യുവാവിനെ കൊന്ന് കുഴിച്ചിട്ട സംഭവം: മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു
സഹോദരനും മാതാവും റിമാന്‍ഡില്‍
അഞ്ചല്‍ (കൊല്ലം): രണ്ടര വര്‍ഷംമുമ്പ് വഴക്കിനിടെ സഹോദരന് കൊലപ്പെടുത്തി കുഴിച്ചിട്ട യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. വീടിനു സമീപത്തെ കുഴിയില്‍നിന്ന് ഇന്നലെ രാവിലെ രണ്ടുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പള്ളിമേലയില് പരേതനായ പീറ്ററിന്റെ മകന് ഷാജി പീറ്ററിന്റെ (35) മൃതദേഹാവശിഷ്ടങ്ങള്‍ പൊലിസ് കണ്ടെടുത്തത്.
ആര്.ഡി.ഒയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. തെളിവെടുപ്പിനിടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം ഒന്നാം പ്രതി സജിന്‍ പീറ്റര്‍ (30) പൊലിസിനു കാട്ടിക്കൊടുത്തു. അടിയില്‍ കണ്ടെത്തിയ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ത്തു വീണ്ടും മണ്ണ് മാറ്റിയപ്പോള്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് അസ്ഥിക്കഷണങ്ങള്‍ ലഭിച്ചത്. മൃതദേഹത്തിന്റെ അരയോളം ഭാഗത്തിന്റെ അവശിഷ്ടം പ്ലാസ്റ്റിക് ചാക്കിനുളളിലും ബാക്കി ഭാഗം പുറത്തുമായിരുന്നു. ആദ്യം കാല്‍ഭാഗത്തിന്റെ അസ്ഥിക്കഷണങ്ങളും തുടര്‍ന്ന് ബാക്കി ശരീരഭാഗത്തിന്റെ അസ്ഥിക്കൂടവും കിട്ടി. കുഴിയില്‍നിന്ന് കുരിശുരൂപവും കണ്ടെടുത്തു.
കൊല്ലപ്പെട്ടത് ഷാജി തന്നെയാണെന്ന് ഉറപ്പാക്കാന്‍ അസ്ഥിക്കൂടം ഡി.എന്‍.എ പരിശോധനയ്ക്കായി പൊലിസ് ഫൊറന്‍സിക് വിഭാഗത്തിനു കൈമാറി. 2018ലെ തിരുവോണനാളില്‍ ഉച്ചകഴിഞ്ഞ് രണ്ടോടെ വീട്ടില്‍ മദ്യപിച്ചെത്തിയ ഷാജി സജിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതാണ് വഴക്കിനു കാരണം. ഇതിനിടെ കമ്പിപ്പാരകൊണ്ട് സജിന്‍ തലയ്ക്കടിച്ചതോടെ ഷാജി മരിച്ചു.
രാത്രി ഏഴരയോടെയാണ് മൃതദേഹം കുഴിച്ചിട്ടതെന്നും സജിനും അമ്മ പൊന്നമ്മയും (68) മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരെയും തെളിവെടുപ്പിനു ശേഷം ഇന്നലെ വൈകീട്ട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇരുവര്‍ക്കും പുറമെ കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുമെന്ന് കൊല്ലം റൂറല്‍ എ.എസ്.പി ഇ.എസ് ബിജുമോന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."