പാവങ്ങളുടെ സങ്കടം കാണാന്‍ സര്‍ക്കാരിന് താല്പര്യമില്ലെന്ന് പ്രതിപക്ഷ നേതാവ്; സാക്ഷരതാ പ്രേരകിന്റെയും ഗൃഹനാഥന്റെയും ആത്മഹത്യകള്‍ സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണം
തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് പത്തനാപുരത്ത് സാക്ഷരതാ പ്രേരകും സഹകരണ ബാങ്കിന്റെ ജപ്തിയില്‍ മനംനൊന്ത് വൈക്കത്ത് ഗൃഹനാഥനും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവം ഏറെ വേദനിപ്പിക്കുന്നത് ആണെന്ന് പ്രതികരിച്ച പ്രതിപക്ഷ നേതാവ്, സംഭവത്തിൽ സർക്കാർ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
ആറു മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പത്തനാപുരം ബ്ലോക് നോഡല്‍ പ്രേരകായിരുന്ന മാങ്കോട് സ്വദേശി ഇ.എസ്. ബിജു ആത്മഹത്യ ചെയ്തത്. ഇരുപത് വര്‍ഷമായി സാക്ഷരതാ പ്രേരകായി പ്രവര്‍ത്തിച്ചിരുന്ന ബിജു മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ ആളാണ്. ശമ്പളത്തിനു വേണ്ടി പ്രേരക്മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം 80 ദിവസം പിന്നിടുന്നതിനിടയിലാണ് ബിജുവിന്റെ മരണം. സഹകരണ ബാങ്കിന്റെ ജപ്തി ഭയന്ന് വൈക്കം തലയാഴത്ത് കാര്‍ത്തികേയനാണ് ആത്മഹത്യ ചെയ്തത്. രണ്ട് കുടുംബങ്ങളാണ് അനാഥമായതെന്ന് ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിലെ സാധാരണക്കാരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും അറിയാതെയും സംസ്ഥാനത്തിന്റെ സാമ്പത്തിക പശ്ചാത്തലം മനസിലാക്കാതെയുമാണ് ബജറ്റ് തയാറാക്കിയതെന്ന പ്രതിപക്ഷ വാദം ശരിവയ്ക്കുന്നതാണ് ഈ ആത്മഹത്യകള്‍ - അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണക്കാര്‍ കടക്കെണിയിലാണ്. പതിനായിരക്കണക്കിന് ജപ്തി നോട്ടീസുകളാണ് പ്രവഹിക്കുന്നത്. പ്രളയത്തിനും മഹാമാരിക്കും ശേഷം ജീവിക്കാനാകാത്ത സ്ഥിതിയിലാണ് ബഹുഭൂരിപക്ഷം ജനങ്ങളും. തീരദേശ, കാര്‍ഷിക, പട്ടികജാതി പട്ടികവര്‍ഗ മേഖലകളില്‍ നിന്നും നിലവിളികള്‍ മാത്രമാണ് കേള്‍ക്കുന്നത്. അവര്‍ക്ക് ന്യായമായി കിട്ടേണ്ട സാമ്പത്തിക സഹായങ്ങള്‍ പോലും സര്‍ക്കാര്‍ നിഷേധിക്കുന്നു. എല്ലാ മേഖലകളിലും സങ്കടങ്ങളാണ്.
അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ പാവങ്ങളുടെ സങ്കടം കാണാന്‍ സര്‍ക്കാരിന് സമയമോ താല്‍പര്യമോ ഇല്ല. സഹായിക്കുന്നില്ലെന്നു മാത്രമല്ല പൊതുപണം ധൂര്‍ത്തടിച്ച് അതിന്റെ ബാധ്യത കൂടി പാവങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്. ബജറ്റില്‍ ജനങ്ങളുടെ പോക്കറ്റടിക്കാന്‍ കാട്ടിയ ഉത്സാഹം പാവങ്ങളെ സഹായിക്കുന്നതിലും സര്‍ക്കാര്‍ കാട്ടണം. ജനങ്ങളുടെ പൊതുസാമ്പത്തിക അവസ്ഥ പരിഗണിച്ച് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ബാങ്കുകളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണം. ശമ്പളം കിട്ടാതെ സംസ്ഥാനത്ത് 1714 പ്രേരക്മാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. അവരുടെ വേതനവും അടിയന്തിരമായി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."