ഭൂകമ്പ അവശിഷ്ടങ്ങള്‍ക്കടിയില്‍ പ്രസവിച്ച് അമ്മ മരിച്ച പെണ്‍കുഞ്ഞിന് പേരിട്ടു; സംരക്ഷണം ബന്ധുക്കള്‍ ഏറ്റെടുത്തു
ദമസ്‌കസ്: ഭൂകമ്പത്തെത്തുടര്‍ന്ന് സിറിയയിലെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ പ്രസവിച്ച് അമ്മ മരിച്ച പെണ്‍കുഞ്ഞിന് പേര് നല്‍കി. സിറിയന്‍ പട്ടണമായ ജെന്‍ഡറിസില്‍ മരിച്ച അമ്മയുടെ പൊക്കിള്‍ക്കൊടി വേര്‍പെടുത്തിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കുഞ്ഞിന്റെ പിതാവും സഹോദരങ്ങളും വിനാശകരമായ ഭൂകമ്പത്തില്‍ മരിച്ചു. ആയിരക്കണക്കിന് ആളുകള്‍ പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു.
അയ എന്നാണ് കുഞ്ഞിന് പേരിട്ടത്. അത്ഭുതം' എന്നര്‍ത്ഥം. കുഞ്ഞിന്റെ സംരക്ഷണം ബന്ധുക്കള്‍ ഏറ്റെടുത്തു. ഡിസ്ചാര്‍ജ് ചെയ്ത ശേഷം കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് അയയുടെ പിതാവിന്റെ അമ്മാവന്‍ സലാഹ് അല്‍ ബദ്‌റാന്‍ അറിയിച്ചു. ഭൂകമ്പത്തില്‍ സലാഹിന്റെ സ്വന്തം വീട് തകര്‍ന്നിരുന്നു. ഇപ്പോള്‍ കുടുംബത്തോടൊപ്പം ടെന്റിലാണ് താമസം.
അയയുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ വിഡിയോ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു. പ്രകൃതിദുരന്തത്തിന്റെ കെടുതിയുടെ ആഴം വ്യക്തമാക്കുന്ന ചിത്രമായി ഇത് മാറി. തകര്‍ന്ന നാല് നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരാള്‍ പൊടിയില്‍ പൊതിഞ്ഞ ഒരു ചെറിയ കുഞ്ഞിനെ കെട്ടിപ്പിടിച്ച് കുതിക്കുന്നതായിരുന്നു ദൃശ്യങ്ങള്‍. പൂജ്യത്തിന് താഴെയുള്ള താപനിലയില്‍ നവജാതശിശുവിനായി ഒരു പുതപ്പുമായി രണ്ടാമത്തെയാള്‍ ഓടിയെത്തന്നു. മൂന്നാമന്‍ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കാറിനായി നിലവിളിക്കുന്നു.
സമീപത്തെ അഫ്രിന്‍ പട്ടണത്തിലെ ആശുപത്രിയിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചിരുന്നത്. ശരീരത്തില്‍ മുഴകളും ചതവുകളുമുണ്ടായിരുന്നു. തണുത്തുവിറച്ചു, ശ്വസനവും ശരിയായ നിലയിലായിരുന്നില്ല. ഒരു ഡോക്ടറുടെ ഭാര്യ തന്റെ കുട്ടിയോടൊപ്പം അവളെയും മുലയൂട്ടി.
തിങ്കളാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അനാഥരായ നിരവധി കുട്ടികളില്‍ ഒരാളാണ് അയ. മാതാപിതാക്കളെ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്ത കുട്ടികളെ നിരീക്ഷിച്ചുവരികയാണെന്നും കുടുംബാംഗങ്ങളെ കണ്ടെത്താന്‍ ആശുപത്രികളുമായി ഏകോപനം നടത്തുന്നുണ്ടെന്നും യു.എന്‍ ഏജന്‍സിയായ യുനിസെഫ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."