മാധ്യമപ്രവര്‍ത്തനത്തിന് വിലങ്ങുവീഴുമ്പോള്‍
ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനത്തിന് അതീവമോശം സാഹചര്യമാണുള്ളതെന്നാണ് പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ (ആര്‍.എസ്.എഫ്) വിലയിരുത്തല്‍. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം ഇന്ത്യയില്‍ കടുത്ത വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ആര്‍.എസ്.എഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിഷ്പക്ഷമായും സ്വതന്ത്രമായും തങ്ങളുടെ തൊഴില്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ രാജ്യത്ത് കൊല്ലപ്പെടുകയാണ്. ഇത്തരം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ത്യ അപകടകരമായ രാജ്യമായി മാറിയിരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 142 ആണ്. നേരത്തേയും ഇതേ സ്ഥാനത്തു തന്നെയായിരുന്നു.
180 രാജ്യങ്ങളില്‍ ആര്‍.എസ്.എഫ് നടത്തിയ തെളിവെടുപ്പിലാണ് ഈ വിവരമുള്ളത്. പട്ടാളത്തിന്റെ നിഴലില്‍ ഭരണം നടത്തുന്ന പാകിസ്താനില്‍പ്പോലും ഇന്ത്യയില്‍ ഉള്ളതിനേക്കാള്‍ മാധ്യമസ്വാതന്ത്ര്യമുണ്ടെങ്കിലും സ്ഥിതി അവിടെയും അത്ര മെച്ചമല്ല. 2019ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം വീണ്ടും അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാര്‍ തീവ്രഹിന്ദുത്വ ആശയങ്ങള്‍ പൊതുസമൂഹത്തില്‍ അടിച്ചേല്‍പിക്കാന്‍ തുടങ്ങിയപ്പോള്‍, വഴങ്ങാതിരുന്ന ഇന്ത്യയിലെ ചുരുക്കം ചില ദേശീയമാധ്യമങ്ങള്‍ കടുത്ത വെല്ലുവിളികളാണ് നേരിട്ടത്. പത്ര ഉടമകളുടേയും എഡിറ്റര്‍മാരുടെയും വീടുകളിലും ഓഫിസുകളിലും സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളെ വിട്ട് റെയ്ഡ് നടത്തിച്ച് പല പത്ര-ദൃശ്യ മാധ്യമങ്ങളുടേയും നിലനില്‍പ്പുതന്നെ അവതാളത്തിലാക്കുകയുണ്ടായി. ഭരണകൂട സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയ കേരളത്തിലടക്കമുള്ള പല പ്രമുഖ മാധ്യമങ്ങളും ഭരണകൂട ചട്ടുകങ്ങളായി തരംതാഴുന്നതാണ് ജനാധിപത്യ ഇന്ത്യ പിന്നീട് കണ്ടത്.
വമ്പിച്ച പരസ്യങ്ങള്‍ നല്‍കി മാധ്യമങ്ങളെ വരുതിയിലാക്കാന്‍ ഭരണകൂടം നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടതിന്റെ ഫലവും കൂടിയായിരുന്നു ഈ വിധേയത്വം. മുട്ടിലിഴയാന്‍ പറഞ്ഞപ്പോള്‍, കാല്‍ക്കല്‍ വീണ മാധ്യമങ്ങള്‍, ഇന്ത്യയുടെ മാധ്യമചരിത്രത്തിന് മായാത്ത കളങ്കമാണ് വരുത്തിവച്ചത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ മാധ്യമസ്വാതന്ത്ര്യം കശാപ്പു ചെയ്യപ്പെടുമ്പോള്‍ ഇന്ത്യയോളം ജനാധിപത്യമില്ലാത്ത രാഷ്ട്രങ്ങളില്‍ ഇവിടെയുള്ളതിനേക്കാള്‍ അധികം മാധ്യമസ്വാതന്ത്ര്യം ഉണ്ടെന്നത് യാഥാര്‍ഥ്യമാണ്.
ഹിന്ദുത്വഭീകരതക്കെതിരേയോ ഭരണകൂടഭീകരതക്കെതിരേയോ എഴുതുന്ന മാധ്യമപ്രവര്‍ത്തകര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലുകളില്‍ അടക്കപ്പെടുകയാണ്. ഇത്തരം മനുഷ്യവകാശ ലംഘനങ്ങള്‍ പുറത്തുകൊണ്ടുവരുന്ന ആംനസ്റ്റി ഇന്റര്‍നാഷനല്‍ പോലുള്ള മനുഷ്യാവകാശ സംഘടനകളുടെ ആസ്ഥാന മന്ദിരങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടുന്നു. അവരെ നാടുകടത്തുന്നു. കശ്മിരില്‍ നടക്കുന്ന സംഭവങ്ങള്‍ ലോകത്തോട് വിളിച്ചുപറയുന്നതില്‍ ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങള്‍ കുറ്റകരമായ നിശബ്ദതയാണ് പാലിച്ചത്. കശ്മിരിലെ അവസ്ഥ വിളിച്ചുപറഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ അക്രമങ്ങള്‍ക്കിരയാവുകയും ചെയ്തു. അവര്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ ഭരണകൂട താല്‍പര്യ സംരക്ഷകരായ പത്ര ഉടമകള്‍ വലിയ താല്‍പര്യം കാണിക്കുന്നുമില്ല. നിര്‍ഭയരായ പത്രപ്രവര്‍ത്തകരെ രാജ്യവിരുദ്ധരെന്ന് മുദ്രകുത്തപ്പെടുകയും വിചാരണ പോലുമില്ലാതെ, ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കാരാഗൃഹങ്ങളില്‍ അടയ്ക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് അധികവും ആക്രമണങ്ങള്‍ ഉണ്ടാകുന്നത് ബി.ജെ.പി പ്രവര്‍ത്തകരില്‍ നിന്നാണെന്നും ഇത് പുതുതായി ഉണ്ടായ പ്രവണതയാണെന്നും ആര്‍.എസ്.എഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇന്ത്യയിലിപ്പോള്‍ സത്യം ഇല്ലാതായ സത്യാനന്തര കാലമാണുള്ളതെന്ന് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഇത്തരമൊരു സത്യാനന്തര കാലത്തിന്റെ കണ്ണാടികളായി രാജ്യത്തെ പല മാധ്യമങ്ങളും അധഃപതിച്ചു എന്നതാണ് നേര്. മതേതര ജനാധിപത്യ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി മാധ്യമങ്ങളുടെ ഈ നിലവാരത്തകര്‍ച്ചയാണ്. മാധ്യമങ്ങളുടെ ഭരണകൂടത്തോടുള്ള ദാസ്യം, ഏതാണ് സത്യം, ഏതാണ് കള്ളം എന്നു തിരിച്ചറിയാനാവാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്. ഭരണകര്‍ത്താക്കളുടെ പ്രതിച്ഛായ നിര്‍മാണം കേരളത്തിലെ ചില പ്രമുഖ മാധ്യമങ്ങളടക്കം ഏറ്റെടുത്തിരിക്കുന്ന ജോലിയാണ്. തുടര്‍ഭരണം പിണറായി സര്‍ക്കാരിന് കിട്ടില്ലെന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ പല മാധ്യമങ്ങളുടെയും മറുകണ്ടം ചാടിയുള്ള കരണംമറിച്ചില്‍ ഇതിനകം പുറത്ത് വരുമായിരുന്നു.
ജനാധിപത്യ ഭരണവ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുന്ന ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കുവാന്‍ മാധ്യമങ്ങള്‍ക്കേ കഴിയൂ. എന്നാല്‍ ഈ സത്യാനന്തര കാലത്ത് ജനാധിപത്യ ഭരണ സമ്പ്രദായത്തിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ പല മാധ്യമങ്ങളും. പത്രസ്വാതന്ത്ര്യം നിലനില്‍ക്കണമെന്നത് പൊതുസമൂഹത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണിപ്പോള്‍. ഭരണകൂടഭീകരതക്കെതിരേ നിര്‍ഭയം എഴുതിയിരുന്ന പല പ്രമുഖ മാധ്യമപ്രവര്‍ത്തകരുടേയും തൂലികക്ക് മൂര്‍ച്ച കുറഞ്ഞിരിക്കുന്നു.
സത്യത്തിനും ധര്‍മത്തിനും വേണ്ടി പൊതുബോധത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. എന്നാല്‍ അത്തരം മാധ്യമങ്ങള്‍ കോര്‍പറേറ്റുകളുടെ പരസ്യങ്ങള്‍ക്കും ഭരണകൂടങ്ങളുടെ പ്രീതിക്കും കാത്തുകഴിയുന്ന നിലവാരത്തിലേക്ക് താണുപോയിരിക്കുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന നിലവാരത്തകര്‍ച്ചയുടെ കാരണവും മറ്റൊന്നല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."