HOME
DETAILS

റോഹിംഗ്യരെ നാടുകടത്തല്‍: പീഡിതരെ പീഡിപ്പിക്കല്‍

  
backup
April 21 2021 | 23:04 PM

3215310320-2021


റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. പട്ടാള അട്ടിമറിയില്‍ ക്രമസമാധാനം തകര്‍ന്ന മ്യാന്മറില്‍നിന്നുള്ള അശുഭകരമായ വാര്‍ത്തകള്‍ പുറത്തുവരുന്ന അതേ കാലയളവിലാണ്, പതിറ്റാണ്ടുകളായി ആ രാജ്യത്തെ ഭരണകൂടത്താല്‍ പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ജനവിഭാഗത്തെ നിര്‍ബന്ധിത നാടുകടത്തലിനായി നമ്മുടെ രാജ്യത്തെ പൊലിസ് അറസ്റ്റ് ചെയ്ത് 'ഹോള്‍ഡിങ്' സെന്ററില്‍ പാര്‍പ്പിക്കുന്നത്. ജമ്മുവിലെ വിവിധ അഭയാര്‍ഥി ക്യാംപുകളില്‍ കഴിഞ്ഞിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന 150 ഓളം റോഹിംഗ്യന്‍ അഭയാര്‍ഥികളെയാണ് വെരിഫിക്കേഷന്‍ നടത്താനെന്ന പേരില്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്ത് ഹോള്‍ഡിങ് കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നത്. പിന്നാലെ ഡല്‍ഹിയിലും സമാനരീതിയില്‍ റോഹിംഗ്യകളെ കസ്റ്റഡിയിലെടുത്ത വാര്‍ത്തകള്‍ പുറത്തുവന്നു. യു.എന്‍ അഭയാര്‍ഥി കാര്‍ഡുള്ളവരെയടക്കം കസ്റ്റഡിയിലെടുത്ത നടപടിക്കെതിരേ മനുഷ്യാവകാശ സംഘടനകള്‍ മുന്നോട്ടുവന്നെങ്കിലും സര്‍ക്കാര്‍ ഈ നീക്കത്തില്‍നിന്ന് പിന്മാറിയില്ല. അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടികളെ ലംഘിക്കുന്ന തികച്ചും മനുഷ്യത്വരഹിതമായ ഈ നടപടിയെ വിലക്കാന്‍ പരമോന്നത നീതിപീഠവും തയാറായില്ല. കേസില്‍ കക്ഷി ചേരാനുള്ള ഐക്യരാഷ്ട്രസഭ അഭയാര്‍ഥി വിഭാഗം പ്രതിനിധിയുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥന സ്വീകരിക്കാതിരുന്ന കോടതി നാടുകടത്തല്‍ നടപടികള്‍ക്ക് പച്ചക്കൊടി കാണിക്കുകയായിരുന്നു.


റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്തുക എന്നത് ബി.ജെ.പി സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. മുന്‍ വര്‍ഷങ്ങളില്‍ ചുരുക്കം ചില റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്തിയെങ്കിലും ഈ വിഭാഗത്തെ പൂര്‍ണമായും നാടുകടത്താനുള്ള നടപടികളാണ് ഇപ്പോള്‍ നടത്തിവരുന്നത്. ജമ്മുവിലെ നടപടികളെ പിന്തുടര്‍ന്ന് ഡല്‍ഹിയിലെ അഭയാര്‍ഥികള്‍ക്കെതിരേയും പൊലിസ് സമാന നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന റോഹിംഗ്യകളെ തിരിച്ചറിയുന്നതിന്റെ ഭാഗമായി അവരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നേരത്തെ ഉത്തരവിട്ടിരുന്നു.

അഭയാര്‍ഥികളും ഇന്ത്യയും


ദശലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയിരുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ പലായനങ്ങളില്‍ ഒന്നിന്റെമേല്‍ കെട്ടിപ്പടുത്തതാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം തന്നെ. അയല്‍രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പുറമേ മധ്യേഷ്യയില്‍ നിന്നുമുള്ളവര്‍ക്കടക്കം അഭയം നല്‍കിയ രാജ്യമാണ് നമ്മുടേത്. ചൈനീസ് അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ ടിബറ്റന്‍ അഭയാര്‍ഥികള്‍, ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍, ബംഗ്ലാദേശിലെ ചക്മ അഭയാര്‍ഥികള്‍, അഫ്ഗാന്‍- പാകിസ്താന്‍ അഭയാര്‍ഥികള്‍, ബര്‍മ്മയിലെ ചിന്‍ അഭയാര്‍ഥികള്‍ തുടങ്ങി ഇന്ത്യയില്‍ അഭയം തേടിയ നിരവധി വിഭാഗങ്ങളിലൊന്ന് മാത്രമാണ് റോഹിംഗ്യക്കാര്‍. അഭയാര്‍ഥി പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള എകീകൃത സംവിധാനത്തിന്റെ അഭാവത്തിലും അനുഭാവപൂര്‍വമായ സമീപനമാണ് ഇന്ത്യ വിവിധ വിഭാഗങ്ങളോട് പുലര്‍ത്തിപോന്നത്. എന്നാല്‍ അഭയാര്‍ഥി വിഭാഗങ്ങളോടുള്ള സമീപനങ്ങളില്‍ ചെറുതല്ലാത്ത വിവേചനം പ്രകടവുമാണ്. ടിബറ്റന്‍, തമിഴ് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് നിരവധി സര്‍ക്കാര്‍ പദ്ധതികളും സഹായങ്ങളും ലഭിക്കുമ്പോള്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ അറസ്റ്റ് ചെയ്യപ്പെടുകയും നാടുകടത്തപ്പെടുകയുമാണ് ചെയ്യപ്പെടുന്നത്.


മറ്റു പല അഭയാര്‍ഥിവിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും റോഹിംഗ്യക്കാര്‍ക്ക് നിഷേധിക്കപ്പെടുന്ന ദയനീയ അവസ്ഥയാണുള്ളത്. രേഖകളുടെ അഭാവംമൂലം മാന്യമായ തൊഴില്‍ ചെയ്യാനോ ആരോഗ്യ, വിദ്യാഭ്യാസ, നിയമ സേവനങ്ങള്‍ ലഭ്യമാക്കാനോ ഇവര്‍ക്ക് സാധിക്കുന്നില്ല. സന്നദ്ധസംഘടനകളുടെ സഹായത്തോടെ ചുരുക്കം ചില അഭയാര്‍ഥികള്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ചതൊഴിച്ചാല്‍ ബഹുഭൂരിഭാഗം പേരും നിത്യജീവിതത്തില്‍ പ്രതിസന്ധി നേരിടുന്നവരാണ്. താല്‍ക്കാലിക ഷെഡുകള്‍, കുടിവെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ദൗര്‍ലഭ്യത, വൃത്തിഹീനമായ ചുറ്റുപാടുകള്‍ - റോഹിംഗ്യ ക്യാംപുകളുടെ പൊതുസ്വഭാവങ്ങളിതൊക്കെയാണ്. ജമ്മു, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, മേവാത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ ചേരീസമാനമായ അന്തരീക്ഷങ്ങളിലാണ് ഇവര്‍ താമസിച്ച് വരുന്നത്. പരിമിതമായ ജീവിതസാഹചര്യത്തിലും ഇന്ത്യയില്‍ ലഭിച്ചിരുന്ന സുരക്ഷിതത്വമാണ് ഇവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോയത്. എന്നാല്‍, എന്‍.ഡി.എ അധികാരത്തിലേറിയത് മുതല്‍ ഇവരുടെ സുരക്ഷിതത്വവും നഷ്ടപ്പെട്ടു. ദുരൂഹ സാഹചര്യത്തില്‍ റോഹിംഗ്യ അഭയാര്‍ഥി ക്യാംപുകള്‍ക്ക് തീപിടിക്കുന്നതില്‍ തുടങ്ങി ചെറുതും വലുതുമായ ആക്രമണങ്ങള്‍ ഇവര്‍ നേരിട്ടു തുടങ്ങി. സംഘടിതവും തീവ്രവുമായ വിദ്വേഷ പ്രചാരണങ്ങള്‍ ഇവരുടെ ദൈനംദിന ജീവിതം താറുമാറാക്കി. ഇതിനിടെ ചിലര്‍ ബംഗ്ലാദേശിലേക്ക് മാറാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.

അന്താരാഷ്ട്ര ഉടമ്പടികള്‍


അഭയാര്‍ഥികളെ സംബന്ധിക്കുന്ന 1951ലെ കണ്‍വന്‍ഷനിലും അതിന്റെ 1967ലെ പ്രോട്ടോകോളിലും ഇന്ത്യ ഒപ്പുവച്ചില്ലെന്നും അതിനാല്‍ റോഹിംഗ്യകളെ നാടുകടത്തുന്നത് ഇന്ത്യയുടെ അന്താരാഷ്ട്ര കരാറുകള്‍ക്കെതിരാവില്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍, അഭയാര്‍ഥികളെ നിര്‍ബന്ധിതമായി നാടുകടത്തുന്നതിനെ വിലക്കുന്ന (പ്രിന്‍സിപ്പള്‍ ഓഫ് നോണ്‍ റീഫൗള്‍മന്റ്/ ഡീപോര്‍ട്ടേഷന്‍) നിരവധി അന്താരാഷ്ട്ര ഉടമ്പടികളില്‍ ഇന്ത്യ ഭാഗമാണെന്നതാണ് യാഥാര്‍ഥ്യം. ആക്രമണങ്ങളും പീഡനങ്ങളും നേരിടേണ്ടിവരുന്ന ഒരു രാജ്യത്തേക്ക് അഭയാര്‍ഥികളെ നാടുകടത്തുന്നത് വിലക്കുന്ന ഈ ഉടമ്പടികള്‍ അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയുടെ ഭാഗമാണ്. മനുഷ്യാവകാശത്തിന്റെ സാര്‍വത്രിക പ്രഖ്യാപനം, ടെറിട്ടോറിയല്‍ അഭയം സംബന്ധിച്ച യു.എന്‍ പ്രഖ്യാപനം, സിവില്‍, രാഷ്ട്രീയ അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര കണ്‍വന്‍ഷന്‍, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ തുടങ്ങി ഇന്ത്യകൂടി ഭാഗമായ നിരവധി ഉടമ്പടികളുടെ നഗ്നമായ ലംഘനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മാത്രവുമല്ല, ഇന്ത്യ മുന്‍കൈയെടുത്ത് കൊണ്ടുവന്ന വംശഹത്യകള്‍ തടയുന്നതിനായുള്ള അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ പ്രകാരം അന്താരാഷ്ട്ര നീതിന്യായ കോടതി മ്യാന്മറിനെ കുറ്റക്കാരായി കണ്ടെത്തിയ സാഹചര്യംകൂടി പരിഗണിക്കുമ്പോള്‍ ഈ നീക്കം നമ്മുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ സാരമായി ബാധിക്കുകയും ചെയ്യും.

വേട്ടക്കാരിലേക്ക് ഇരകളെ
കൈമാറുന്നു


മ്യാന്മര്‍ ഭരണകൂടം റോഹിംഗ്യകളെ അനധികൃതരായിട്ടാണ് മുദ്രകുത്തിയിട്ടുള്ളത്. 'റോഹിംഗ്യ' എന്ന വംശനാമം പോലും അംഗീകരിക്കാന്‍ തയാറാവാത്ത മ്യാന്മര്‍ ഭരണകൂടം ഇവരെ ബംഗാളികള്‍ എന്ന നിലയിലാണ് പരിഗണിക്കുന്നത്. ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെയും മറ്റ് സംഘടനകളെയും മ്യാന്മര്‍ സര്‍ക്കാര്‍ വിലക്കുകയും ചെയ്തിട്ടുണ്ട്. പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷം എന്നതില്‍ നിന്ന് ലോകത്തെ ഏറ്റവും ക്രൂശിക്കപ്പെടുന്ന വിഭാഗമായി റോഹിംഗ്യകളെ മാറ്റിത്തീര്‍ത്തത് 1982ല്‍ നടപ്പിലാക്കിയ 'പൗരത്വ നിയമം' ആണ്. മ്യാന്മര്‍ പൗരത്വത്തിന് അര്‍ഹതയുള്ള വിഭാഗങ്ങളില്‍നിന്ന് റോഹിംഗ്യകളെ ഒഴിവാക്കുന്ന ഈ നിയമം ലക്ഷക്കണക്കിന് ആളുകളെയാണ് രാജ്യമില്ലാത്തവര്‍ (സ്റ്റേറ്റ്‌ലെസ്) ആക്കി മാറ്റിയത്. പൗരത്വം നഷ്ടപ്പെട്ടതോടെ റോഹിംഗ്യകള്‍ക്കെതിരേയുള്ള കലാപങ്ങള്‍ ഭരണകൂട പിന്തുണയോടെയുള്ള വംശനശീകരണ പദ്ധതിയായി മാറുകയായിരുന്നു.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിന്യായമടക്കമുള്ള അന്തര്‍ദേശീയ സമ്മര്‍ദങ്ങള്‍ക്കൊന്നിനും വഴങ്ങാത്ത മ്യാന്മര്‍ അവരുടെ വംശീയ ഉന്മൂലന പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ഉഭയകക്ഷി ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തിരിച്ചയക്കപ്പെട്ട അഭയാര്‍ഥികളെ പോലും ബലാല്‍ക്കാരങ്ങള്‍ക്ക് വിധേയമാക്കുന്ന വാര്‍ത്തകളാണ് പുറത്തുവന്നത്. ഇന്ത്യയില്‍ നിന്നടക്കം മുന്‍പ് തിരിച്ചയക്കപ്പെട്ട അഭയാര്‍ഥികളെ കാത്തിരുന്നത് ജയിലുകളും അവസാനിക്കാത്ത പീഡനങ്ങളുമായിരുന്നു. മ്യാന്മറിലെ പട്ടാള അട്ടിമറിയില്‍ സിവിലിയന്മാര്‍ ഒന്നടങ്കം വേട്ടയാടപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ റോഹിംഗ്യകളെ നാടുകടത്താനുള്ള നീക്കം ഇവരെ നരകയാതനയിലേക്ക് തള്ളിവിടുമെന്നതില്‍ മറിച്ചൊരു അഭിപ്രായമുണ്ടാവില്ല. ജീവിത സുരക്ഷയ്ക്കായി രാജ്യം വിട്ടോടിയ ദുര്‍ബല ജനതയെ അതേ രാജ്യത്തേക്ക് ബലാല്‍ക്കാരമുപയോഗിച്ച് തിരിച്ചയക്കുക വഴി ആ വംശഹത്യയില്‍ പങ്കുചേരുകയാണ് നമ്മള്‍.

(മദ്രാസ് സര്‍വകലാശാലയിലെ ഗവേഷകനാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്‌തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം

National
  •  3 days ago
No Image

അധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും

Kerala
  •  3 days ago
No Image

ഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?

Kerala
  •  3 days ago
No Image

200 മില്യണ്‍ യാത്രക്കാര്‍; എണ്ണത്തില്‍ റെക്കോഡിട്ട് ദോഹ മെട്രോ 

qatar
  •  3 days ago
No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  3 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  3 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  3 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  3 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  3 days ago