ആലപ്പുഴയില്‍ സി.പി.എമ്മിലെ പൊട്ടിത്തെറി തീരുന്നില്ല; വര്‍ഗവഞ്ചകനെന്നും രക്തസാക്ഷികള്‍ പൊറുക്കില്ലെന്നും സുധാകരനെതിരേ പോസ്റ്റര്‍
ആലപ്പുഴ: ആലപ്പുഴയില്‍ സി.പി.എമ്മിലെ പൊട്ടിത്തെറി അവസാനിക്കുന്നില്ല. എല്ലാം കറങ്ങിത്തിരിഞ്ഞെത്തുന്നത് മന്ത്രി ജി. സുധാകരനെതിരേയാണ്. ജി.സുധാകരന്‍ വര്‍ഗവഞ്ചകനാണെന്ന് ആക്ഷേപിച്ച് ഒടുവില്‍ വീണ്ടും പോസ്റ്റര്‍. പുന്നപ്ര സമരഭൂമി വാര്‍ഡിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
പുന്നപ്ര തെക്കു പഞ്ചായത്തിലെ സമരഭൂമിക്കു സമീപവും സി.പി.എം അമ്പലപ്പുഴ ഏരിയാ കമ്മിറ്റി ഓഫിസിന്റെ ചുറ്റുമതിലിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഒരെണ്ണം അമ്പലപ്പുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എച്ച്.സലാമിന്റെ പ്രചാരണ ബോര്‍ഡിലും പതിച്ചിട്ടുണ്ട്. പുന്നപ്ര വയലാര്‍ വെടിവയ്പു നടന്ന സ്ഥലത്തിനു സമീപമാണിത്.
രക്തസാക്ഷികള്‍ പൊറുക്കില്ലെന്നും സുധാകരന്‍ വര്‍ഗവഞ്ചകനാണെന്നും പോസ്റ്ററില്‍ ആക്ഷേപിക്കുന്നു. പോസ്റ്റര്‍ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. സംഭവത്തിനു പിന്നില്‍ ഒരു പറ്റം ക്രിമിനലുകളാണെന്ന് സി.പി.എം അമ്പലപ്പുഴ ഏരിയാ നേതൃത്വം വ്യക്തമാക്കി.
അതേ സമയം കായംകുളത്തെ എം.എല്‍.എ യു. പ്രതിഭയുടെ ഫേസ്ബുക്ക് വിവാദം തല്‍ക്കാലം കെട്ടടങ്ങിയിട്ടുണ്ടെങ്കിലും ദുരൂഹത തുടരുകയാണ്. അവിടെയും ജി. സുധാകരനെ ചുറ്റിപ്പറ്റിയാണ് വിവാദമെന്നാണ് ഉയരുന്ന ആരോപണം. അതേ സമയം ജി. സുധാകരന്റെ പെഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ മന്ത്രിക്കെതിരേ ഉയര്‍ത്തിയ ആരോപണത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുകയാണ്. വിഷയത്തില്‍ പാര്‍ട്ടി പതിനെട്ടടവു പയറ്റിയിട്ടും അവര്‍ പിന്‍മാറിയിട്ടില്ല. ഇതു ലക്ഷ്യമാക്കിയാണ് യു. പ്രതിഭയുടെ പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കുമെന്ന പഴമൊഴി പ്രയോഗമെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."