താളം തെറ്റി കൊവിഡ് വാക്‌സിന്‍ വിതരണം: കോട്ടയത്തെ കേന്ദ്രത്തില്‍ കൂട്ടയടി
കോട്ടയം: കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണവും താളം തെറ്റുന്നു. പലയിടത്തും കൊവിഡ് പ്രൊട്ടോക്കോള്‍ പൂണമായും ലംഘിക്കുകയാണ്. വാക്സിന്‍ സ്വീകരിക്കാനെത്തിയവരുടെ നീണ്ട നിരയാണ് മിക്കയിടത്തും. എന്നാല്‍ കാത്തു നിന്നശേഷം വാക്സിന്‍ തീര്‍ന്നതിനാല്‍ കുത്തിവയ്പ്പെടുക്കാന്‍ കഴിയാതെ പലരും മടങ്ങുന്നത് ബഹളത്തിനുമിടയാക്കി.
അതേ സമയം കോട്ടയത്തെ കേന്ദ്രത്തില്‍ കൂട്ടയടി നടന്നു.
കോട്ടയത്തെ ബേക്കര്‍ മെമ്മോറിയല്‍ എല്‍.പിസ്‌കൂളിലാണ് ടോക്കണു വേണ്ടി തിക്കും തിരക്കുമുണ്ടായത്. സാമൂഹ്യ അകലം പാലിക്കാതെയാണ് ആളുകള്‍ തിക്കിത്തിരക്കിയത്. രാവിലെ ആറു മണി മുതല്‍ വാക്സിനുവേണ്ടി ആളുകള്‍ സ്‌കൂളില്‍ എത്തിയിരുന്നു. കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്തവരും ധാരാളമായി ഇവിടെ എത്തിയിരുന്നു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടോക്കണ്‍ നല്‍കി. അല്ലാത്തവരോട് ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇവരെ പരിഗണിച്ചില്ല എന്നാരോപിച്ചാണ് പ്രശ്നം ആരംഭിച്ചത്.
ക്യൂവില്‍ നിന്ന ആളുകള്‍ക്ക് ടോക്കണ്‍ നല്‍കാന്‍ തുടങ്ങിയപ്പോള്‍ ക്യൂവില്‍ ഇല്ലാത്തവരും തള്ളിക്കയറി. തുടര്‍ന്ന് പോലിസ് ഉദ്യോഗസ്ഥരുമായും ജീവനക്കാരുമായും വലിയ വാക്കുതര്‍ക്കത്തിലേക്കും ബഹളത്തിലേക്കും നീങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ് ടോക്കണ്‍ വിതരണം നടത്തിയത്.
പാലക്കാട് മോയന്‍സ് എല്‍പി സ്‌കൂളില്‍ നടക്കുന്ന മെഗാ വാക്സിനേഷന്‍ ക്യാമ്പിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആയിരത്തോളം പേരാണ് രാവിലെ തന്നെ സാമൂഹ്യ അകലം പാലിക്കാതെ വരിനിന്നത്. മുതിര്‍ന്ന പൗരന്മാരാണ് ഏറെയും ഉള്ളത്.
പൊലിസ് നിര്‍ദേശിച്ചിട്ടും ആളുകളെ നിയന്ത്രിക്കാനാകുന്നില്ല. ഇതോടെയാണ് ആളുകള്‍ തമ്മിലടി തുടങ്ങിയത്. തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടം തന്നെ കൊവിഡ് പരത്തുമെന്നതാണാവസ്ഥ.
4,72,910 ഡോസ് വാക്സിന്‍ മാത്രമാണ് നിലവില്‍ സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. രണ്ടു ലക്ഷം ഡോസ് ഇന്ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഒരു ദിവസം 2.5 ലക്ഷം ഡോസ് നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നതാണ് ഇപ്പോള്‍ വാക്സിന്‍ ഇല്ലാത്തതിനാല്‍ തിരിച്ചടിയായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."