വിശ്വാസമാണ് ആശ്വാസം
വെള്ളിപ്രഭാതം
ഹനീഫ് റഹ്മാനി പനങ്ങാങ്ങര
തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിന്റെ നടുക്കത്തിലാണ് ലോകം. അതിശൈത്യത്തിന്റെയും തുടർചലനങ്ങളുടെയും പ്രതികൂല കാലാവസ്ഥയിലും ജീവന്റെ തുടിപ്പുകൾക്ക് കാതോർത്ത് രക്ഷാപ്രവർത്തനങ്ങളിൽ മുഴുകിയവർ വളരെ സാഹസപ്പെട്ട് ഒട്ടനവധി പേരെ മരണമുഖത്തുനിന്ന് രക്ഷപ്പെടുത്തുന്ന കാഴ്ചകൾ. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളിൽ കുടുംബം മുഴുവനും മരണയാത്രയായപ്പോഴും അവിടന്ന് ജീവിതയാത്രയ്ക്ക് തുടക്കംകുറിക്കാൻ ഉമ്മയിൽനിന്ന് പൊക്കിൾകൊടി അറുത്തുമാറ്റാൻ കാത്തുകിടന്ന ചോരപ്പൈതലിന്റെ ദൃശ്യം. പൊട്ടിവീഴാറായ സ്ലാബിൽ തൂങ്ങി സഹായത്തിനായി നിലവിളിക്കുന്ന പിഞ്ചോമനയ്ക്ക് സ്ഥൈര്യത്തിന്റെ തഹ്‌ലീൽ ചൊല്ലിക്കൊടുക്കുന്ന വിഡിയോയും ഇതിനിടെ വൈറലാവുകയുണ്ടായി. മരണമുഖത്തുള്ള ഭീതിയിൽനിന്നും വെപ്രാളത്തിൽ നിന്നും പ്രതീക്ഷയുടെ കരുത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വിശ്വാസത്തിനു പകരംവയ്ക്കാൻ മറ്റെന്ത് പോംവഴിയാണുള്ളത്.
ദുരന്തങ്ങളും പരീക്ഷണങ്ങളും ഐഹിക ജീവിതത്തിന്റെ സ്വാഭാവിക പ്രതിഭാസങ്ങളായി കാണുന്നവനാണ് വിശ്വാസി. സ്രഷ്ടാവിൽ പ്രതീക്ഷയർപ്പിച്ച് ക്ഷമയും സഹനവും കൈകൊള്ളുന്നവന് വലിയ വിജയമാണുള്ളത്. അതുകൊണ്ടുതന്നെ സന്തോഷങ്ങളിൽ സ്രഷ്ടാവിനു സ്തുതിയർപ്പിക്കുന്ന മനസ്സ് പരീക്ഷണഘട്ടങ്ങളിൽ ക്ഷമയിലൂടെ സന്തുലിതത്വം കൈവരിക്കുന്നു.
അല്ലാഹുവിലുള്ള വിശ്വാസബലം പകരുന്ന ധൈര്യവും സ്വസ്ഥതയും വലിയ അനുഗ്രഹമാണ്. അത് പ്രതീക്ഷയുടെയും വിജയത്തിന്റെയും വാതിലുകൾ തുറന്നിടും. ആലസ്യത്തിന്റെയും നൈരാശ്യത്തിന്റെയും നിമിത്തങ്ങളെ തടുക്കും. വിശ്വാസി സമർപ്പണം ചെയ്യപ്പെട്ടവനാണ്. സ്രഷ്ടാവിലേക്ക് സർവാത്മനാ കീഴടങ്ങിയവനാണ്. അവന്റെ വിധിയിൽ പൊരുത്തപ്പെട്ടവനാണ്. അവന് അല്ലാഹു മതി. അവന്റെ തുണയും സഹായവും മതി. ദിനേന നിസ്‌കാരങ്ങളിൽ ആവർത്തിച്ചാണയിടുന്നു: നിന്നെമാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട് മാത്രം സഹായം തേടുകയും ചെയ്യുന്നു.
ഈ പ്രപഞ്ചം പ്രതാപവാനും തന്ത്രജ്ഞനുമായ അല്ലാഹുവിന്റെ നിർമാണവും സംവിധാനവുമാണ്. അവന്റെ യുക്തിയും ശക്തിയും പ്രതിഫലിക്കുന്ന സൃഷ്ടിവകകളുടെ സമന്വയവും സമ്മേളനവുമാണിവിടം. 'അറിയുക: സൃഷ്ടിപ്പും അധികാരവും അവനുതന്നെയാണ്, ലോക രക്ഷിതാവായ അല്ലാഹു മഹത്വ പൂർണനായിരിക്കുന്നു'(അൽ അഅ്‌റാഫ്-54).
പൂർണമനസ്സോടെ, സമ്പൂർണ സംതൃപ്തിയോടെയാണ് വിശ്വാസി അല്ലാഹുവിൽ കാര്യങ്ങൾ ഏൽപിക്കുന്നത്. പാതിവഴിയിൽ അവൻ കൈയൊഴിയുമെന്ന ശങ്കയോ ഭയമോ ഇല്ലാത്തതിനാൽ വിശ്വാസി മനസ് സദാസന്തുലിതത്വം കൈവരിക്കുന്നു. 'എന്റെ കാര്യം ഞാൻ അല്ലാഹുവിങ്കലേക്ക് ഏൽപിച്ചുവിടുന്നു. തീർച്ചയായും അല്ലാഹു ദാസന്മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു(ഗാഫിർ 44). സർവശക്തനും കരുണാമയനുമായ അല്ലാഹുവിന്റെ കാര്യത്തിൽ, അവന്റെ സംരക്ഷണം ലഭ്യമാകുമെന്ന വിഷയത്തിൽ ആകുലതകളില്ലാത്ത മനസ് സമാധാനത്തിന്റെതും സ്ഥൈര്യത്തിൻ്റേതുമാണ്. അല്ലാഹു തന്നെ കൈവിട്ടുവെന്ന് വിശ്വസിക്കുന്നിടത്ത് അവന്റെ പ്രീതിയും പൊരുത്തവും വിനഷ്ടമാവും. ആ വിശ്വാസമാവും അബദ്ധവും ദുരന്തവും. നിരാശ ഒന്നും നേടിത്തരുന്നില്ല. പ്രതീക്ഷ പ്രേരണയും പ്രചോദനവുമാണ്. കൂനിന്മേൽ കുരുവായി വരുന്ന ദുരന്തങ്ങളുടെ ആവർത്തനങ്ങളിലും ദുരിതങ്ങളുടെ പരിഭ്രമണങ്ങളിലും മനസ്സിന്റെ താളം തെറ്റാതെ പ്രതീക്ഷയുടെ തിരിനാളമണയാതെ പിടിച്ചുനിൽകാനാവണം. വിധിച്ചത് വഴിയിൽ തങ്ങില്ല. എന്നാൽ വിധികൾ പര്യവസാനമല്ല. അവ പരീക്ഷണവും വിജയമാർഗവുമാണ്. അതിനാൽ ജീവിതത്തിന്റെ ഏതവസ്ഥയിലും പരമ കാരുണികനായ അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുക. ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകൾ പുലർത്തുക. ലക്ഷ്യം സാക്ഷാൽക്കരിക്കാൻ അദ്ധ്വാനിക്കുക. നന്മയുടെ വഴിയേ നടന്ന് വിജയത്തിന്റെ വാതിലുകൾ മുട്ടുക.
രോഗിയായിക്കിടക്കുന്ന യസീദ്ബ്‌നുൽ അസ്‌വദിനെ സന്ദർശിക്കാനെത്തിയ വാസിലത് ബിനിൽ അസ്ഖഅ്(റ) ചോദിച്ചു: അല്ലാഹുവിനെക്കുറിച്ച് നീ എങ്ങനെ വിചാരിക്കുന്നു? 'അല്ലാഹുവാണേ, എനിക്ക് അല്ലാഹുവിനെക്കുറിച്ച് നല്ല വിചാരമേയുള്ളൂവെന്നായിരുന്നു യസീദിന്റെ മറുപടി. അന്നേരം വാസിലത്(റ)പറഞ്ഞു: സന്തോഷിക്കുക, അല്ലാഹുവിന്റെ തിരുദൂതർ(സ)പറയുന്നത് ഞാൻകേട്ടിട്ടുണ്ട്. 'അല്ലാഹു പറയുന്നു. എന്റെ അടിമ എന്നെക്കുറിച്ച് നല്ലതുഭാവിച്ചാലും ചീത്തഭാവിച്ചാലും അവന്റെ വിചാരംകണക്കെയാണു ഞാൻ' (ഇബ്‌നുഹിബ്ബാൻ). നബി(സ)പറഞ്ഞു; 'അല്ലാഹു പറയുകയാണ്, എന്റെ അടിമ എന്നെക്കുറിച്ച് വിചാരിക്കുന്നിടത്താകുന്നു ഞാൻ. അവൻ എന്നെക്കുറിച്ച് നല്ലത് വിചാരിക്കുന്നുവെങ്കിൽ ഞാനവന് നന്മയാകും. തിന്മയാണ് വിചാരിക്കുന്നതെങ്കിലോ അപ്രകാരവും'(അഹ്മദ്).
അല്ലാഹുവിലുള്ള ദൃഢവിശ്വാസവും സത്യസന്ധമായ സമർപ്പണ മനോഭാവവും സൃഷ്ടിക്കുന്ന അത്ഭുതങ്ങൾ ചെറുതല്ല. പ്രവാചകൻമാരും സജ്ജനങ്ങളും കാത്തുസൂക്ഷിച്ച ഈ സ്വഭാവമൂല്യം വെളിച്ചവും ഊർജവുമാണ്. വിജനദേശത്ത് ഒരു ഈത്തപ്പഴക്കുടന്നയും പാനപ്പാത്രവുമൊഴികെ സാമഗ്രികളൊന്നുമില്ലാതെ പത്‌നി ഹാജറയെയും പുത്രൻ ഇസ്മാഈലിനെയും വിട്ടേച്ച് തിരിഞ്ഞുനടക്കുമ്പോൾ ഇബ്‌റാഹീമിനോട് ഭാര്യ പലവട്ടം വിളിച്ചു ചോദിച്ചു: ആരോരുമില്ലാത്ത ഈ മരുപ്രദേശത്ത് പിഞ്ചുപൈതലിനൊപ്പം എന്നെ ഉപേക്ഷിച്ച് നിങ്ങളെവിടെപ്പോകുന്നു? ഇബ്‌റാഹീം(അ)നു മറുപടി ഉണ്ടായിരുന്നില്ല. 'അല്ലാഹുവാണോ നിങ്ങളോടിത് കൽപിച്ചത്' എന്ന ചോദ്യത്തിനു മാത്രം 'അതെ' എന്നദ്ദേഹം മറുപടി നൽകി. ആ മറുപടി ഹാജറയെ ധൈര്യപ്പെടുത്താൻ പര്യാപ്തമായിരുന്നു. ആ സഹനശീല അങ്ങനെ'ഉമ്മുൽ ഖുറ'യുടെ തന്നെ മാതാവായി. അല്ലാഹുവിന്റെ സഹായം സംസമായി ഉറവെടുത്തു. മാലാഖമാരുടെ കാവലുണ്ടായി. പിന്നീട് ഇബ്‌റാഹീം (അ)മും ഇസ്മാഈൽ (അ)മും വിസ്മൃതിയിലാണ്ടു കിടന്നിരുന്ന കഅ്ബയെ നിർമിച്ചെടുത്തു. വിശ്വാസബലത്തിന്റെ ചേരുവയിൽ പണിത ആ പുണ്യഗേഹം സഹസ്രാബ്ദങ്ങൾക്കിപ്പുറവും വിശ്വാസി ലോകത്തിന്റെ കുളിരായി നിലകൊള്ളുന്നു.
നൈരാശ്യം നാശോന്മുഖമാണ്. വിജയപരാജയങ്ങൾ മാറിമാറിവരുന്ന ഒരു പോർക്കളമാണ് ജീവിതം. ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളതെന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തുന്നുണ്ട് (അൽബലദ് -04). കാര്യങ്ങളെ പോസിറ്റീവായി സമീപിക്കാനും വൈതരണികളെ വൈദഗ്ധ്യപൂർവം അതിജീവിക്കാനും മനസ്സ് കരുത്താർജിക്കണം. അല്ലാഹു കൈവിട്ടുവെന്ന് വിശ്വസിക്കുന്നിടത്ത് അവന്റെ പ്രീതിയും പൊരുത്തവും വിനഷ്ടമാവും. അതിരുകളില്ലാത്ത സഹനപർവം താണ്ടി മനോദാർഢ്യത്തിന്റെ ഉരുക്കു ബലം പ്രകടിപ്പിച്ച തിരുദൂതർ ജീവിതംകൊണ്ട് ക്ഷമയുടെ പുതിയ അധ്യായം തീർത്തു. തങ്ങൾ പറഞ്ഞു: ആരും പീഡിപ്പിക്കപ്പെട്ടിട്ടില്ലാത്തവിധം അല്ലാഹുവിന്റെ മാർഗത്തിൽ ഞാൻ പീഡിപ്പിക്കപ്പെട്ടു. ആരും പേടിപ്പിക്കപ്പെട്ടിട്ടില്ലാത്തവിധം അല്ലാഹുവിന്റെ മാർഗത്തിൽ ഞാൻ ഭയപ്പെടുത്തപ്പെട്ടു. ബിലാലിന്റെ കക്ഷത്തിലൊതുങ്ങുന്ന തുഛം ഭക്ഷണമല്ലാതെ ഒരു ജന്തുവിന് ഭക്ഷിക്കാവുന്ന മറ്റൊന്നുമില്ലാതെ 30 ദിനരാത്രങ്ങൾ ഞാനും ബിലാലും തള്ളി നീക്കി(അഹ്മദ്).
നബി (സ) പറഞ്ഞു: വിസ്മയംതന്നെ വിശ്വാസിയുടെ കാര്യം. ഏത് കാര്യവും അവന് നന്മയാണ്. വിശ്വാസിക്കല്ലാതെ ഒരാൾക്കും അങ്ങനെയാവുകയുമില്ല. സന്തോഷം വന്നെത്തിയാൽ അവൻ നന്ദി ചെയ്യും. അതവന് നന്മ. സന്താപം വന്നെത്തിയാൽ ക്ഷമിക്കും. അതും അവന് നന്മ(മുസ്‌ലിം).
ഐഹികജീവിതം പരീക്ഷയുടെയും പരീക്ഷണത്തിന്റേതുമാണ്. ഇതിന്റെ വിജയം തീരുമാനിക്കുന്ന പ്രതിഫലനാൾ വരാനുണ്ട്. സ്രഷ്ടാവ് സൃഷ്ടിയെ വേണ്ടവിധം അറിയുന്നുണ്ട്. പരീക്ഷിക്കുന്നുമുണ്ട്. സൃഷ്ടിയും സ്രഷ്ടാവിനെ അറിയുകയും ഉൾക്കൊള്ളുകയും വേണം. വഴിപ്പെടുകയും സാമീപ്യം കരഗതമാക്കുകയും വേണം. അല്ലാഹുവോട് മനസ്സ് തുറക്കാം. വേവലാതി ബോധിപ്പിക്കാം. മനമുരുകി പ്രാർഥിക്കാം. അവനെപ്പോലെ സാന്ത്വനം പകരാൻ ഏതു ശക്തിക്കാണാവുക. വിളികേൾക്കാൻ, ആവശ്യം നിറവേറ്റാൻ, ഏതു സമയവും കൂടെ നിൽക്കാൻ, സൗഖ്യവും സമാധാനവും സമൃദ്ധിയും നൽകാൻ അവനു തുല്യം ആരുണ്ട്?
'ആകാശ ഭൂമികളിലെ അദൃശ്യയാഥാർഥ്യങ്ങളെപ്പറ്റിയുള്ള അറിവ് അല്ലാഹുവിനാണുള്ളത്. അവനിലേക്ക് തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാൽ നീ അവനെ ആരാധിക്കുകയും അവന്റെ മേൽ ഭരമേൽപ്പിക്കുകയും ചെയ്യുക'(ഹൂദ് -123). 'അല്ലാഹു അവന്റെ അടിമക്ക് മതിയായവനെല്ലേ'(സുമർ-36).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."