HOME
DETAILS
MAL
വാക്‌സിന്‍ വിതരണം അവതാളത്തില്‍
backup
April 21 2021 | 01:04 AM
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിനും ഓക്‌സിജനും വിതരണംചെയ്ത വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. വാക്‌സിന്‍ കൈകാര്യംചെയ്യുന്നത് സംബന്ധിച്ച ആസൂത്രണത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായത് പാളിപ്പോയ ആസൂത്രണമാണ്. സ്ഥിതിഗതികള്‍ മുന്‍കൂട്ടി കാണാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ല. റോക്കറ്റ് സയന്‍സ് പോലുള്ള അതിസങ്കീര്‍ണമായ വിഷയമല്ല വാക്‌സിന്‍ വിതരണമെന്നും ജസ്റ്റിസ് വിപിന്‍ സാംഗി, രേഖ പല്ലി എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. എ.എ.പി ഭരിക്കുന്ന ഡല്‍ഹിയോട് കേന്ദ്രസര്‍ക്കാര്‍ വിവേചനം കാട്ടുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഡിവിഷന്‍ ബെഞ്ച്.
രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുകയും ദൗര്‍ലഭ്യംമൂലം ചിലസംസ്ഥാനങ്ങളില്‍ കേന്ദ്രങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിനിടെ 44.78 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ പാഴായെന്ന വിവരാവകാശ രേഖ പുറത്തുവന്നതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടി. 44 ലക്ഷം ഡോസുകള്‍ പാഴായിപ്പോയെന്നത് തന്നെ ആസൂത്രണത്തിലെ പിഴവിന് തെളിവാണെന്ന് കോടതി പറഞ്ഞു.
ഹരജി പരിഗണിക്കുന്നതിനിടെ രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നത് കുറയ്ക്കണമെന്ന് ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കുമേല്‍ സമ്മര്‍ദമുള്ളതായി ശ്രദ്ധയില്‍പ്പെട്ട കാര്യവും ഡിവിഷന്‍ ബെഞ്ച് കേന്ദ്രത്തെ അറിയിച്ചു. ഇതോടെ വ്യാഴാഴ്ച മുതല്‍ വ്യാവസായിക ആവശ്യത്തിന് ഓക്‌സിജന്‍ ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ചൊവ്വാഴ്ച മുതല്‍ തന്നെ എന്തുകൊണ്ട് നിര്‍ത്തിക്കൂടാ എന്ന് കോടതി ചോദിച്ചു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഓക്‌സിജന്‍ ആവശ്യമുള്ള രോഗികളോട് വ്യാഴാഴ്ച വരെ കാത്തിരിക്കൂ എന്നു പറയാന്‍ പോവുകയാണോ നിങ്ങള്‍?- കോടതി ചോദിച്ചു.
കുത്തിവയ്പ് മുടങ്ങുന്നു
കേന്ദ്രങ്ങളില്‍
തിക്കുംതിരക്കും
തിരുവനന്തപുരം /കോട്ടയം: കൊവിഡ് വ്യാപനം കുതിക്കുന്നതിനിടെ വാക്‌സിന്‍ ക്ഷാമത്തില്‍ വലഞ്ഞ് സംസ്ഥാനം. മെഗാ ക്യാംപുകള്‍ പലതും പൂട്ടി. ഇതോടെ അവശേഷിക്കുന്ന വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ജനങ്ങള്‍ കൂട്ടത്തോടെ എത്തിയതോടെ തിക്കുംതിരക്കുമായി. പലയിടത്തും കൊവിഡ് പ്രൊട്ടോക്കോള്‍ പൂണമായും ലംഘിച്ചു. വാക്‌സിന്‍ സ്വീകരിക്കാനെത്തിയവരുടെ നീണ്ട നിരയാണ് മിക്കയിടത്തും. എന്നാല്‍ കാത്തു നിന്നതിനുശേഷം വാക്‌സിന്‍ തീര്‍ന്നതിനാല്‍ കുത്തിവയ്‌പ്പെടുക്കാന്‍ കഴിയാതെ പലരും മടങ്ങുകയാണ്. ഇത് ചിലയിടങ്ങളില്‍ ബഹളത്തിനുമിടയാക്കി.
4,72,910 ഡോസ് വാക്‌സിന്‍ മാത്രമാണ് നിലവില്‍ സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. രണ്ടു ലക്ഷം ഡോസ് ഇന്ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഒരു ദിവസം 2.5 ലക്ഷം ഡോസ് നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നതാണ് ഇപ്പോള്‍ വാക്‌സിന്‍ ഇല്ലാത്തതിനാല്‍ തിരിച്ചടിയായിരിക്കുന്നത്. സ്വകാര്യ മേഖലയിലും വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്. വാക്‌സിനേഷന്‍ മുടങ്ങിയതോടെ രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ കാത്തിരിക്കുന്നവരും ആശങ്കയിലാണ്.
തലസ്ഥാനത്തെ റീജിയനല്‍ വാക്‌സിന്‍ സ്റ്റോറില്‍ ഇനി സ്റ്റോക്കില്ല. കൊല്ലത്ത് ഇന്നലെ 16 ക്യാംപ് മാത്രമാണ് പ്രവര്‍ത്തിച്ചത്. പാലക്കാട് ഇന്നലത്തോടെ സ്റ്റോക്ക് തീര്‍ന്നു. മറ്റു ജില്ലകളില്‍ തല്‍ക്കാലത്തേക്ക് സ്റ്റോക്ക് ഉണ്ടെങ്കിലും മാസ് വാക്‌സിനേഷന്‍ വെട്ടിച്ചുരുക്കിയിരിക്കുകയാണ്.
അതിനിടെ കോട്ടയത്ത് 100ല്‍ നിന്നും വാക്‌സിന്‍ കേന്ദ്രങ്ങളുടെ എണ്ണം 32 ആയി കുറച്ചതോടെയുണ്ടായ തിക്കുംതിരക്കും ബഹളത്തിനും ഇടയാക്കി. ഒടുവില്‍ പൊലിസ് ഇടപ്പെട്ടാണ് ആളുകളെ നിയന്ത്രിച്ചത്.
ബാക്കിയുള്ള വാക്‌സിന്‍ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."