ഫറോക്ക് മേഖലയില്‍ ഇതര സംസ്ഥാന മോഷണ സംഘങ്ങള്‍ വിലസുന്നു
ഫറോക്ക്: ജനങ്ങളില്‍ ആശങ്ക പടര്‍ത്തി ഇതര സംസ്ഥാന മോഷണ സംഘങ്ങള്‍ വിലസുന്നു. ഫറോക്ക്, രാമനാട്ടുകര, ചെറുവണ്ണൂര്‍ - നല്ലളം മേഖലകളിലാണ് മോഷണത്തിനായെത്തിയ നാടോടി സംഘങ്ങള്‍ തമ്പടിച്ചിട്ടുളളത്. പട്ടാപകല്‍പോലും പിടിച്ചുപറിയും മോഷണവും പെരുകിയത് ജനങ്ങളുടെ സൈ്വര്യജീവിതത്തിനു ഭീഷണിയായിരിക്കുകയാണ്.
ബസുകളും ട്രെയിനുകളും കേന്ദ്രീകരിച്ചാണ് ഇവര്‍ പിടിച്ചുപറിനടത്തുന്നത്. ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ സ്ത്രീകളും കുട്ടികളമടങ്ങുന്നു ചെറുസംഘങ്ങളായാണ് മോഷണം. കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പെരിന്തല്‍മണ്ണ സ്വദേശിയായ യാത്രിക്കാരിയുടെ മൂന്ന് പവന്‍ സ്വര്‍ണ്ണ മാല പിടിച്ചു പറിച്ചതിന് പിടിക്കപ്പെട്ട മൂന്ന് നാടോടി സ്ത്രീകള്‍ രാമനാട്ടുകരയില്‍ താമസിച്ചുവരുന്നവരായിരുന്നു.
ഈ സംഭവത്തെ തുടര്‍ന്നു പൊലിസ് 7 പേരെ രാമനാട്ടുകരയില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും തെളിവൊന്നുമില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. രാമനാട്ടുകര ബസ്സ്റ്റാന്‍ഡും പരിസരവും പിടിച്ചുപറി സംഘങ്ങള്‍ പെരുകിയതായി പരാതിയുണ്ട്. നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മിക്ക കേസുകളിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. വ്യഴാഴ്ച നല്ലളം സ്വദേശിനി ഹൈറുന്നീസയുടെ പെഴ്‌സ് തട്ടിയെടുത്ത മറ്റൊരു യുവതിയെ നല്ലളം പൊലിസ് പിടികൂടിയിരുന്നു.
നല്ലവസ്ത്രങ്ങള്‍ ധരിച്ചു കുട്ടികളുമായി തിരിക്കേറിയ ബസുകളില്‍ കയറിയാണ് പിടിച്ചുപറി നടത്തുന്നത്. കൃത്രിമ തിരക്കുണ്ടാക്കി ജനത്തിന്റെ ശ്രദ്ധ തിരിച്ചു വിലയേറിയ ആഭരണങ്ങളും പണവും ഇവര്‍ അടിച്ചുമാറ്റുന്നതാണ് രീതി. മോഷ്ടിച്ചയാള്‍ ബസില്‍ നിന്നറങ്ങാതെ കൂടെയുളളവരെ വിദഗ്ദമായി മോഷണ മുതല്‍ ഏല്‍പ്പിച്ചു പാതിവഴിയില്‍ രക്ഷപ്പെടലാണ് ഇവരുടെ പതിവ്. തിരക്കേറിയ ട്രെയിനുകളില്‍ ലോക്കല്‍ കംപാര്‍ട്ട്‌മെന്റുകളില്‍ കയറി മോഷണം നടത്തുന്നതും നിത്യസംഭവമാണ്. യാത്രയ്ക്കിടെ പണം നഷ്ടപ്പെടുന്നവരിലേറെയും പരാതി നല്‍കാന്‍ മടിക്കുന്നതിനാല്‍ കൂടുതല്‍ സംഭവങ്ങളും പുറത്ത് വരാറില്ല.
പാതോയരങ്ങളിലും കെട്ടിട വരാന്തയിലും അന്തിയുറങ്ങുന്ന നാടോടി സംഘങ്ങള്‍ ദീര്‍ഘകാലം ഒരിടത്തും തമ്പടിക്കാറില്ല. രാമനാട്ടുകരയിലെ മാലപൊട്ടിക്കല്‍ സംഭവത്തെ തുടര്‍ന്നു നാടോടി സംഘങ്ങളെ കുറിച്ചു ഫറോക്ക് പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അനധികൃതമായി തമ്പടിക്കുന്നവരെ കുറിച്ചുള്ള വിവരം ശേഖരിച്ചു വരികയാണെന്ന് ഫറോക്ക് എസ്.ഐ വിജയരാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."