നേതൃനിരയിലേക്ക് പുതുമുഖങ്ങള്‍; സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയിറക്കം
കണ്ണൂര്‍:സിപിഎമ്മിന്റെ 23ാമത് പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചക്ക് സീതാറാം യെച്ചൂരി മറുപടി നല്‍കും. പുതിയ കമ്മിറ്റിയുടെയും കണ്‍ട്രോള്‍ കമ്മീഷന്റെയും തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. വൈകീട്ട് റെഡ് വൊളണ്ടിയര്‍ മാര്‍ച്ചും ലക്ഷങ്ങള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും.
പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിതാഴുമ്പോള്‍ പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലും കണ്ടുപരിചയിച്ച പലമുഖങ്ങളും അണിയറയിലേക്ക് മാറും. പുതുമുഖങ്ങള്‍ അരങ്ങിലെത്തും. ശനിയാഴ്ച രാത്രിയോടെതന്നെ ഇക്കാര്യത്തില്‍ പി.ബിയില്‍ ധാരണയായതിനാല്‍ ഞായറാഴ്ച പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് മുമ്പാകെ അവതരിപ്പിക്കുക എന്ന ഔദ്യോഗിക നടപടിക്രമമാണ് നേതൃത്വത്തിന് നിര്‍വഹിക്കാനുള്ളത്.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് ഏല്‍പിച്ച പല ചുമതലകളും നിര്‍വഹിക്കാനായില്ലെന്ന സ്വയം വിമര്‍ശനം പി.ബി നടത്തിയിട്ടുണ്ടെങ്കിലും 75 വയസ്സ് പ്രായപരിധി കഴിഞ്ഞവര്‍ മാത്രമാവും ഒഴിയുക. മറിച്ചൊരത്ഭുതവും സംഭവിച്ചില്ലെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നാം തവണയും സീതാറാം യെച്ചൂരിക്ക് അവസരം നല്‍കുമെന്ന് ഉറപ്പാണ്. മുതിര്‍ന്ന പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള ഒഴിയും പകരം എ. വിജയരാഘവന്‍ വരും എന്നാണ് സൂചന. ബംഗാളില്‍നിന്ന് കിസാന്‍സഭ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കൂടിയായ ഹനന്‍ മൊല്ല ഒഴിയുമ്പോള്‍ മഹാരാഷ്ട്രയില്‍നിന്നുള്ള കിസാന്‍സഭ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്‌ളെ പി.ബിയില്‍ എത്തും. ബിമന്‍ ബസു ഒഴിഞ്ഞാലും ബംഗാളില്‍നിന്ന് മറ്റൊരുനേതാവ് കടന്നുവരാന്‍ സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പി സതാദേവിയും സി.എസ് സുജാതയും സിസിയിലെത്തും.
അഞ്ച് ദിവസം നീണ്ട് നിന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ രണ്ട് രേഖകളാണ് ചര്‍ച്ച ചെയ്തത്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കുന്ന രാഷ്ട്രീയ പ്രമേയവും സംഘടനയുടെ പോരായ്മകള്‍ വ്യക്തമാക്കുന്ന സംഘടനാ രാഷ്ട്രീയ റിപ്പോര്‍ട്ടും.
ബിജെപിക്കെതിരെ ബദല്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന പ്രമേയത്തിന് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്ന സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചക്ക് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി നല്‍കും. തുടര്‍ന്ന് പുതിയ കമ്മിറ്റിയുടെയും കണ്‍ട്രോള്‍ കമ്മീഷന്റെയും തെരഞ്ഞെടുപ്പ് നടക്കും. വൈകീട്ട് ജവഹര്‍ സ്റ്റേഡിയത്തിലാണ് പൊതു സമ്മേളനം നടക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിന് ശേഷമുള്ള ആദ്യ പൊതുപരിപാടി ആയതിനാല്‍ ലക്ഷങ്ങള്‍ പങ്കെടുക്കുമെന്നാണ് സിപിഎമ്മിന്റെ അവകാശവാദം. സമാപന സമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."