല്ല് കമ്മിറ്റി ഭാരവാഹികളും സന്തോഷത്തോടെ പറഞ്ഞു. ഇനിയുള്ള ദിവസം നോമ്പ് തുറയും അത്താഴവും പള്ളിയുടെ തൊട്ടടുത്തുള്ള എന്റെ വീട്ടില്‍ ഉണ്ടാവുമെന്നും സ്വന്തം വീട് പോലെ കരുതി വരണമെന്നും പ്രായം ചെന്ന ഒരു കാരണവരും പറഞ്ഞു. അന്‍സാരി ഹാജി എന്ന ആ മനുഷ്യന്‍ തന്റെ പേരിനെ അന്വര്‍ഥമാക്കുമ്പോലെ തന്നെ ആ നോമ്പ് കാലം ദിവസങ്ങളോളം അവരുടെ വീട്ടില്‍ സല്‍കരിച്ചു. കോഴിക്കോടുകാരുടെ ജാതി മത ഭേദമന്യേയുള്ള യഥാര്‍ഥ സ്‌നേഹമായിരുന്നു ആ റമദാനില്‍ എനിക്ക് അനുഭവിക്കാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."