യതീംഖാന ഭൂമി കലാമണ്ഡലത്തിന്; പ്രതിഷേധം ഫലംകണ്ടു, വഖ്ഫ് ഭൂമി ഏറ്റെടുക്കൽ സമ്മതത്തോടെ മാത്രമെന്ന് മന്ത്രി
തൃശൂർ: കലാമണ്ഡലത്തിന്റെ വികസനത്തിനായി ചെറുതുരുത്തിയിലെ വഖ്ഫ് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവിധ കോണുകളിൽ നിന്നുയർന്ന പ്രതിഷേധത്തെ തുടർന്ന് നിലപാട് മയപ്പെടുത്തി സംസ്ഥാന സർക്കാർ. ചെറുതുരുത്തിയിലെ നൂറുൽ ഹുദ യതീംഖാന ഭാരവാഹികളുടെ അറിവുകൂടാതെയാണ് കലാമണ്ഡലത്തിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരുടെ പ്രഖ്യാപനം ഉണ്ടായത്. ഇതേത്തുടർന്ന് യതീംഖാന ഭാരവാഹികളും വിവിധ മുസ് ലിം സംഘടനകളും പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.
വിഷയത്തിൽ എല്ലാവരുടെയും സമ്മതം ഉറപ്പാക്കിയ ശേഷമേ തീരുമാനം ഉണ്ടാവുകയുള്ളൂ എന്ന് വഖ്ഫ് മന്ത്രി വി.അബ്ദു റഹ്‌മാന്റെ ഓഫിസ് ഇന്നലെ സുപ്രഭാതത്തോട് പറഞ്ഞു. കലാമണ്ഡലത്തിൽ ചേർന്ന മന്ത്രിമാരുടെ യോഗം പദ്ധതിയുടെ സാധ്യത പരിശോധിക്കുക മാത്രമാണ് ചെയ്തത്. സംസ്ഥാന സർക്കാരിന് തനിച്ച് തീരുമാനം എടുക്കാവുന്ന വിഷയമല്ല ഇത്. പദ്ധതിക്ക് അനുയോജ്യമായ സ്ഥലം എന്ന നിലയിൽ ആണ് ഇപ്പോൾ ചർച്ചയ്ക്കിടയാക്കിയ ഭൂമിയുടെ കാര്യം പരിഗണിച്ചത്. ഭൂമി സംബന്ധിച്ച ആക്ഷേപങ്ങൾ ബന്ധപ്പെട്ടവർക്ക് ബോർഡിനോട് ഉന്നയിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഭൂമി കലാമണ്ഡലം വികസനത്തിനായി നൽകുമെന്ന മന്ത്രിമാരുടെ പ്രഖ്യാപനം ഏകപക്ഷീയമാണ്. യതീംഖാന അധികൃതരുടെ സമ്മതത്തോടെ അല്ലാതെ ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചാൽ അതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് വ്യക്തമാക്കി.
ഭൂമി വിട്ടുകൊടുക്കില്ലെന്ന് യതീംഖാന
ചെറുതുരുത്തി: കലാമണ്ഡലത്തിന്റെ വികസനത്തിന് വഖ്ഫ് ബോർഡിന്റെ അഞ്ച് ഏക്കർഭൂമി വിട്ടുനൽകുമെന്ന മന്ത്രിമാരുടെ പ്രസ്താവന തള്ളി ചെറുതുരുത്തി നൂറുൽ ഹുദാ യതീംഖാന ഭരണസമിതി. വഖ്ഫ് ബോർഡിന്റെ അഞ്ച് ഏക്കർ ഭൂമി കലാമണ്ഡലത്തിന് നൽകുമെന്നാണ് മന്ത്രിമാർ പറയുന്നത്. എന്നാൽ ബോർഡിന് കലാമണ്ഡലം പരിസരത്ത് ഒരുതുണ്ട് ഭൂമിപോലുമില്ല. 1976ൽ സ്ഥാപിതമായ യതീംഖാനയുടേതാണ് ഭൂമി. അത് വിൽപന നടത്താനും കൈമാറ്റം ചെയ്യാനും പാടില്ലാത്തതാണ്.
കഴിഞ്ഞ 27ന് കലാമണ്ഡലം രജിസ്ട്രാർ യതീംഖാന സെക്രട്ടറിക്ക് ഭൂമി വിട്ടുനൽകാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഇത് ചർച്ച ചെയ്യാനിരിക്കെയാണ് ഒരു കൂടിയാലോചനയും നടത്താതെ മന്ത്രിമാരുടെ പ്രഖ്യാപനം. പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിയാലോചിച്ച് 12നുള്ളിൽ യതീംഖാന ഭൂമിയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് വർക്കിങ് പ്രസിഡന്റ് എം.പി കുഞ്ഞിക്കോയ തങ്ങൾ, ഓർഗനൈസിങ് സെക്രട്ടറി പി.എ അബ്ദുൽ കരീം, എം.വി സുലൈമാൻ, ടി.കെ സൈതലവി എന്നിവർ അറിയിച്ചു.
waq
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."