കൊവിഡ് ബാധിതര്‍ക്ക് സൗജന്യ ചികിത്സ വേറിട്ട ദൗത്യവുമായി ഇഖ്‌റ ആശുപത്രി
കോഴിക്കോട്: കൊവിഡ് ചികിത്സയുടെ പേരില്‍ ആശുപത്രികള്‍ ലക്ഷങ്ങള്‍ ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ രോഗികള്‍ക്കു സൗജന്യ ചികിത്സ നല്‍കി കോഴിക്കോട് ഇഖ്‌റ ആശുപത്രി. ഐ.സി.യു വെന്റിലേറ്റര്‍ സഹായത്തോടെയുള്ള മികച്ച ചികിത്സയാണ് രോഗികള്‍ക്ക് ഇവിടെ സൗജന്യമായി നല്‍കുന്നത്. ലോക്ക്ഡൗണില്‍ സാമ്പത്തികമായി തകര്‍ന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് കൊവിഡ് ചികിത്സയുടെ ഭാരിച്ച ചെലവ് താങ്ങാനാവില്ലെന്ന് തിരിച്ചറിഞ്ഞ ഇഖ്‌റ മാനേജ്‌മെന്റ് അവരെ സഹായിക്കാനായി എരഞ്ഞിപ്പാലത്തെ സൈക്യാട്രിക് റീഹാബിലിറ്റേഷന്‍ സെന്റര്‍ കൊവിഡ് ആശുപത്രിയായി മാറ്റുകയായിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചുമുതലാണ് സൗജന്യ കിടത്തി ചികിത്സ ആരംഭിച്ചത്. 100 ബെഡുകളാണ് ഇവിടെ ഒരുക്കിയത്. 11 ഐ.സി.യു, 17 എച്ച്.ഡി.യു സംവിധാനങ്ങളും സൗജന്യമായി ഒരുക്കിയിട്ടുണ്ട്. ഭക്ഷണം, മരുന്ന് എന്നിവയടക്കം പൂര്‍ണമായും സൗജന്യമായ ചികിത്സ ഇവിടെനിന്നു ലഭിക്കും. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാവുകയാണ് ഈ പദ്ധതി.
കൂടാതെ മലാപ്പറമ്പിലെ ഇഖ്‌റ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് ബാധിതര്‍ക്കായി 13 ബെഡുകളോടുകൂടിയ വെന്റിലേറ്ററടക്കമുള്ള ഐ.സി.യൂനിറ്റും 15 റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് കൂടുതല്‍ ഐ.സി യൂനിറ്റുകള്‍ അത്യാവശ്യമാണ്. ഈ ആവശ്യം പരിഗണിച്ച് കൂടുതല്‍ ഐ.സി.യു വാര്‍ഡുകള്‍ സജ്ജീകരിക്കാനുള്ള ശ്രമത്തിലാണെന്നും മാനേജര്‍ മുഹമ്മദ് ജസീല്‍ അറിയിച്ചു. ഇതിനായ ക്രൗഡ് ഫണ്ടിങ് ആരംഭിച്ചിട്ടുണ്ട്. ജനങ്ങളില്‍നിന്ന് ഇതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ 3000ല്‍ അധികം പേരാണ് ആശുപത്രിയില്‍നിന്നു സൗജന്യ കൊവിഡ് ചികിത്സ സ്വീകരിച്ചത്. ഇതില്‍ 1600 ഓളം പേര്‍ക്ക് സൗജന്യ ഡയാലിസിസും നല്‍കി. ഡയാലിസിസ് ആവശ്യമുള്ള കൊവിഡ് രോഗികള്‍ക്കായി 15 ബെഡുകള്‍ മലാപ്പറമ്പിലെ ആശുപത്രിയില്‍ മാറ്റിവച്ചിട്ടുണ്ട്. ഒക്ടോബര്‍ മാസത്തോടെയാണ് കിഡ്‌നി രോഗികള്‍ക്കായി പ്രത്യേക കൊവിഡ് സെന്റര്‍ തുടങ്ങിയത്.
കൊവിഡ് സൗജന്യ ചികിത്സയ്ക്ക് കേരള സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിയില്‍ നിന്നുള്ള സഹായവും ആശുപത്രിക്ക് ലഭിക്കുന്നുണ്ട്. ഇതോടൊപ്പം മലബാര്‍ ഗോള്‍ഡ്, വടകര തണല്‍, അസീം പ്രേംജി ഫിലാന്ത്രോപ്പിക് ഇനിഷ്യേറ്റീവ് എന്നിവയും ഈ മഹത്‌സംരഭത്തില്‍ ഇഖ്‌റ ആശുപത്രിയുമായി കൈകോര്‍ക്കുന്നുണ്ട്.
നിലവില്‍ ചികിത്സാ സൗകര്യങ്ങള്‍ കുറഞ്ഞ വയനാട് ജില്ലയില്‍ ഇഖ്‌റ ആശുപത്രിയോടനുബന്ധിച്ച് കൊവിഡ് സൗജന്യ ചികിത്സാകേന്ദ്രം തുടങ്ങാനുള്ള നടപടി ക്രമങ്ങളിലാണ് മാനേജ്‌മെന്റ്. ഇതിനുള്ള ബില്‍ഡിങ്, മെഷിനറി എന്നിവ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. ഐ.സി.യു, വെന്റിലേറ്റര്‍ സംവിധാനം അടക്കം 50 ബെഡുകളോടുകൂടിയ കേന്ദ്രം ഉടന്‍ തുങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മുഹമ്മദ് ജസീല്‍ അറിയിച്ചു.
സാധാരണ ഒരു കൊവിഡ് രോഗിയുടെ ചികിത്സ കഴിയുമ്പോഴേക്കും സ്വകാര്യ ആശുപത്രിയില്‍ ഒരു ലക്ഷത്തോളം രൂപ ചെലവുവരും.
രോഗിയുടെ നില ഗുരുതരമാണെങ്കില്‍ അത് കുത്തനെ കൂടും. ജനറല്‍ വാര്‍ഡില്‍ പോലും ഒരാള്‍ക്ക് ഒരു ദിവസത്തേക്ക് 2000ത്തിന് മുകളിലാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. ഐ.സി.യുവിന് ഒരു ദിവസത്തേക്ക് 10,000ത്തിന് മുകളിലാവും വാടക. വെന്റിലേറ്റര്‍ അടക്കം അത് 20ന് മുകളിലാവും.
ഇങ്ങനെ സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍നിന്നു രണ്ടും മൂന്നും ലക്ഷം വാങ്ങുമ്പോഴാണ് ഇഖ്‌റ അതേ ചികിത്സ തീര്‍ത്തും സൗജന്യമായി നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."