പുറപ്പെടലുകളും എത്തിച്ചേരലുകളും
പുസ്തകപ്പാത
വി. മുസഫര്‍ അഹമ്മദ്
തിരുവനന്തപുരത്ത് കനകക്കുന്നില്‍ മാതൃഭൂമി സാഹിത്യോത്സവത്തില്‍ (MBIFL-എഡിഷന് 4) ഫെബ്രുവരി നാലിന് പെഗ്ഗി മോഹനുമായുള്ള (Wanderers, Kings, Merchants എന്ന വിഖ്യാത കൃതിയുടെ രചയിതാവ്) സംഭാഷണത്തില്‍ ടാന്‍സാനിയന്‍-ബ്രിട്ടീഷ് എഴുത്തുകാരനും സാഹിത്യ നൊബേല്‍ സമ്മാന ജേതാവുമായ അബ്ദുറസാഖ് ഗുര്‍ന പ്രവാസത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: പുറപ്പെടലുകളിലും എത്തിച്ചേരലുകളിലും ഒരേ ആകുലതകള്‍, ഭയം നിലനില്ക്കുന്നു. ഒരിടത്ത് എത്തിച്ചേര്‍ന്നാല്‍ ജനിച്ച മണ്ണിലേക്കുള്ള മടക്കം അസാധ്യമാണ്. അവിടെ അതിജീവിക്കുക എന്നതാണ് പ്രവാസിയുടെ വിധി. പരാജയപ്പെട്ടാലും വിജയിക്കുംവരെ പൊരുതി നില്ക്കുക, അതാണ് പ്രവാസത്തിന്റെ യഥാര്‍ഥ സ്വഭാവം. സ്വന്തം നാട്ടിലേക്കു മടങ്ങിക്കൂടെ എന്ന് പലരും ചോദിക്കും. പക്ഷേ ഈ പ്രവാസി ഇതിനിടയില്‍ അച്ഛനോ അമ്മയോ ചിലപ്പോള്‍ എത്തിച്ചേര്‍ന്ന നാട്ടിലെ അഭയാര്‍ഥി പരിഗണനാപ്പട്ടികയിലോ അല്ലെങ്കില്‍ പൗരന് തന്നെയോ ആയിത്തീര്‍ന്നിരിക്കും. അതിനാല്‍ എത്തിച്ചേര്ന്നയിടത്തുനിന്നുകൊണ്ടുതന്നെ അതിജീവനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കും. ഞാന്‍ പരിചയിച്ച പ്രവാസത്തിന്റെ ഉള്ളടക്കം, സ്വഭാവം അതാണ്. പുറപ്പെടലുകളും എത്തിച്ചേരലുകളും ഒരു പ്രവാസിയില്‍ ഒരിക്കലും സമ്പൂര്‍ണമായും സംഭവിക്കുന്നില്ല. അതിനാല്‍ ഗൃഹാതുരത്വമല്ല, അതിജീവനത്വരയാണ് ഓരോ പ്രവാസിയെയും മുന്നോട്ടുനയിക്കുന്നത്. അതിനാല്‍ ചില വായനക്കാര്‍ എന്റെ നോവല്‍ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നില്ലെന്നും അത് തുടര്‍ന്നു കൊണ്ടേയിരിക്കുകയാണെന്നും പരാതിപ്പെടുന്നു: 18-ാം വയസില്‍ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് ജന്മനാടായ സാന്സിബാറില് നിന്ന് (ഇപ്പോഴിത് ടാന്‍സാനിയയുടെ ഭാഗം) യു.കെയിലേക്ക് പലായനം ചെയ്ത ഗുര്‍ന പിന്നീടവിടെ പഠിക്കുകയും കെന്റ് യൂണിവേഴ്സിറ്റിയില്‍ ദീര്‍ഘകാലം ഇംഗ്ലീഷ് സാഹിത്യ അധ്യാപകനായി ജോലിയില്‍ തുടരുകയും ചെയ്തു. ഈ പ്രവാസ അനുഭവം, പുറപ്പെടല്‍, എത്തിച്ചേരല്‍ എപ്പോഴും അദ്ദേഹത്തിന്റെ നോവലുകളുടെ കേന്ദ്രപ്രമേയവുമാണ്.
സദസിന്റെ മുന്‍നിരയിലിരുന്ന് ഈ വാക്കുകള്‍ കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ പത്തു നോവലുകളുടെയും ഊന്നല്‍ ഈ പറഞ്ഞ കാര്യമാണെന്ന് ഒരിക്കല്‍കൂടി അനുഭവപ്പെട്ടു. ഗുര്‍ണയുടെ ഈ അനുഭവ പരിസരത്തെ വിശദമാക്കുന്നതാണ് ഫസല്‍ റഹ്മാന് എഴുതിയ പഠനഗ്രന്ഥം അബ്ദുല്‍ റസാഖ് ഗുര്‍നായുടെ നോവലുകള്‍ (പ്രസാധനം: ലോഗോസ്). അദ്ദേഹത്തിന്റെ മൂന്നു നോവലുകളുടെ മലയാള പരിഭാഷ ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ ഗുര്‍ണയുടെ നോവലുകളെക്കുറിച്ചുള്ള മലയാളത്തിലുള്ള ഏക പഠനഗ്രന്ഥമാണിത്.
ഗുര്‍ണയുടെ ആദ്യ നോവല്‍ Memory of deparutreനെക്കുറിച്ചുള്ള ലേഖനം തുടങ്ങുന്നത് നൊബേല്‍ കമ്മിറ്റി അധ്യക്ഷന്‍ ആന്റെഴ്സണ്‍ ഓള്സണ്-ന്റെ വാക്കുകളോടെയാണ്: ഗുര്‍നയുടെ കൃതികള്‍ അദ്ദേഹത്തിന്റെ പ്രവാസകാലം തൊട്ടാണ് സംഭവിക്കുന്നതെങ്കിലും അദ്ദേഹം വിട്ടുപോന്ന ഇടത്തെക്കുറിച്ചുള്ളവയാണ്. എന്നു വെച്ചാല്‍ അദ്ദേഹത്തിന്റെ കൃതികളുടെ ഉല്‍പ്പത്തിയില്‍ ഓര്മ എന്നതിന് പ്രധാന സ്ഥാനമുണ്ട്: പ്രവാസം, ഓര്മ, വിട്ടുപോന്നയിടം, എത്തിച്ചേര്‍ന്ന സ്ഥലം എന്നീ നാലു കാര്യങ്ങള്‍ ഗുര്‍ണയുടെ നോവലുകളില്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുന്നുവെന്ന് വിശദമായി പരിശോധിക്കാനുള്ള ശ്രമമാണ് ഫസല്‍ റഹ്മാന് നടത്തുന്നത്.
Memory of deparutreലെ രാഷ്ട്രീയ പ്രശ്നത്തിലേക്ക്, രാജ്യത്ത് ഉരുണ്ടുകൂടിക്കൊണ്ടേയിരിക്കുന്ന സംഘര്‍ഷങ്ങളുടെ കാരണത്തിലേക്ക് നോവലിലെ ഈ അവതരണത്തിലൂടെ ഗ്രന്ഥകര്‍ത്താവ് വായനക്കാരെ നയിക്കുന്നു: പരീക്ഷകള്‍ തുടങ്ങും മുമ്പെ അവ കഴിഞ്ഞാലും ഫലം ഒരിക്കലും പുറത്തുവരില്ലെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. വിജയിക്കുന്ന വിദ്യാര്‍ഥികള്‍ നാടുവിടാന്‍ താല്പര്യപ്പെടുന്നു എന്നത് സര്‍ക്കാരിനെ ഉത്കണ്ഠപ്പെടുത്തിയിരുന്നു. അങ്ങനെ, ഒട്ടേറെപ്പേര്‍ അങ്ങനെ വിട്ടുപോയ നിലക്ക്, അധ്യാപകരുടെയും ഗുമസ്തന്മാരുടെയും കുറവ് വര്‍ധിക്കുന്നുണ്ടായിരുന്നു: സാന്‍സിബാറിന്റെ സാമൂഹികചിത്രം ഈ വരികളിലൂടെ അങ്ങേയറ്റം കൃത്യമായി ഗുര്‍ണ അവതരിപ്പിക്കുന്നതായി ഫസല്‍ റഹ്മാന് നിരീക്ഷിക്കുന്നു. ഗുര്‍ണയുടെ പ്രവാസ നായകന്മാര് പാശ്ചാത്യലോകത്തു കഴിയുമ്പോഴും തങ്ങള്‍ പഴയ നാട്ടില്‍ വിട്ടുപോയതെന്തോ അവരുടെ ഓര്‍മ്മകളാല്‍ വേട്ടയാടപ്പെടുന്നവരാണെന്ന് പുസ്തകം ചൂണ്ടിക്കാണിക്കുന്നു. ‘പ്രവാസിയാകുന്നതിന്റെ ചടുലമായ അവസ്ഥ’ വര്‍ത്തമാനകാല ലോകാനുഭവത്തിന്റെ ദുരന്തപ്രകൃതമാണെന്ന ഗുര്‍നയുടെ നിരീക്ഷണവും ഈ വാദത്തെ വിശദമാക്കാനായി ഗ്രന്ഥകര്‍ത്താവ് അവതരിപ്പിക്കുന്നു. ഗുര്‍നയുടെ രണ്ടാമത്തെ നോവല്‍ Pilgrims wayയെ ഫസല്‍ റഹ്മാന് ഇങ്ങനെ സംക്ഷിപ്തമാക്കുന്നു: മുഖ്യമായും ആഭ്യന്തര പറിച്ചുനടല്തന്നെയായ വിട്ടുപോക്കും പ്രവാസവുമാണ് ആദ്യ നോവലിന്റെ പ്രമേയമെങ്കില്‍, രണ്ടാമത് നോവല്‍ ജന്മദേശം വിട്ടു മറ്റൊരു വന്‍കരയിലേക്കുള്ള പ്രവാസത്തിലൂടെയാണ് ഓര്‍മ്മ, സ്വത്വം, സ്വദേശബോധം തുടങ്ങിയ പ്രമേയങ്ങളെ സമീപിക്കുന്നത്: ഗുര്‍ണയുടെ നോവലുകളുടെ പുതിയ ചുവടുകള്‍, അടരുകള്‍ ഈ വാക്കുകളിലൂടെ വായനക്കാര്‍ക്ക് കൂടുതല്‍ തെളിഞ്ഞുകിട്ടുന്നു.
ഗുര്‍ണയുടെ മൂന്നാമത്തെ നോവല്‍ ഡോട്ടിയെക്കുറിച്ച് ഇങ്ങനെ വായിക്കാം: അവ്യക്തമായ സങ്കരവേരുകളുള്ള ദരിദ്രകുടുംബത്തിന്റെ അവശിഷ്ടങ്ങളായ ഡോട്ടി, സോഫി, ഹഡ്സണ്‍ എന്നിങ്ങനെ അനാഥ ബാല്യം ബ്രിട്ടനില്‍ കഴിയുന്ന മൂന്നു സഹോദരങ്ങളുടെ കഥ പറയുന്നു. ഇക്കൂട്ടത്തില്‍ നോവലിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രം രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടുന്ന കാലത്ത് ലീഡ്സില്‍ ജനിക്കുന്ന ‘ഡോട്ടി ബദൂറാ ഫാത്മ ബാല്‍ഫൂര്‍’ എന്ന വിചിത്രമായ പേരു നല്കപ്പെടുന്ന ഡോട്ടിയാണ്: കാര്‍ഡിഫിലെ കുടിയേറ്റ കുടുംബത്തില്‍നിന്ന് പതിനേഴാം വയസില്‍ ഓടിപ്പോയതാണ് അവരുടെ അമ്മ. കുടിയേറ്റത്തിൻ്റെയും പ്രവാസത്തിൻ്റെയും പാതയിലൂടെത്തന്നെയാണ് ഗുര്‍ണ ഈ നോവലിലും കഥ പറയുന്നത്.
Paradise എന്ന ഗുര്‍ണയുടെ നാലാമത്തെ നോവലാണ് അദ്ദേഹത്തെ ലോകശ്രദ്ധയിലേക്കു കൊണ്ടുവന്നത്. 1994ല്‍ ബുക്കര്‍ സമ്മാനത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ കൃതിയാണിത്. ഈ നോവലില്‍ കേന്ദ്ര കഥാപാത്രം യൂസുഫാണ്. യൂസുഫ് നബിയുടെ ഓര്‍മകള്‍കൂടി പങ്കുവച്ചാണ്, കണ്ണിചേര്‍ത്തുകൊണ്ടാണ് കഥാപാത്രത്തിന് നോവലിസ്റ്റ് ഈ പേരു നല്‍കുന്നത്. ഗുജറാത്തികളും പഞ്ചാബികളും കഥാപാത്രങ്ങളാകുന്ന (കിഴക്കനാഫ്രിക്കയുടെ ഇന്ത്യന്‍ ബന്ധത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്ന) നോവല്‍ കൂടിയാണിത്. പിതാവിന്റെ കടം വീട്ടാന്‍ ഹോട്ടല്‍ ബിസിനസുകാനായ മുതലാളിക്ക് വില്‍ക്കപ്പെടുന്ന യൂസുഫിലൂടെയാണ് കഥ വികസിക്കുന്നത്. ഗുര്‍ണയുടെ മറ്റു കൃതികളില്‍ നിന്ന് വ്യത്യസ്തമായി ഒന്നാം ലോക യുദ്ധത്തിനുമുമ്പ് കിഴക്കനാഫ്രിക്കയിലെ ജര്‍മന്‍ കോളനികാലത്താണ് കഥ നടക്കുന്നത്.
Admiring silence, By the sea എന്നീ നോവലുകളെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് ഇങ്ങനെ എഴുതുന്നു: അഭയാര്‍ഥി അനുഭവത്തെ കൈകാര്യം ചെയ്യുന്നതില്‍ ഗുര്‍ണ എപ്പോഴും ശ്രദ്ധയൂന്നുന്നത് സ്വത്വം, സ്വന്തം പ്രതിച്ഛായ എന്നിവയിലാണ്. ഈ രണ്ടു നോവലുകളിലും അത് ഏറ്റവും പ്രകടവുമാണ്. പ്രഥമ വ്യക്തിക ആഖ്യാനം ഉള്ള ഈ രണ്ടു നോവലുകളിലും (Firs t-person novels)വംശീയതയില്‍നിന്നും മുന്‍വിധികളില്‍നിന്നും സ്വയം പ്രതിരോധിക്കുന്നതിന് അഭയാര്‍ഥിയുടെ തന്ത്രമായി മൗനം അവതരിപ്പിക്കുന്നു: മൗനത്തിന്റെ പെരുമ്പാതയാണ് അഭയാര്‍ഥിയുടെ യാത്രാപഥം. എത്തിച്ചേര്‍ന്ന ദേശത്ത് പുറപ്പെട്ടു പോന്നയിടത്തെ പല കാര്യങ്ങളെക്കുറിച്ചുമുള്ള മൗനം, പുറപ്പെട്ടുപോന്ന ദേശത്ത് എത്തിച്ചേര്ന്നയിടത്തെ പല കാര്യങ്ങളെക്കുറിച്ചമുള്ള മൗനം- ഇങ്ങനെ ജീവിക്കുന്ന പ്രവാസി/അഭയാര്‍ഥിയുടെ ജീവിതങ്ങളിലേക്ക് ഗുർന വെളിച്ചം പായിക്കുന്നത് എങ്ങിനെയെന്ന് ഈ പുസ്തകം എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുംവിധം വിശദീകരിക്കുന്നു. ഈ രണ്ടു നോവലുകളെക്കുറിച്ചുള്ള പഠന ലേഖനത്തിന്റെ ശീര്‍ഷകം ‘അടയുന്ന പിന്‍വാതില്‍’ അങ്ങേയറ്റം അര്‍ഥവത്തായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ഗുർനയുടെ നോവല്‍ Desertion-നെക്കുറിച്ച് പുസ്തകത്തില്‍ ആന്റെഴ്സണ്‍ ഓള്‍സന്റെ വാക്കുകള്‍ വീണ്ടും ഉദ്ധരിക്കുന്നു: നോവലിന്റെ അന്തര്‍ധാര സാന്‍സിബാറിലെ ഗുർനയുടെ സ്വന്തം യൗവനമാണ്, അവിടെ നൂറ്റാണ്ടുകളായി വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും മതങ്ങളും ഒരേപോലെ നിലനില്ക്കുകയും അതേസമയം മേധാവിത്തത്തിനുവേണ്ടി പരസ്പരം കൊമ്പുകോര്‍ക്കുകയും ചെയ്തുവന്നു. അദ്ദേഹത്തിന്റെ നോവലുകള്‍ ആംഗ്ലോ-സാക്സന്‍ പാരമ്പര്യവുമായുള്ള സങ്കീര്‍ണ ബാന്ധവത്തില്‍ രചിക്കപ്പെട്ടവയാണെങ്കിലും അവയുടെ സാര്‍വജനീന പശ്ചാത്തലം അവക്ക് വ്യത്യസ്തത നല്കുന്നു. സംഭാഷണവും ഉച്ചാരണവും വാക്കുകളും ഒരു സുപ്രധാന കടമ നിര്‍വഹിക്കുന്നു. അവയില്‍ സ്വാഹിലി, അറബിക്, ഹിന്ദി, ജര്‍മ്മന്‍ ഘടകങ്ങള്‍ പ്രകടമാണ്: പ്രവാസത്തില്‍ സംഭവിക്കുന്ന വിവിധ ഭാഷകളുടെ കലരല്‍ എങ്ങനെ ഗുര്‍ണയുടെ രചനാലോകത്ത് സംഭവിക്കുന്നു എന്നതിലേക്ക് ഈ അഭിപ്രായം വായനക്കാരെ നയിക്കുന്നു. മൈക്ക് ഫിലിപ്സിന്റെ അഭിപ്രായം നോവലിനെക്കുറിച്ചുള്ള പ്രധാന നിരീക്ഷണമായി ഗ്രന്ഥകര്‍ത്താവ് ഉദ്ധരിക്കുന്നു: പരിത്യജിക്കലും ഉപേക്ഷിക്കലുമാണ് നോവലിലുടനീളം കാണാവുന്ന പ്രമേയങ്ങള്‍, അതാണ് (നോവലിലെ) ദുരന്തപ്രണയകഥകളെ കിഴക്കന്‍ ആഫ്രിക്കന്‍ തീരത്തിന്റെ ചരിത്രവുമായി ബന്ധിപ്പിക്കുന്നതും:
പ്രവാസം, കുടിയേറ്റം, അഭയാര്‍ഥിത്വം എന്നീ പ്രമേയങ്ങള്‍ക്കൊപ്പം ഗുര്‍ണ കൈകാര്യം ചെയ്യുന്ന മറ്റൊരു വിഷയം ‘കുറ്റബോധം’ ആണ്. The last gif t എന്ന നോവലില്‍ ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യപ്പെട്ടു എന്നത് ‘വേരുകളില്‍ കാത്തുവെക്കുന്ന പാരിതോഷികങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ പുസ്തകത്തിലുള്ള അധ്യായം പഠിക്കുന്നു. ഈ നോവലിലെ നായകനായ അബ്ബാസിനെക്കുറിച്ച് ഇങ്ങനെ: ഒരു ജീവിതത്തിനു എത്രമാത്രം നിഷ്ഫലമാകാമോ അത്രയും നിഷ്ഫലമായ ജീവിതത്തിനുശേഷം അപരിചിത നാട്ടില്‍ രോഗിയായി വീണുപോയ അപരിചിത യാത്രികന്: ഇങ്ങനെ വീണുപോയ അബ്ബാസിന് നിരവധി കുറ്റബോധങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഗര്‍ഭിണിയായ ഭാര്യയെ സാന്സിബാറില് ഉപേക്ഷിച്ചതായിരുന്നു. Gravel Heart എന്ന നോവലിനെക്കുറിച്ച് പുസ്തകം പറയുന്നു: വേരറ്റ പ്രവാസി എന്ന നിലയില്‍ അയാളുടെ (സലീം എന്ന മുഖ്യകഥാപാത്രത്തിന്റെ) മുഴുവന്‍ സഞ്ചാരപഥത്തെ സംബന്ധിച്ചും നിര്‍ണായകമായ ഒരു കുടുംബ രഹസ്യത്തിന്റെ നോവലന്ത്യത്തിലെ ഞെട്ടിക്കുന്ന അനാച്ഛാദനം വരെ നീളുന്ന വിധി ചിത്രീകരിക്കുന്നു. പുസ്തകത്തിന്റെ ആദ്യ വാചകം ക്രൂരമായ ഒരു പ്രഖ്യാപനമാണ്. ‘എന്റെ പിതാവിന് എന്നെ വേണ്ടായിരുന്നു’.
ഗുർനയുടെ പത്താമത്തെ നോവലായ (അതിനുശേഷം പുതിയ നോവലുകള്‍ ഒന്നും പുറത്തു വന്നിട്ടില്ല. തിരുവനന്തപുരത്ത് അദ്ദേഹം പറഞ്ഞു: പുതിയ നോവല്‍ എഴുതാന്‍ ആഗ്രഹമില്ലാഞ്ഞല്ല, ഇ-മെയിലുകള്‍ക്കുള്ള മറുപടി നല്കല് എന്റെ സമയം സമ്പൂർണമായി അപഹരിക്കുന്നു) Afterlivseനെക്കുറിച്ച് പുസ്തകം പറയുന്നു- ആഫ്രിക്കയെക്കുറിച്ച് പറയുമ്പോള്‍ അധികം പരാമര്‍ശിക്കാത്തതാണ് ജര്‍മന്‍ ആധിപത്യം. കൂടുതല്‍ ജര്‍മന്‍ കുടിയേറ്റത്തിനു വേണ്ടി ആഫ്രിക്കന്‍ മണ്ണ് സ്വന്തമാക്കുന്നതിനും അടിസ്ഥാന സൗകര്യമൊരുക്കലിന് അടിമവേട്ട നടക്കുകയും ചെയ്ത കാലത്തെ മനുഷ്യരുടെ കഥയാണ് (യുദ്ധകാല ആഖ്യാനം) ഈ നോവലില്‍ തെളിയുന്നത്. നോബല്‍ സമ്മാനം സ്വീകരിച്ചുകൊണ്ടുള്ള ഗുര്‍ണയുടെ പ്രസംഗം, ഹമീദ് ദബാഷി എഴുതിയ ലേഖനം ‘ഇത്തവണ ആഫ്രിക്കക്ക്: നൊബേല്‍ പുരസ്കാരം സ്വയം ആദരിക്കപ്പെടുന്നു’ തുടങ്ങിയ അനുബന്ധങ്ങളും ഈ താളുകളെ സജീവമാക്കുന്നു. ഗുര്‍ണയുടെ സാഹിത്യത്തിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്ന ഒരാള്‍ക്ക് തീര്‍ച്ചയായും പ്രവേശികയായി ഉപയോഗിക്കാന്‍ കഴിയുന്ന ഗ്രന്ഥമാണിതെന്ന കാര്യത്തില്‍ സംശയമില്ല.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."