പ്രളയകാല രക്ഷകനെ വിധി തട്ടിയെടുത്തു ഇനിയൊരു രക്ഷാദൗത്യത്തിനും വിനീതുണ്ടാവില്ല...
കരുനാഗപ്പള്ളി(കൊല്ലം):ഇനിയൊരു രക്ഷാദൗത്യത്തിനും മുന്നിട്ടിറങ്ങാന്‍ തെക്കന്‍ മൈനാഗപ്പളളി കോട്ടക്കുഴി തെക്കതില്‍ വിനീത്(34)എന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഉണ്ടാകില്ല. 2018ലെ മഹാപ്രളയകാലത്ത് കൈക്കുഞ്ഞുങ്ങളുടെവരെ രക്ഷകനായി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനിന്ന വിനീതിനെ ഇന്നലെ വിധി തട്ടിയെടുത്തത് നിരത്തില്‍ മിനിലോറിയുടെ രൂപത്തിലായിരുന്നു.
കേരളം വിറങ്ങലിച്ച് നിന്ന മഹാപ്രളയകാലത്ത് കൈകുഞ്ഞിനെയും എടുത്ത് വെളളംകയറിയ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്റെ വൈറലായ ചിത്രം അധികമാരും മറന്നിട്ടില്ല.മൈനാഗപ്പള്ളിയിലെ വീട്ടില്‍ നിന്നും തിരുവല്ലയിലെ ജോലിസ്ഥലത്തേക്ക് ബൈക്കില്‍ പോകുന്നതിനിടെ രാവിലെ ഏഴോടെ ദേശീയപാതിയില്‍ കരുനാഗപ്പള്ളിയിലായിരുന്നു അപകടം.പിന്നാലെ എത്തിയ മത്സ്യം കയറ്റിവന്ന മിനിലോറി ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ വിനീതിന്റെ ശരീരത്തിലൂടെ മിനിലോറി കയറി ഇറങ്ങിയായിരുന്നു മരണം. കഴിഞ്ഞ ആറ് വര്‍ഷമായി ഫയര്‍ഫോഴ്‌സ് തിരുവല്ല സ്‌റ്റേഷന്‍ ഓഫിസിലായിരുന്നു ഡ്യുട്ടി. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ച വിനീത്, കൊവിഡ് കാലത്ത് നിരവധി കേന്ദ്രങ്ങളിലും വീടുകളിലും ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിക്കുന്നതിന് സജീവമായി പ്രവര്‍ത്തിച്ചിരുന്നു.മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടത്തിനു ശേഷം കരുനാഗപ്പള്ളി ഫയര്‍സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വച്ചു.
തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. റിട്ട.പൊലിസ് ഉദ്യോഗസ്ഥന്‍ വിദ്യാധരന്റെയും ഓമനയുടെയും മകനാണ്.ഭാര്യ:അശ്വതി.മകള്‍ ദേവശ്രീ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."