മുഖ്യശത്രുവിനെ കണ്ടെത്തി, ഇനിയെന്ത്?
ഗിരീഷ് കെ. നായർ
ഒടുവിൽ അത് സംഭവിച്ചു. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിൽ സി.പി.എം പ്രഖ്യാപിച്ചിരിക്കുന്നു, മുഖ്യശത്രു ബി.ജെ.പിയാണ്. പാർട്ടിയുടെ ബൗദ്ധിക കേന്ദ്രങ്ങളെ അലട്ടിക്കൊണ്ടിരുന്ന ഒരു സമസ്യക്കാണ് ഇതോടെ പരിഹാരമാവുന്നത്. അതിന് 23ാം പാർട്ടി കോൺഗ്രസ് വരെ കാത്തിരിക്കേണ്ടിവന്നു. ബൂർഷ്വാ മുതലാളിത്ത രാജ്യമായ അമേരിക്കയെ പൊതുവേ കമ്യൂണിസ്റ്റുകാരെല്ലാം മുഖ്യശത്രുവായി ചൂണ്ടിക്കാട്ടുമെങ്കിലും ഇന്ത്യൻ രാഷ്ട്രീയരംഗത്തെ മുഖ്യശത്രു ആരെന്നു ചോദിച്ചാൽ നാലു ദിശയിലേക്കായിരുന്നു ചൂണ്ടിയിരുന്നത്. ഇന്ന് അത് ഒരേദിശയിലേക്കെത്തിയെന്നത് ഈ പാർട്ടി കോൺഗ്രസിന്റെ ചരിത്രമായി പറയാം. മുഖ്യശത്രുവായി ഒരു പ്രസ്ഥാനത്തെ ചൂണ്ടിക്കാണിച്ച സ്ഥിതിക്ക് അവരെ നേരിടാനും തോൽപ്പിക്കാനും എങ്ങനെ കഴിയുമെന്നതിൽ ചിന്തകളും ആശയങ്ങളും നിലപാടുകളും ഇനി ഉണ്ടാവേണ്ടിയിരിക്കുന്നു.
ഇ.എം.എസ് നമ്പൂതിരിപ്പാട് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ ബി.ജെ.പി ഇന്ത്യൻ രാഷ്ട്രീയത്തിൽ പിച്ചവയ്ക്കാൻ തുടങ്ങിയിരുന്നു. കോൺഗ്രസിനെ മുഖ്യശത്രുവായി കാണണമെന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചിലരെങ്കിലും വാദിച്ചിരുന്ന അക്കാലത്ത് പാർലമെന്റിൽ മുഖ്യപ്രതിപക്ഷമായിരുന്നു ഇടതുപക്ഷം. അന്ന് പാർലമെന്റിന്റെ മൂലയിൽ ഒതുങ്ങിയിരുന്ന ബി.ജെ.പി ഇന്ന് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് വളർന്നതോടെ മൂലയിലൊതുങ്ങേണ്ട ഗതികേടുണ്ടായത് ഇടതുപാർട്ടികൾക്കാണ്. ശത്രുവിന്റെ ശത്രു മിത്രമെന്ന നിലയിൽ അന്നത്തെ മുഖ്യശത്രുവിനെ ഇന്ന് മിത്രമായി കണക്കാക്കുന്നതിന് തെറ്റുപറയേണ്ടതില്ലല്ലോ. മാർച്ച് ആദ്യവാരം കൊച്ചിയിൽ നടത്തിയ പ്രസംഗത്തിൽ ബി.ജെ.പിയെ മുഖ്യശത്രുവായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടിയിരുന്നു. അതിനു പിന്നാലെ ഇപ്പോൾ നടന്നുവരുന്ന പാർട്ടി കോൺഗ്രസിലും അതേ തീരുമാനം തന്നെയാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. മുഖ്യശത്രുവിനെ എതിർക്കേണ്ടത് എങ്ങനെയെന്ന് പാർട്ടിയുടെ ദേശീയ നേതൃത്വത്തിന് വ്യക്തതയുണ്ടെങ്കിലും സംസ്ഥാന ഘടകങ്ങളുടെ നിലപാട് പ്രതിസന്ധിയുണ്ടാക്കുന്നതാണ്. സംസ്ഥാനങ്ങൾക്ക് അതത് മേഖലകളിലെ രാഷ്ട്രീയ സ്ഥിതി അനുസരിച്ച് നയം സ്വീകരിക്കാമെന്ന ഒഴിവ് നൽകിയിരിക്കുന്നത് ഇതിന്റെ ഭാഗമായി കാണണം.
കേരളത്തിൽ നേരിട്ട് എതിരിടുന്ന കോൺഗ്രസിനെ മുഖ്യശത്രുവായ ബി.ജെ.പിക്കെതിരേ എങ്ങനെ കൂട്ടുപിടിക്കുമെന്ന ചിന്തയാണ് സി.പി.എം സംസ്ഥാനഘടകത്തെ അലട്ടിയിരുന്നത്. കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരൻ അവരുടെ മുഖ്യശത്രുവായി ചൂണ്ടിക്കാട്ടിയത് സി.പി.എമ്മിനെയാണ്. അതിനെ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചിരുന്നു. കേരളഘടകം കോൺഗ്രസിനെ മുഖ്യശത്രുവായി കാണുന്നത് കേരളത്തിലെ സ്ഥിതി മാത്രം അവലോകനം ചെയ്തുകൊണ്ടാണെന്നാണ് സി.പി.എം കേന്ദ്രനേതൃത്വം പറയുന്നത്. 'ഠ' വട്ടത്തിലുള്ള സംസ്ഥാനമല്ലല്ലോ ഇന്ത്യാമഹാരാജ്യം. ആ മഹാരാജ്യത്ത് സ്വീകരിക്കേണ്ട കാഴ്ചപ്പാടാണ് യെച്ചൂരിയെ പോലുള്ളവർ പറയുന്നത്. അതുകൊണ്ടുതന്നെ ദേശീയ തലത്തിൽ പാർട്ടി സ്വീകരിക്കുന്ന നയത്തിന് പിന്തുണ നൽകേണ്ട ധാർമികത സംസ്ഥാന ഘടകത്തിനുണ്ടെന്നുള്ളത് വസ്തുതയാണ്. തങ്ങളുടെ മുഖ്യശത്രു കോൺഗ്രസാണെന്ന് ബി.ജെ.പി പണ്ടേ വ്യക്തമാക്കിയിരുന്നതാണ്. കോൺഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യം ആവർത്തിക്കുകയും എ.എ.പി പോലെ മറ്റു പാർട്ടികളിൽ കൂടിയാണെങ്കിൽ പോലും അവരത് സാർഥകമാക്കുകയും ചെയ്യുന്നു എന്നത് കാണാതിരുന്നു കൂടാ എന്നാണ് പാർട്ടിയുടെ ബൗദ്ധിക തലത്തിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ വരുമ്പോൾ സി.പി.എം കേരളം ഭരിക്കുന്നത് ബി.ജെ.പിക്ക് ഇഷ്ടപ്പെടുമല്ലോ.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 19.49 ശതമാനം വോട്ട് വിഹിതമാണ് കോൺഗ്രസ് കരസ്ഥമാക്കിയത്. ബി.ജെ.പി നേടിയതിന്റെ പകുതിയിലേറെയുണ്ടിത്. എന്നാൽ സി.പി.എമ്മിന് ആകട്ടെ 1.75 ശതമാനം വോട്ട് വിഹിതം മാത്രമാണ് നേടാനായത്. ജെ.ഡി.യുവിനും എൻ.സി.പിക്കും ബി.ജെ.ഡിക്കും പോലും ദേശീയ പാർട്ടിയെന്ന ഖ്യാതിയുണ്ടായിരുന്ന സി.പി.എമ്മിന്റെ ഏതാണ്ട് ഒപ്പമെത്താനായതും ആ തെരഞ്ഞെടുപ്പിൽ കണ്ടതാണ്. 52 സീറ്റുകൾ കോൺഗ്രസ് അന്ന് നേടിയപ്പോൾ സി.പി.എം മൂന്നിലൊതുങ്ങിയിരുന്നു. ഇ.എം.എസ് ഒരിക്കൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഒന്നു പ്ലേഗും മറ്റേത് കോളറയും (കോൺഗ്രസും ബി.ജെ.പിയും) ആണെന്നാണ്. എന്നാൽ, ഇതിലൊന്നിനെ ഒടുക്കാൻ മറ്റൊന്നിനെ പാർട്ടിക്ക് വരിക്കേണ്ടിവരുമെന്ന ആവശ്യകതയാണ് മുഖ്യശത്രുവിനെ കണ്ടെത്തിയതിലൂടെ പാർട്ടി നൽകുന്ന സന്ദേശം.
സ്റ്റാലിനെയും പവാറിനെയും മമതയെയും ഉദ്ധവിനെയും കെജ്‌രിവാളിനെയും ചന്ദ്രശേഖർ റാവുവിനെയും ഒക്കെ കൂടെക്കൂട്ടി ഒരിക്കൽ മണ്ണടിഞ്ഞ ദേശീയ ബദൽ എന്ന മോഹം വീണ്ടും പൊടിതട്ടിയെടുക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസിനെ അകറ്റിനിർത്തിയുള്ള യുദ്ധത്തിൽ വിജയസാധ്യതയുണ്ടാവില്ലെന്ന് സി.പി.എമ്മിന് നന്നായറിയാം. അതാണല്ലോ കോൺഗ്രസിനെ ഒപ്പം കൂട്ടാൻ ശ്രമിക്കുന്നതും. പോരാത്തതിന് നിതീഷും പട്‌നായിക്കും ജഗ്മോഹനും പ്രതിപക്ഷത്തിനൊപ്പം ഉണ്ടാവുമെന്ന് യാതൊരുറപ്പുമില്ലാത്തതിനാൽ ഐക്യപ്രതിപക്ഷ ചിന്ത ബാല്യത്തിൽ തന്നെയെന്ന് കാണേണ്ടിവരും. എന്നാൽ, അത് സാർഥകമാക്കിയ മഹാരാഷ്ട്ര ഒരു ഉരകല്ല് പോലെ മുന്നിലുണ്ട്. അതിലേക്കെത്താൻ ഇനിയുമേറെ സഞ്ചരിക്കേണ്ടതായുണ്ട്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന ചിന്തയാണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."