സിൽവർലൈനിലെ ടിക്കറ്റില്ലാ യാത്രികൻ
എത്ര പെട്ടെന്നാണ് കാര്യങ്ങൾ കുഴഞ്ഞു മറിയുന്നത്. ചക്കിനുവച്ചത് കൊക്കിനു കൊണ്ടു എന്നു പറഞ്ഞ പോലെയായി തോമസ് മാഷിന്റെ 'കുട്ടിക്കളി'യോടെ പാർട്ടികോൺഗ്രസിന്റെ കഥ. തോമസ് മാഷ് കഥാപാത്രമായി വന്നതോടെ കോൺഗ്രസ് ഏത്, പാർട്ടികോൺഗ്രസ് ഏത് എന്ന് തിരിച്ചറിഞ്ഞു കൂടാത്ത അവസ്ഥയായി. വരുമോ ഒരു നാൾ അതിഥിയായങ്ങ്... എന്ന് സി.പി.എം കവികൾ ചോദിച്ചപ്പോൾ, എന്നാൽ പിന്നെ അയാൾ പാർട്ടിയിൽ ഉണ്ടാവില്ലെന്ന് കോൺഗ്രസിലെ കുറുമ്പന്മാർ. അതൊന്നും നോക്കേണ്ട, വരൂ കണ്ണൂരിലെ പുതിയാപ്പിളയായി എന്ന് പാർട്ടി കോൺഗ്രസുകാർ...
തോമസ് മാഷ് തികച്ചും ആശയക്കുഴപ്പത്തിലായിരുന്നു. താമരത്താളുകൾ വിരിച്ചു കാത്തിരിക്കുകയാണ് മാഷെ, കാവിപ്പടയെന്നു പോലും ചില സഹപ്രവർത്തകർ ആക്ഷേപിച്ചു. കാവി പുതച്ചവരിലേക്കുള്ള കോൺഗ്രസിന്റെ ദൂരം കുറക്കുകയാണ് അവരെന്ന് കുറുവടി എറിഞ്ഞുള്ള മറുപടി മാഷ് കരുതിവച്ചത് നന്നായി.
ദീർഘകാലം ലോക്‌സഭാംഗവും കേന്ദ്ര മന്ത്രിയുമൊക്കെയായി ഡൽഹിയിലായിരുന്നതിനാൽ കേരളത്തിലെ, പെറ്റി രാഷ്ട്രീയം തോമസ് മാഷിന് അത്രക്കങ്ങ് വഴങ്ങില്ല. പിണറായി വിജയനും കെ. സുധാകരനും ചേർന്ന് വാടാ പോടാ വിളിക്കുന്നതല്ലല്ലോ ഡൽഹിയിലെ മാറിയ രാഷ്ട്രീയം. വാളയാർ ചുരം വിട്ടാൽ സി.പി.എമ്മിന് കോൺഗ്രസ്, കണ്ണും കരളുമാണ്. തമിഴ്‌നാട്ടിൽ ഒരേ മുന്നണിയിൽ കൈപ്പത്തിയും അരിവാളും എന്തിന് കോണിയും ചേർത്തുവച്ചേടത്തുനിന്നാണ് ലോക്‌സഭയിലെ സി.പി.എമ്മിന്റെ മൂന്നിൽ രണ്ട് അംഗങ്ങളും. ബംഗാൾ മുതൽ ബിഹാർ വരെ ആറേഴ് സംസ്ഥാനങ്ങളിൽ കോൺഗ്രസും സി.പി.എമ്മും ഭായി ഭായി ആയിട്ടും ഫാസിസ്റ്റുകളോടൊന്നു മുട്ടി നോക്കാൻ പോലും കഴിയാതെ കുഴങ്ങി നിൽക്കുമ്പോഴാണ് ഫെഡറലിസം സെമിനാറിൽ സേക്രട്ട് ഹാർട്ട് കോളജിലെ പഴയ രസതന്ത്രം പ്രൊഫസറെ പ്രഭാഷകനാക്കുന്നത്. അതിലെ രസവും തന്ത്രവും എന്നാണ് കോൺഗ്രസ് പാർട്ടിക്കു പിടികിട്ടുക. ഡൽഹിയിൽ സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും കൈ പിടിക്കാൻ ആദ്യമെത്തുന്ന സീതാറാം യെച്ചൂരിയെ കണ്ട് പരിചയിച്ച കെ.വി തോമസിന്, സുധാകരന്റെ മാർക്‌സിസ്റ്റ് വിരുദ്ധ മസിൽ രാഷ്ട്രീയം കണ്ടുനിൽക്കാൻ കഴിയാതിരിക്കുക സ്വാഭാവികം. അതുകൊണ്ടാണ് ഏറ്റവും ഒടുവിൽ ഒഴിവുവന്ന രാജ്യസഭാംഗത്വം തനിക്ക് തന്നേക്ക് എന്ന് തോമസ് മാഷ്, സോണിയാമ്മയോട് തന്നെ നേർക്കു നേരെ ചോദിച്ചത്.
കോൺഗ്രസുകാർ കേരളത്തിൽനിന്ന് ഡൽഹിയിലേക്കു മുട്ടിപ്പായി പ്രാർഥിച്ചു വിട്ട, മുതിർന്ന മൂന്നു നേതാക്കളിൽ രണ്ടാമത്തെയാളും പോയെന്ന് ആശ്വാസം കൊള്ളുന്നവരും കോൺഗ്രസുകാരിലുണ്ട്. പി.സി ചാക്കോ, കെ.വി തോമസ്, പി.ജെ കുര്യൻ എന്നിവരിൽ ചാക്കോ എൻ.സി.പിയിലെത്തി, അതിന്റെ സംസ്ഥാന പ്രസിഡന്റായി. മതേതര സംരക്ഷണത്തിൽ സി.പി.എം പാർട്ടി കോൺഗ്രസിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇപ്പോഴിതാ കെ.വി തോമസ്. അടുത്ത കാൽവയ്പ്പിൽ പി.ജെ കുര്യനോ! പടച്ചവനറിയാം. ദേശീയ രാഷ്ട്രീയത്തെ കോൺഗ്രസ് തിരുതകരതലാമലകം പോലെ കൊണ്ടുനടന്ന കാലത്ത് തിരുതയുംകൊണ്ട് എയർ ഇന്ത്യക്ക് കാത്തുനിന്നവരായിരുന്നു ഇവർ.
തക്കം പോലെ പാർട്ടിയെ വെയിലത്തിട്ട് സ്വന്തം കാര്യം നോക്കി പോകുന്ന പല കോൺഗ്രസ് നേതാക്കൾക്കും ഇല്ലാത്ത ചിലത് കുറുപ്പശ്ശേരി വർക്കി തോമസിന് പറയാനുണ്ട്.1970ൽ അഥവാ മുപ്പത്തിനാലാമത്തെ വയസ്സിൽ കുമ്പളങ്ങി ഏഴാം വാർഡിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് മത്സരിച്ചെത്തിയതാണ്. ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ട്രഷറർ തുടങ്ങി പാർട്ടിയിലും ധാരാളം ചുമതലകൾ വഹിച്ചു. 1984, 89, 91 എന്നിങ്ങനെ മൂന്നു തെരഞ്ഞെടുപ്പുകളിൽ എറണാകുളത്തുനിന്ന് ലോക്‌സഭയിലെത്തി. 2001ലും 2006ലും നിയമസഭാംഗവും 2001 മുതൽ എ.കെ ആന്റണി മന്ത്രിസഭയിൽ എക്‌സൈസ്, ടൂറിസം, ഫിഷറീസ് വകുപ്പ് മന്ത്രിയുമായി. 2009ലും 2014ലും ലോക്‌സഭയിലേക്ക് തിരിച്ചെത്തിയ തോമസ് മാഷ്, രണ്ടാം യു.പി.എ സർക്കാരിൽ സഹമന്ത്രിയാവുകയും ഭക്ഷ്യ സുരക്ഷാനിയമം അംഗീകരിക്കാൻ നേതൃത്വം നൽകുകയും ചെയ്തു.
2019ൽ പക്ഷേ എറണാകുളം മണ്ഡലത്തിൽ നറുക്ക് വീണത് ഹൈബി ഈഡന്. അന്നു തുടങ്ങിയതാണ് തോമസ് മാഷിന്റെ ചൊരുക്കെന്ന് ദോഷൈക ദൃക്കുകൾ പറയും. 2021ൽ നിയമസഭാ സ്ഥാനാർഥികളെ കണ്ടെത്താൻ ശ്രമിച്ചപ്പോഴും ചിലരെങ്കിലും കെ.വി തോമസിന്റെ പേര് എടുത്തിട്ടു. ഇപ്രായത്തിലിനി രാജ്യസഭയാണ് നല്ലതെന്ന് അദ്ദേഹം തന്നെ പാർട്ടിയോട് പറഞ്ഞു. പക്ഷേ അവർക്ക് വേണ്ടത് കൊച്ചിക്കായലിലെവിടെയും കിട്ടാത്ത സാൽമണാണ്. കോൺഗ്രസ് ചേരിയിൽ കെ. കരുണാകര പക്ഷക്കാരനായ തോമസിന് കുമ്പളങ്ങി കഥകൾ പറഞ്ഞ്, വീട്ടുകുളത്തിൽ താമരകൾ വിരിയിച്ച് വിശ്രമിച്ചാൽ പോരേയെന്ന് ഫേസ്ബുക്കിൽ കമന്റിടുന്നവരോട് തോമസ് സാറിന് ഒന്നേ പറയാനുള്ളൂ; സൗകര്യമില്ല.
കേരളത്തിലെത്തിയാൽ രാഹുലിനെ തെറി പറയുകയും ഡൽഹിയിൽ ചെന്ന് രാഹുൽജിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്യുന്ന സി.പി.എം നേതാക്കൾ പാർട്ടി കോൺഗ്രസിന്റെ വേദിയിലേക്ക് മൂന്ന് കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചതിനെ കോൺഗ്രസിന്റെ വർധിച്ച പ്രസക്തിയായി കാണാൻ നോ കോംപ്രമൈസിന്റെ പ്രയോക്താവായ സുധാകരന് പറ്റുന്നില്ല. കോൺഗ്രസ് വിട്ടവരാരും വഴിയാധാരമാവില്ലെന്ന് കട്ടായം പറയുകയാണെങ്കിൽ ആ സിൽവർലൈനിൽ ഇനിയും ചിലർ ടിക്കറ്റെടുക്കാതിരിക്കില്ല. ആർക്ക് വേണ്ടിയാണീ കെ റെയിൽ എന്നു ഇനിയെങ്കിലും ചോദിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."