ക്ലബ് ലോകകപ്പ്: റയല്‍ മാഡ്രിഡ് ഫൈനലില്‍; അല്‍ ഹിലാലിനെ നേരിടും
റബാത്ത്: യൂറോപ്യന്‍ ചാംപ്യന്മാരായ റയല്‍ മാഡ്രിഡ് ഫിഫ ക്ലബ് ലോകകപ്പ് ഫൈനലില്‍. മോറോക്കോയുടെ തലസ്ഥാന നഗരിയില്‍ നടന്ന സെമിഫൈനലില്‍ ഈജിപ്തിന്റെ അല്‍ അഹ്ലിയെ 4-1 നാണ് സ്പാനിഷ് ക്ലബ് കെട്ടുകെട്ടിച്ചത്. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ റയല്‍ മാഡ്രിഡ് സഊദി അറേബ്യയുടെ അല്‍ ഹിലാലിനെ നേരിടും.
പ്രിന്‍സ് മൗലേ അബ്ദല്ല സ്റ്റേഡിയത്തില്‍ 42ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറാണ് റയല്‍ മാഡ്രിഡിനായി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളില്‍ ഫെഡറിക്കോ വാല്‍വെര്‍ഡെയുടെ ഗോളിലൂടെ സ്പാനിഷ് ടീം ലീഡ് ഇരട്ടിയാക്കി. 65ാം മിനിറ്റില്‍ അല്‍ അഹ്ലിയുടെ അലി മാലൂല്‍ പെനാല്‍റ്റി കിക്ക് ഗോളാക്കി മാറ്റി. ഇഞ്ചുറി ടൈമില്‍ റോഡ്രിഗോയും സെര്‍ജിയോ അരിബാസും നേടിയ ഗോളില്‍ റയല്‍ മാഡ്രിഡ് 4-1ന് ജയിച്ചുകയറുകയായിരുന്നു.
ചൊവ്വാഴ്ച ബ്രസീലിയന്‍ ക്ലബ് ഫ്ലെമെംഗോയെ 3-2ന് പരാജയപ്പെടുത്തിയാണ് അല്‍ ഹിലാല്‍ ഫൈനലിലെത്തിയത്. 2014, 2016, 2017, 2018 വര്‍ഷങ്ങളില്‍ റയല്‍ മാഡ്രിഡ് ക്ലബ് ലോകകപ്പ് കിരീടം നേടിയിരുന്നു.
അതേ ദിവസം, ഫൈനലിന് മുമ്പ് നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ അല്‍ അഹ്ലി ഫ്ലെമെംഗോയ്ക്കെതിരേ കളിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."