രാജ്യസഭയില്‍ സി.പി.എമ്മിന് ഗ്രൂപ്പ് നിലനിര്‍ത്താം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കോടതിയില്‍പോയി തെരഞ്ഞെടുപ്പ് നേരത്തെയാക്കി സി.പി.എം രണ്ടു പേരെ രാജ്യസഭയിലെത്തിക്കുന്നത് സി.പി.എം ഗ്രൂപ്പ് നില നിര്‍ത്താന്‍. ശിവദാസനും, ജോണ്‍ബ്രിട്ടാസും രാജ്യസഭയിലെത്തുന്നതോടെ സി.പി.എമ്മിന്റെ പ്രത്യേക ഗ്രൂപ്പ് രാജ്യസഭയില്‍ സംഘപരിവാര്‍ ശക്തികള്‍ക്കെതിരേ ശക്തമായ ഇടപെടല്‍ നടത്തുമെന്നാണ് സി.പി.എമ്മിന്റെ അവകാശവാദം.
ഒരു പാര്‍ട്ടിയില്‍ നിന്നുള്ള അഞ്ച് അംഗങ്ങള്‍ രാജ്യസഭയില്‍ ഉണ്ടെങ്കിലേ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കൂ. ഇല്ലെങ്കില്‍ മറ്റുള്ളവരുടെ (അദേഴ്‌സ്) കൂട്ടത്തില്‍ മാത്രം ഉള്‍പ്പെടുത്തും. പാര്‍ലമെന്റ് നടപടിക്രമങ്ങളില്‍ സജീവവും കാര്യക്ഷമവുമായ ഇടപെടല്‍ നടത്തണമെങ്കില്‍ ഗ്രൂപ്പ് വേണം. ഗ്രൂപ്പുണ്ടായാല്‍ ലീഡറുണ്ടാവും, ഗ്രൂപ്പ് ലീഡര്‍ ബിസിനസ് അഡൈ്വസറി കമ്മിറ്റിയില്‍ അംഗമാകും.
എളമരം കരീം, കെ.സോമപ്രസാദ്, കെ.കെ രാഗേഷ് (കേരളം), ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ(ബംഗാള്‍), ജര്‍ണാ ദാസ് വൈദ്യ (ത്രിപുര) എന്നിവരാണ് നിലവില്‍ രാജ്യസഭയിലെ സി.പി.എം അംഗങ്ങള്‍. എളമരം കരീമാണ് ഗ്രൂപ്പ് ലീഡര്‍. കെ.കെ രാഗേഷിന്റെ കാലാവധി കഴിഞ്ഞു. ത്രിപുരയില്‍ നിന്നുള്ള ജര്‍ണാ ദാസ് വൈദ്യയുടെ കാലാവധി മാസങ്ങള്‍ക്കകം അവസാനിക്കും. ത്രിപുരയിലെ കക്ഷി നിലയനുസരിച്ച് പകരം ഒരാളെ ജയിപ്പിക്കാന്‍ സി.പി.എമ്മിന് ശേഷിയില്ല.
ഇത്തവണ കേരളത്തില്‍ തുടര്‍ ഭരണം ലഭിച്ചില്ലെങ്കില്‍ സമീപഭാവിയില്‍ തന്നെ രാജ്യസഭയിലെ സി.പി.എം ഗ്രൂപ്പ് ഇല്ലാതാകും. ഇത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് കേരളത്തില്‍ ഇടതുമുന്നണിക്ക് ജയിപ്പിക്കാവുന്ന രണ്ടുസീറ്റുകളും സി.പി.എം തന്നെ എടുക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം സി.പി.ഐയെ ബോധ്യപ്പെടുത്തി ഒപ്പം നിര്‍ത്തുകയാണ് സി.പി.എം ആദ്യം ചെയ്തത്. നിലവിലെ നിയമസഭയുടെ കാലത്തുതന്നെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ സി.പി.എം നിയമപോരാട്ടം നടത്തിയതിനു പിന്നിലെ പ്രധാനകാരണവും ഇതുതന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."