പാക് കിരീടം സാധ്യത ഷഹ്ബാസ് ശരീഫിന്
ഇസ്‌ലാമാബാദ്: അര്‍ധ രാത്രി വരെ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഇംറാന്‍ ഖാന്‍ പടിയിറങ്ങിയപ്പോള്‍ പകരക്കാരനായി എത്തുന്നത് ഷഹാബാസ് ഷരീഫ്. പ്രതിപക്ഷ പാര്‍ട്ടികളില്‍ പൊതുസമ്മതന്‍, പഞ്ചാബ് പ്രവിശ്യയില്‍ വികസനതന്ത്രങ്ങള്‍ മെനഞ്ഞ മുന്‍ മുഖ്യമന്ത്രി, സൈന്യവുമായി അടുത്ത ബന്ധമുള്ളയാള്‍ തുടങ്ങി പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയിലേക്ക് ശഹ്ബാസ് ശരീഫിനെ നയിക്കുന്ന കാര്യങ്ങള്‍ നിരവധി. പാകിസ്താന് പുറത്തുള്ള ലോകത്തിന് അദ്ദേഹം അത്ര പരിചിതനല്ലെങ്കിലും മികച്ച ഭരണതന്ത്രജ്ഞനാണ് ഷഹബാസെന്ന കാര്യത്തില്‍ ആര്‍ക്കും തന്ത്രമില്ല.
പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഇളയ സഹോദരനാണ്. ലാഹോറിലെ വ്യവസായി കുടുംബത്തില്‍ ജനനം. വിദ്യാഭ്യാസത്തിന് ശേഷം കുടുംബത്തിന്റെ ബിസിനസ് ഏറ്റെടുത്തു. പഞ്ചാബ് പ്രവിശ്യയില്‍ രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം അതിവേഗമാണ് ജനങ്ങള്‍ക്കിടയില്‍ താരമായത്.
പാകിസ്താന്‍ മുസ്‌ലിം ലീഗ്(എന്‍) ന്റെ ഇപ്പോഴത്തെ പ്രസിഡന്റായ ഷഹബാസ് 2018 ആഗസ്റ്റ് 13 മുതല്‍ ദേശീയ അസംബ്ലിയില്‍ അംഗമാണ്. 1988ല്‍ പഞ്ചാബ് പ്രവിശ്യാ അസംബ്ലിയിലേക്കും 1990ല്‍ ദേശീയ അസംബ്ലിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1993ല്‍ പഞ്ചാബ് നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ നേതാവാകുകയും ചെയ്തു. 1997 ഫെബ്രുവരി 20ന് പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഇമ്രാന്‍ ഖാന്‍ കടുത്ത യു.എസ് വിരുദ്ധ നിലപാട് കൈകൊണ്ടപ്പോള്‍ എങ്ങും തൊടാത്ത നിലാപാടാണ് ഷഹബാസിന്റേത്.
യുഎസുമായുള്ള നല്ല ബന്ധം പാകിസ്താന് നല്ലതോ ചീത്തയോ എന്നത് നിര്‍ണായകമാണെന്ന് അദ്ദേഹം കഴിഞ്ഞ ആഴ്ച ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പര്‍വേസ് മുശറഫിന്റെ നേതൃത്വത്തില്‍ സൈനിക അട്ടിമറി നടന്നതോടെ 2000ല്‍ തടവിലാക്കപ്പെട്ടിരുന്നു. സൗദിയിലേക്ക് നാടുകടത്തപ്പെട്ട അദ്ദേഹം 2007ലാണ് തിരിച്ച് പാകിസ്താനിലെത്തിയത്. 2013ല്‍ മൂന്നാം തവണയും പഞ്ചാബിന്റെ മുഖ്യമന്ത്രിയായി. 2018ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയം വരെ മുഖ്യമന്ത്രിയായി തുടര്‍ന്നു. സഹോദരന്‍ നവാസ് ശരീഫിനെ അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് പാകിസ്താന്‍ മുസ്‌ലിം ലീഗ്എന്‍ പ്രസിഡന്റായി.
അതേസമയം, നവാസ് ശരീഫിനെ പോലെ ഒട്ടേറെ അഴിമതി ആരോപണങ്ങളും നേരിടുന്നുണ്ട്. 2019 ഡിസംബറില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ശഹ്ബാസിനെയും മകന്‍ ഹംസ ശരീഫിനെയും അറസ്റ്റ് ചെയ്യുകയും സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."