കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയില്‍
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പൂനം ദേവി മലപ്പുറം വേങ്ങരയില്‍ പിടിയില്‍. വേങ്ങര സഞ്ചിത് പാസ്വാന്‍ വധക്കേസിലെ പ്രതിയാണിവര്‍. ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടേകാലോടെയാണ് ഇവര്‍ ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ കുത്തിയിളക്കി രക്ഷപ്പെട്ടത്. ഇന്നലെയാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
രാവിലെ ഏഴരയ്ക്ക് കോഴിക്കോട്ടു നിന്ന് ബസ് വഴിയാണ് ഇവര്‍ വേങ്ങരയിലെത്തിയത്. ബസിറങ്ങിയപ്പോള്‍ തന്നെ പൊലിസ് ഇവരെ കണ്ടെത്തി. അന്തേവാസി പുറത്തുകടന്നത് മറ്റു അന്തേവാസികള്‍ അറിഞ്ഞിരുന്നു. കുഞ്ഞിനെ കാണാനെന്ന് പറഞ്ഞാണ് ഇവര്‍ പുറത്തു കടന്നത്.
മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ വിശദ ചികിത്സ വേണമെന്ന ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇവരെ മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. വൈദ്യപരിശോധനകള്‍ക്ക് ശേഷം ഫോറന്‍സിക് വാര്‍ഡിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. ഓരോ മണിക്കൂറും സുരക്ഷാ പരിശോധന നടക്കുന്ന സ്ഥലമാണിത്. കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
ജനുവരി 31ന് രാത്രിയായിരുന്നു സംഭവം. ഇരുകൈകളും തോര്‍ത്തു കൊണ്ട് കൂട്ടിക്കെട്ടി ഉടുത്ത സാരിയുടെ മുന്താണി ഉപയോഗിച്ച് കുരുക്കുണ്ടാക്കി കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയും കുട്ടികളുമുള്ള നാട്ടുകാരനുമായി പ്രണയത്തിലായിരുന്നു പൂനം ദേവി. ഇതില്‍ നിന്ന് ഭാര്യയെ പിന്തിരിപ്പിക്കാന്‍ പാസ്വാന്‍ പൂനത്തെയും അഞ്ചു വയസ്സുള്ള മകനെയും ജോലി സ്ഥലമായ വേങ്ങരയിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാല്‍ ഫോണ്‍ വഴി യുവാവുമായുള്ള ബന്ധം ഇവര്‍ തുടര്‍ന്നു. ഇതിന് പിന്നാലെയാണ് സഞ്ചിത്തിനെ ഇവര്‍ കൊല്ലാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."