സുബീറയെ കണ്ടെത്താന്‍ തിരച്ചിലിനു നേതൃത്വം നല്‍കി: പൊലിസിനെ സഹായിച്ചു; പെരുമാറ്റം ഒരു സംശയവും ജനിപ്പിക്കാതെ, അന്‍വറിന്റെ മഹാ ക്രൂരത ഇത്തിരി പൊന്നിനുവേണ്ടി
വളാഞ്ചേരി: നാല്‍പതു ദിവസം മുമ്പ് കാണാതായ സുബീറയെ കണ്ടെത്താന്‍ തിരച്ചിലുനു നേതൃത്വം നല്‍കാനും പ്രതി അന്‍വര്‍ മുന്നിട്ടറങ്ങി. പൊലിസിനെ സഹായിക്കാനും മുന്നില്‍ നിന്നു. സംശയങ്ങള്‍ക്ക് ഇടം നല്‍കാത്ത വിധമായിരുന്നു പെരുമാറ്റം. ഒരു ക്രിമിനല്‍ മനസിന്റെ ഉടമയെ ഇക്കാലമത്രയും ആര്‍ക്കും കണ്ടെത്താനായില്ലെന്നതാണ് ആശ്ചര്യകരം.
വളാഞ്ചേരി ആതവനാട് കഞ്ഞിപ്പുര ചോറ്റൂര്‍ കിഴുകപറമ്പാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തിനെ (21) പട്ടാപ്പകല്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയ പ്രതിയുടെ വികൃതമുഖം കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ഈ ഗ്രാമം. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പൊലിസിന് ഇയാളെ സംശയമുണ്ടായിരുന്നു. എന്നാല്‍ കുടുംബത്തിനപ്പോഴും അന്‍വറിനെക്കുറിച്ച് സംശയം തോന്നിയില്ല. പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങിയപ്പോള്‍ ഉറപ്പില്ലാതെ അങ്ങനെ ചെയ്യരുതെയിരുന്നു വീട്ടുകാര്‍ പറഞ്ഞത്.
അന്‍വര്‍ ഈ ക്രൂരകൃത്യം നടത്തിയത് മൂന്നരപ്പവന്‍ സ്വര്‍ണാഭരണത്തിനുവേണ്ടിയായിരുന്നുവെന്നതാണ് ഞെട്ടിക്കുന്ന കാര്യം. പെണ്‍കുട്ടിയെ കുഴിച്ചുമൂടിയ സ്ഥലത്ത് മണ്ണ് നീക്കി പരിശോധന നടത്തുമ്പോള്‍ ''ഇന്ന് നോമ്പൊക്കെ തുറന്നുകഴിഞ്ഞ് നാളെ മാന്താം'' എന്നായിരുന്നുവെത്രെ പ്രതിയുടെ പ്രതികരണം. ഇതാണ് സംശയം ഇരട്ടിപ്പിച്ചത്. പക്ഷേ പൊലിസ് തിരച്ചില്‍ നിര്‍ത്തിയില്ല.
കൂലിപ്പണിയായിരുന്നു അന്‍വറിന്. പ്രതിക്ക് 10 ലക്ഷത്തോളം രൂപ കടമുണ്ട്്. നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന സാമ്പത്തിക ബാധ്യത തീര്‍ക്കാനായിരുന്നു സുബീറയെ വകവരുത്തി ആഭരണങ്ങള്‍ കവര്‍ന്നത്.
രാവിലെ ദന്തല്‍ ക്ലിനിക്കിലേക്ക് പോകുകയായിരുന്ന സുബീറയെ വീടിന് 50 മീറ്റര്‍ അടുത്തുള്ള വിജനമായ വഴിയില്‍ വെച്ചാണ് ഇയാള്‍ ആക്രമിച്ചത്. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ അഴിച്ചെടുത്ത് മൃതദേഹം തൊട്ടടുത്ത പറമ്പില്‍ സൂക്ഷിച്ചു. പിന്നീട് മൃതദേഹം ചാക്കില്‍ കെട്ടിയ ശേഷം സമീപത്തെ പറമ്പിലേക്ക് കൊണ്ടുപോയി. ആ പറമ്പിന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് ഇയാള്‍ തന്നെയായിരുന്നു. ശേഷം കുഴിയെടുത്ത് മൃതദേഹം മൂടി. പിന്നീട് കൃഷി ആവശ്യത്തിനെന്ന വ്യാജേന സമീപത്തെ ക്വാറിയിലെ മണ്ണുമാന്തി യന്ത്രം വിളിച്ച് അവിടെ മണ്ണിട്ടുമൂടുകയായിരുന്നു.
കല്ലുവെട്ടുന്ന കുഴി സമീപത്തുണ്ട്. ഇവിടെ പെട്ടെന്ന് മണ്ണിട്ട് നികത്തിയതാണ് സംശയത്തിനു കാരണമായത്. കോഴിവേസ്റ്റ് കൊണ്ടുവന്നിട്ടതിനാല്‍ നല്ല മണമുണ്ടെന്നും പെട്ടെന്ന് തന്നെ മണ്ണ് വേണമെന്നും പ്രതി ജെ.സി.ബി ഡ്രൈവറോട് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."