മന്‍സൂര്‍ വധംപ്രതികള്‍ ഉപയോഗിച്ച ഫോണുകള്‍ കണ്ടെത്തി
തലശേരി: പെരിങ്ങത്തൂര്‍ പുല്ലൂക്കരയിലെ മന്‍സൂര്‍ വധക്കേസില്‍ പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ അന്വേഷസംഘം കണ്ടെടുത്തു. നാലു മൊബൈല്‍ ഫോണുകളാണ് കണ്ടെടുത്തത്.
തെളിവെടുപ്പിനിടെ പ്രതികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഫോണുകള്‍ കണ്ടെടുത്ത്. ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നു ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. വിക്രമന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ദിനത്തിലും മറ്റും സി.പി.എം പ്രാദേശിക നേതാക്കളെ മര്‍ദിച്ചതിന്റെ വിരോധത്തില്‍ ഏതെങ്കിലും പ്രവര്‍ത്തകനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നു പ്രതികള്‍ ചോദ്യംചെയ്യലില്‍ പൊലിസിനോടു പറഞ്ഞു. കൈയും കാലും തല്ലിയൊടിക്കുക മാത്രമായിരുന്നു പദ്ധതി. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനെയാണു കിട്ടിയത്. ആളുകള്‍ കൂടിയതോടെ ഭയപ്പെടുത്താനാണു ബോംബെറിഞ്ഞത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോയതായും പ്രതികള്‍ അന്വേഷണ സംഘത്തോടു പറഞ്ഞു.
ചൊവ്വാഴ്ച നടന്ന തെളിവെടുപ്പില്‍ അക്രമികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. മൂന്ന് ഇരുമ്പുപൈപ്പുകള്‍, ഒരു സ്റ്റീല്‍ പൈപ്പ്, മൂന്നു മരവടികള്‍ എന്നിവയാണു കണ്ടെത്തിയത്. മന്‍സൂര്‍ കൊല്ലപ്പെട്ട ദിവസം സ്ഥലത്ത് ഒരു വാളും കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."