പല്ല് പറിച്ചെടുത്ത് കുട്ടിയെ തറയിലെറിഞ്ഞു; മന്ത്രവാദിയുടെ ക്രൂര ചികിത്സയിൽ പൊലിഞ്ഞത് ഒരു വയസുകാരന്റെ ജീവൻ
ന്യൂഡൽഹി: ഉത്തർപ്രദേശിൽ വീണ്ടും മന്ത്രവാദത്തിന്റെ പേരിൽ അരുംകൊല. ഒരു വയസുള്ള ആൺകുട്ടിയെയാണ് മന്ത്രവാദി അതിക്രൂരമായി കൊലപ്പെടുത്തിയത്. രോഗം മാറ്റുന്നതിന് വേണ്ടിയുള്ള ചികിത്സയുടെ ഭാഗമായാണ് കുഞ്ഞിന്റെ പല്ല് പറിച്ചെടുത്ത ശേഷം തറയിൽ എറിഞ്ഞ് കൊന്നത്. യു.പിയിലെ ബുലാന്ദഷഹർ ജില്ലയിലെ ധകാർ ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം.
രോഗബാധിതനായ ആൺകുട്ടിയെയും കൊണ്ടാണ് അച്ഛനും അമ്മയും വ്യാഴാഴ്ച രാത്രി മന്ത്രവാദിയുടെ അടുത്തെത്തിയത്. ചികിത്സയുടെ ഭാഗമാണെന്ന് പറഞ്ഞ് കുഞ്ഞിന്റെ പല്ല് മന്ത്രവാദി പറിച്ചെടുത്തു. ശേഷം കുഞ്ഞിനെ തറയിലെറിയുകയായിരുന്നു. കുട്ടി ബോധരഹിതനായെന്ന് മനസിലാക്കിയ രക്ഷിതാക്കൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ കുട്ടി ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപുതന്നെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഇതേത്തുടർന്നാണ് കുട്ടിയുടെ കുടുംബം മൃതദേഹവുമായി സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. സംഭവത്തിൽ പ്രതിയായ മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
ഏതാനും ദിവസങ്ങൾക്കു മുമ്പ് മധ്യപ്രദേശിൽ മന്ത്രവാദിയുടെ ക്രൂരത മൂലം മൂന്നുമാസം മാത്രം പ്രായമുള്ള പെൺകുട്ടി കൊല്ലപ്പെട്ടിരുന്നു. ന്യൂമോണിയ മാറാൻ ഇരുമ്പ് ദണ്ഡ്കൊണ്ട് 51 തവണ മർദിച്ചതോടെയാണ് കുട്ടി മരിച്ചത്.
ഉത്തരേന്ത്യയിൽ മതിയായ ചികിത്സാ സംവിധാനങ്ങളുടെ കുറവുമൂലവും ദാരിദ്ര്യം മൂലവും ആളുകൾ ചികിത്സക്കായി മന്ത്രവാദികളെ ആശ്രയിക്കുന്നത് പതിവാണ്. ഗ്രാമീണമേഖലയിൽ മിക്കയിടത്തും പ്രാഥമികാരോഗ്യകേന്ദ്രം പോലും കാര്യക്ഷമമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."