കച്ചവടവും സകാത്തും
തൊഴിലിനും തൊഴിലാളികള്‍ക്കും മഹത്വവും അംഗീകാരവും നല്‍കുന്ന മതമാണ് ഇസ്‌ലാം. തൊഴിലില്‍ വളരെ ഉന്നതനിലവാരം പുലര്‍ത്തുന്നതാണ് കച്ചവടം. കച്ചവടത്തിന്റെ മഹത്വം വിവരിക്കുന്ന ധാരാളം പ്രവാചക വചനങ്ങള്‍ കാണാം. അബൂ സഈദില്‍ ഖുദ്‌രി(റ)നിന്ന് നിവേദനം നബി(സ്വ) പറയുന്നു: മുസ്‌ലിമും സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരന്‍ നാളെ സിദ്ദിഖീങ്ങളോടും ശുഹദാക്കളോടും കൂടെ സ്വര്‍ഗത്തിലാണ്(ഇബ്‌നുമാജ). സത്യസന്ധരായ കച്ചവടക്കാരെ നാളെ മഹ്ശറയില്‍ അര്‍ശിന്റെ തണല്‍ ലഭിക്കുന്നവരില്‍ ഉള്‍പ്പെടുത്തുന്നതാണ് (തഹ്ദീബുല്‍ ആസാര്‍).
എന്താണ് കച്ചവടം?
കേവലം വില്‍ക്കലും വാങ്ങലും മാത്രമാണ് കച്ചവടം എന്ന ധാരണ ശരിയല്ല. ലാഭം ഉദ്ദേശിച്ചുകൊണ്ട് പരസ്പര കൈമാറ്റത്തിലൂടെയുള്ള സാമ്പത്തിക തിരിമറിയാണ് കച്ചവടം(തുഹ്ഫ). ലാഭോദ്ദേശ്യത്തോടെ വാങ്ങി വില്‍ക്കലാവാം, വാടകയ്ക്ക് വാങ്ങി വാടകയ്ക്ക് കൊടുക്കലാവാം അതു രണ്ടും ശറഇന്റെ വീക്ഷണത്തില്‍ കച്ചവടമാണ്. ഇവ രണ്ടും നേരിട്ടും അല്ലാതെയും ഉണ്ട്. ഉദാഹരണത്തിന് പഴം കച്ചവടക്കാരന്‍ പഴം വാങ്ങി ലാഭത്തിനു വില്‍ക്കുന്നു. ഇത് നേരിട്ട് വാങ്ങിയത് തന്നെ വില്‍ക്കലാണ്. ജ്യൂസ് കച്ചവടക്കാരന്‍ പഴം വാങ്ങി ജ്യൂസാക്കി ലാഭത്തിന് വില്‍ക്കുന്നു. ഇത് നേരിട്ടുള്ള വില്‍പ്പനയല്ല. മറിച്ച് വസ്തുവിനെ മാറ്റം വരുത്തിയുള്ള വില്‍പ്പനയാണ്. ഇതും കച്ചവടം തന്നെ. ഒരാള്‍ കമ്പിയും സിമന്റും മണലും മറ്റും വാങ്ങി വീടാക്കി വില്‍ക്കുന്നു. ഇതും കച്ചവടമാണ്. ചെരുപ്പുകുത്തി തന്റെ ജോലിക്ക് ആവശ്യമായ ലെദര്‍, നൂല്, പോളീഷ് ചെയ്യുന്ന പെയിന്റ്, മറ്റു ചെരുപ്പിന് ആവശ്യമായ വസ്തുക്കള്‍ തുടങ്ങിയവ വാങ്ങുകയും ചെരിപ്പ് തുന്നുകയും പോളിഷ് ചെയ്ത് വില്‍ക്കുകയും ചെയ്യുന്നു. ഇതും കച്ചവടമാണ്. കല്ലു കൊത്തുകാരന്‍ അനുയോജ്യമായ സ്ഥലം അതിന്റെ ഉടമയില്‍നിന്നു ഒരു കൊല്ലത്തേക്ക് വാടകക്കെടുത്തു അതില്‍നിന്ന് കല്ലെടുത്തു വില്‍ക്കുകയാണെങ്കില്‍ അതും കച്ചവടമാണ്. കുരുമുളകും കശുവണ്ടിയും മറ്റു മലഞ്ചരക്കുകളും പാട്ടത്തിന് മതിച്ചു വാങ്ങുന്നവരുണ്ട്. അതും കച്ചവടമാണ്. കാരണം അവ മതിച്ച് വാങ്ങി പറിച്ച് വില്‍ക്കുകയാണ്. എന്നാല്‍ അവനവന്റെ തോട്ടത്തിലെ റബറും കുരുമുളകും പറിച്ച് വില്‍ക്കല്‍ കച്ചവടമല്ല. അതുപോലെ ഭൂമിയോ ബില്‍ഡിങ്ങോ വിലയ്ക്കുവാങ്ങി അതില്‍നിന്നുള്ള വരുമാനവും വാടകയും വാങ്ങല്‍ കച്ചവടമല്ല. അത് ഈ ഇനത്തില്‍പ്പെടില്ല.
കച്ചവടത്തിലെ സകാത്ത്
സകാത്ത് നിര്‍ബന്ധമാകുന്ന എട്ടിനങ്ങളില്‍ കച്ചവടം ഉള്‍പ്പെടുമെന്നതാണ് പണ്ഡിത വീക്ഷണം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'വിശ്വാസികളേ നിങ്ങള്‍ സമ്പാദിക്കുന്നതിലെ നല്ലതില്‍നിന്ന് നിങ്ങള്‍ ചെലവഴിക്കുവീന്‍'( അല്‍ബഖറ 267).' ഇത് കച്ചവടത്തില്‍ അവതരിച്ചതാണെന്ന് ' പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ താബിഈ പണ്ഡിതന്‍ മുജാഹിദ്(റ) പറഞ്ഞു(മുഗ്‌നി 214)). അബൂദര്‍റ്(റ ) നിവേദനം നബി(സ്വ) പറഞ്ഞു: ഒട്ടകത്തിലും ആടിലും മാടിലും സകാത്തുണ്ട്. കച്ചവടത്തിന് ഒരുക്കപ്പെട്ടതിലും സകാത്തുണ്ട്( ഹാകിം). കച്ചവടത്തിലെ സകാത്ത് നിര്‍ബന്ധമാകുന്നതില്‍ രണ്ടു നിബന്ധനയുണ്ട്. 1- കൊല്ലം പൂര്‍ത്തിയാവുക 2- നിസ്വാബ് (കണക്ക്) എത്തുക
എന്താണ് നിസ്വാബ്?
സ്വര്‍ണം കൊടുത്ത് കച്ചവടച്ചരക്ക് വാങ്ങിയ വ്യാപാരത്തില്‍ വര്‍ഷാവസാനം കടയിലുള്ള മുഴുവന്‍ കച്ചവടച്ചരക്കുകളുടെയും തുക 85 ഗ്രാം സ്വര്‍ണത്തിന്റെ തുകയുടെ അത്ര ആകലാണ് നിസ്വാബ്. വെള്ളി കൊടുത്ത് കച്ചവടച്ചരക്ക് വാങ്ങിയ കച്ചവടത്തിലെ നിസ്വാബ് വര്‍ഷാവസാനം 595 ഗ്രാം വെള്ളിയുടെ വിലയുടെ അത്ര ആകലാണ്. എന്നാല്‍ ഇന്ന് നാം കറന്‍സി നല്‍കിയാണു കച്ചവടച്ചരക്കുകള്‍ വാങ്ങുന്നത്. കറന്‍സിയില്‍ വെള്ളിയുടെ നിസ്വാബാണ് പരിഗണിക്കുന്നത്. അതിനാല്‍ വര്‍ഷാവസാനം കടയിലുള്ള മുഴുവന്‍ കച്ചവടച്ചരക്കുകളുടെയും തുക 595 ഗ്രാം വെള്ളിയുടെ തുകയ്ക്ക് സമാനമാവലാണ് ഇപ്പോഴത്തെ കണക്കനുസരിച്ച് നിസ്വാബ്. ഏകദേശം 42,000 രൂപ( ഇത് ഓരോ ദിവസവും വ്യത്യാസപ്പെടാം). ഈ നിസ്വാബ് എത്തിയ കച്ചവടത്തില്‍ സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണ്.
കൊല്ലം പൂര്‍ത്തിയാവുക
കച്ചവട വര്‍ഷം ആരംഭിക്കുന്നത് തുടങ്ങിയ അന്ന് മുതലോ ഉദ്ഘാടനം ചെയ്തത് മുതലോ അല്ല. രണ്ട് രീതിയില്‍ കച്ചവട വര്‍ഷം ആരംഭിക്കാം. ഒന്ന്: കച്ചവടക്കാരന്റെ കൈവശം നേരത്തെ പറഞ്ഞ നിസ്വാബ് തുക എത്തിയതു മുതല്‍ (തുഹ്ഫ ). ഉദാഹരണം കച്ചവടം തുടങ്ങാനുള്ള നിസ്വാബ് തുകയോ കൂടുതലോ റമദാന്‍ ഒന്നിന് ഒരാളുടെ കൈവശം ഉണ്ട്, ശവ്വാല്‍ ഒന്നിന് അയാള്‍ ആ മുതല് കൊണ്ട് ചരക്ക് വാങ്ങി, ദുല്‍ഖഅ്ദ ഒന്നിന് അയാള്‍ കച്ചവടം ആരംഭിച്ചു, എങ്കില്‍ ഇവിടെ കച്ചവട വര്‍ഷം ആരംഭിക്കുന്നത് റമദാന്‍ ഒന്നിനാണ്. കാരണം റമദാന്‍ ഒന്നുമുതല്‍ അയാളുടെ അടുത്ത് നിസ്വാബ് തുകയുണ്ട്. ഇവിടെ ന്യായമായ ഒരു സംശയം വരാം; ഒരാളുടെ കൈവശം നിക്ഷേപമായി നിസ്വാബ് തുക ഉണ്ടാവുകയും ഒരുപാട് കൊല്ലങ്ങള്‍ക്ക് ശേഷമാണ് അയാള്‍ കച്ചവടം തുടങ്ങുന്നത് എങ്കില്‍ എപ്പോഴാണ് കച്ചവട വര്‍ഷം ആരംഭിക്കുന്നത്. ഇതിന്റെ മറുപടി: നിസാബ് തുക കൈവശമുള്ള ഇയാള്‍ ഓരോ വര്‍ഷവും ആ തുകയുടെ സകാത്ത് നല്‍കണം. കച്ചവടം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സകാത്ത് കൊടുത്ത തിയതിയില്‍ നിന്നാണ് ഇവിടെ കച്ചവട വര്‍ഷം ആരംഭിക്കുന്നത്. നിസ്വാബ് തുക കൈവശമുള്ളയാള്‍ കച്ചവടം തുടങ്ങുന്നത് ആ വര്‍ഷം അവസാനിക്കുന്നതിന് രണ്ടുദിവസം മുന്‍പാണെങ്കില്‍ പോലും രണ്ടുദിവസം കഴിഞ്ഞാല്‍ നിസ്വാബുണ്ടെങ്കില്‍ അയാള്‍ കച്ചവടത്തിന് സകാത്ത് നല്‍കണം എന്നര്‍ഥം.
രണ്ട്, നിസാബ് തുകയുടെ അത്ര കച്ചവടച്ചരക്ക് ഇല്ലാതെയാണ് ഒരാള്‍ കച്ചവടം തുടങ്ങുന്നതെങ്കില്‍ കച്ചവടച്ചരക്ക് വാങ്ങിയതു മുതലാണ് വര്‍ഷം ആരംഭിക്കുക. ഇവിടെയും കച്ചവടം തുടങ്ങിയത് മുതല്‍ അല്ല വര്‍ഷം ആരംഭിക്കുന്നത് ( തുഹ്ഫ). ഉദാഹരണം ഒരു ചെറിയ കച്ചവടക്കാരന്‍ ശവ്വാല്‍ രണ്ടിന് കുറച്ച് കച്ചവടച്ചരക്ക് വാങ്ങി. ദുല്‍ഖഅദ് മാസത്തിലാണ് അയാള്‍ കച്ചവടം തുടങ്ങിയത്. എന്നാല്‍, ഇവിടെ വര്‍ഷം ആരംഭിക്കുന്നത് ശവ്വാല്‍ രണ്ടിനാണ്, കാരണം അന്നാണ് അയാള്‍ ചരക്ക് വാങ്ങിയത്. ഈ രീതിയില്‍ നിസ്വാബ് എത്തിയിട്ടോ എത്താതെയോ കച്ചവടം തുടങ്ങി വര്‍ഷാവസാനം നിസ്വാബ് തുക ഉണ്ടെങ്കില്‍ സകാത്ത് നല്‍കണം. കച്ചവടം തുടങ്ങിയതിനുശേഷം കൊല്ലം പൂര്‍ത്തിയാകുന്നതിനു മുമ്പേ കച്ചവട സാധനങ്ങള്‍ വിറ്റ് നാണയമായി മാറിയാല്‍ അത് നിസ്വാബിനെക്കാളും താഴെയാണെങ്കില്‍ അതിലേ വര്‍ഷം മുറിഞ്ഞു. അഥവാ അതിന് സകാത്ത് നല്‍കേണ്ടതില്ല. അപ്പോള്‍ ചെറുകിട ഹോട്ടലുകാര്‍, മീന്‍ കച്ചവടക്കാര്‍, ഇറച്ചി കച്ചവടക്കാര്‍, പോലുള്ള വൈകുന്നേരത്ത് എല്ലാം വിറ്റു തീര്‍ക്കുന്നവര്‍ക്ക് സകാത്ത് ബാധകമാവുകയില്ല. എന്നാല്‍, 595 ഗ്രാം വെള്ളിയുടെ പൈസ അതിനുണ്ടെങ്കില്‍ കൊല്ലം മുറിയുന്നില്ല. സകാത്ത് നിര്‍ബന്ധമാകും. കാരണം അത് കച്ചവടം മാറി നിസ്വാബ് പൈസയായി എന്നേയുള്ളൂ. അതു രണ്ടും സകാത്ത് നിര്‍ബന്ധമുള്ളതാണല്ലോ.
ലാഭം
കൊല്ലം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കച്ചവടത്തില്‍ വരുന്ന ലാഭം നാണയമാക്കപ്പെടാത്ത കച്ചവട സാധനം തന്നെയാണെങ്കില്‍ അതിനെ കൊല്ലാവസാനം മൂലധനത്തിലേക്ക് ചേര്‍ത്ത് നിസ്വാബ് എത്തിയെങ്കില്‍ അതിനും സകാത്ത് നല്‍കേണ്ടതാണ്. ലാഭം ഇനി പൈസയായി മാറിയെങ്കില്‍ അത് നിസ്വാബിന്റെ താഴെയാണെങ്കില്‍ സകാത്തില്ല. നിസ്വാബ് എത്തിയാലും അതിനെ സൂക്ഷിക്കാതെ ഉപയോഗിച്ചാല്‍ സകാത്തില്ല. മറിച്ച് നിസ്വാബ് എത്തിയ ലാഭം ഒരു വര്‍ഷം സൂക്ഷിച്ചാല്‍ അതിന് ഒരു വര്‍ഷത്തെ നാണയത്തിന്റെ സകാത്ത് നല്‍കണം.
സകാത്ത് നല്‍കുന്നതിന് രണ്ട് നിബന്ധനകളാണുള്ളത്. 1) നിയ്യത്ത്: ശറഇല്‍ ആരാധനകള്‍ക്ക് പൊതുവേ നിയ്യത്ത് നിര്‍ബന്ധമായത് പോലെ സകാത്തിനും നിര്‍ബന്ധമാണ്. നിയ്യത്തോടെ നല്‍കിയാലേ സകാത്ത് സ്വഹീഹാവുകയുള്ളൂ. മുതലില്‍ നിന്ന് സകാത്തിനെ നീക്കിവയ്ക്കുമ്പോഴോ അവകാശികള്‍ക്ക് കൊടുക്കുമ്പോഴോ സകാത്ത് കൊടുക്കാന്‍ വക്കീലിനെ ഏല്‍പ്പിക്കുമ്പോഴോ നിയ്യത്ത് വെക്കാവുന്നതാണ്. ഇത് എന്റെ മുതലിന്റെ ഫര്‍ളായ സകാത്താണ് എന്നോ, ഇത് എന്റെ മുതലിന്റെ സകാത്താണ് എന്നോ നിയ്യത്ത് വെക്കാം. സകാത്തിന്റെ രണ്ടാമത്തെ നിബന്ധന സകാതിന്റെ അവകാശികള്‍ക്ക് നല്‍കുക എന്നതാണ്. മുതലിന്റെ ഉടമ നേരിട്ട് നല്‍കുകയോ മറ്റൊരാളെ നല്‍കാന്‍ വക്കാലത്താക്കുകയോ, ഇസ്‌ലാമിക ഭരണ സംവിധാനമുള്ളിടത്ത് ഇമാമിനേയോ ഇമാമിന്റെ പ്രതിനിധിയെയോ ഏല്‍പ്പിക്കാവുന്നതോ ആണ്. ഇതിലൊന്നും പെടാത്ത വിധം സകാത്ത് കമ്മിറ്റിയെ ഏല്‍പ്പിക്കുന്നതും അത് പിരിച്ചെടുക്കാന്‍ കമ്മിറ്റിയുണ്ടാക്കലുമൊക്കെ ഇന്ന് ചിലയിടങ്ങളില്‍ കേട്ടുവരുന്നുണ്ട്. അതൊന്നും ശരിയല്ല. എന്നുമാത്രമല്ല, സകാത്ത് വീടുകയുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."