ദുരന്തം വേര്‍പെടുത്തി, സ്‌നേഹം കൂട്ടിയിണക്കി
മലപ്പുറം : സുഭാഷ് എന്ന 33കാരന് പ്രസന്നമായ പുഞ്ചിരിക്കുള്ളില്‍ കണ്ണീരില്‍കുതിര്‍ന്ന ഒരു അനുഭവ കഥയുണ്ട്. ആറുവര്‍ഷംമുന്‍പ് വിവാഹത്തിനു പിന്നാലെ ദുബൈയിലെ ജോലിസ്ഥലത്തേക്ക് മടങ്ങിയ സുഭാഷ് ഒന്നര വര്‍ഷത്തിനുശേഷം ഉറ്റവരുടെ അടുത്തെത്താനിരിക്കേ വാഹനാപകടത്തില്‍പെട്ടു. നിരന്തര ചികിത്സയ്‌ക്കൊടുവില്‍ ദുരന്തം വേര്‍പെടുത്തിയ ജീവിതം കൂട്ടിയിണക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലാണദ്ദേഹം.
അപകടത്തെ തുടര്‍ന്ന് നട്ടെല്ലു തകര്‍ന്ന്, ഞരമ്പുകള്‍ക്ക് കേടുസംഭവിച്ച സുഭാഷിന് അടിയന്തര ശസ്ത്രക്രിയ നടത്തി. ജീവന്‍ രക്ഷിക്കാനായെങ്കിലും ഇരു കാലുകളുടെയും ചലനശേഷി നഷ്ടമായി.
രണ്ടുമാസം കഴിഞ്ഞ് നാട്ടിലെത്തിയ സുഭാഷിനെ ഭാര്യ ശരണ്യയും വീട്ടുകാരും തിരികെ ജീവിതത്തിലേക്ക് നടത്താന്‍ ശ്രമിച്ചു. ഫിസിയോതെറാപ്പി യ്ക്കിടെ സുഭാഷിന്റെ വലതു തുടയുടെ എല്ല് പൊട്ടിയതോടെ വീണ്ടും ജീവിതം കൈവിട്ടുപോകുന്ന അവസ്ഥ.
ശ്വാസതടസമുണ്ടെന്നുകൂടി ഡോക്ടര്‍മാര്‍ കണ്ടെത്തിയതോടെ സ്ഥിതി ഗുരുതരമായി. കരളും ഉദരവും കുടലുമെല്ലാം നെഞ്ചിന്‍കൂട്ടില്‍ കുരുങ്ങിക്കിടക്കുന്നതായി സി.ടി സ്‌കാനില്‍ തെളിഞ്ഞു. ശ്വാസകോശത്തിന്റെ വലതുഭാഗം തകര്‍ന്നിരുന്നു; ഹൃദയം ഇടത്തേ അറ്റത്തേക്ക് മാറി ഇടത് ശ്വാസകോശത്തെ നെഞ്ചിന്‍ കൂട്ടിലേയ്ക്ക് ഞെരുക്കി. ശസ്ത്രക്രിയയായിരുന്നു പ്രതിവിധി. അപകടം നടന്ന് ആറു വര്‍ഷത്തിനുശേഷം ശസ്ത്രക്രിയ വെല്ലുവിളിയായിരുന്നു. കുടുംബ ഡോക്ടര്‍ അഷറഫിന്റെ (പാടപ്പറമ്പ്,കോട്ടയ്ക്കല്‍) ഉപദേശപ്രകാരം കാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ. നാസര്‍ യൂസഫിനെ കണ്ടു.
സുഭാഷ് ഇപ്പോള്‍ ഏറെ സന്തോഷവാനാണ്. കാലുകളുടെ സ്വാധീനക്കുറവ് ഒരു വെല്ലുവിളിയായി അദ്ദേഹമിപ്പോള്‍ കാണുന്നില്ല, കംപ്യൂട്ടറുകളുടെ ലോകത്ത് കൂടുതല്‍ സൃഷ്ടിപരവും അര്‍ഥപൂര്‍ണവുമായ ജീവിതത്തിലേക്ക് തിരിച്ചുപോകാനുള്ള ദൃഢനിശ്ചയത്തിലാണ്. സുഭാഷിന് ഭാര്യ ശരണ്യയില്‍ നിന്നും ഇരുവരുടെയും കുടുംബങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചില്ലായിരുന്നെങ്കില്‍ വിജയം വരിക്കാനാവില്ലായിരുന്നുവെന്ന് ഡോ. നാസര്‍ യൂസഫ് സാക്ഷ്യപ്പെടുത്തുന്നു .
കൊച്ചി സണ്‍റൈസ് ആശുപത്രിയില്‍ 2021 മാര്‍ച്ച് 30ന് ഡോ. നാസര്‍ യൂസഫ്, സീനിയര്‍ സര്‍ജന്‍ മാത്യു സെബാസ്റ്റ്യനുമൊത്ത് അഞ്ചുമണിക്കൂര്‍നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഒന്‍പതാം ദിവസം ഡിസ്ചാര്‍ജ് ചെയ്തു.
ഡോ.ഷാജി (അനസ്‌തെറ്റിസ്റ്റ് ) , ഡോ.വിനീത് അലക്‌സാണ്ടര്‍ (പള്‍മനോളജിസ്റ്റ്), ഡോ.സൂരജ് (ഫിസിഷ്യന്‍), ലിബിന്‍ (കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ ചികിത്സയില്‍ പ്രധാന പങ്ക് വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."