ഹലീമും റൂഹ് അഫ്സയും
റമദാന്റെ രാവുകളില്‍ തറാവീഹും കഴിഞ്ഞ് നിങ്ങള്‍ ഹൈദരാബാദ് സിറ്റിയില്‍ ഇറങ്ങിനോക്കൂ, ആദ്യം കേള്‍ക്കുന്ന അനൗണ്‍സ്‌മെന്റ് ഇങ്ങനെയായിരിക്കും. ഹിന്ദുസ്ഥാന്‍ മേ സബ്‌സേ അച്ചാ ഹലീം കഹാം മിലേഗാ? പിന്നാലെ സഹ അനൗണ്‍സര്‍ വിളിച്ചു പറയും? ഇദര്‍ മിലേഗാ... കടന്നുവരൂ, കടന്നുവരൂ, സമയവും ഹലീമും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ല എന്നതിന്റെ ഭാഷാന്തരങ്ങളും ഉടനെയെത്തും. ഹലീം കഴിക്കാന്‍ വേണ്ടി മാത്രം ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദിലേക്ക് നോമ്പ് കാലത്ത് വണ്ടി കയറുന്നവരുണ്ട്. ജോലിയില്‍ പ്രവേശിക്കും മുന്‍പേ ഡല്‍ഹിയില്‍ നോമ്പുകാലത്തെത്തിയപ്പോഴാണ് ഇത് മനസിലായത്.
മട്ടന്‍ ഹലീമാണ് പ്രധാന സെലബ്രിറ്റി. ഇഞ്ചി, മല്ലി, പൊതീന, മിര്‍ച്ചി, വെളുത്തുള്ളി, ബസ്മതി അരി തുടങ്ങി ഇരുപതോളം ചേരുവകള്‍. മട്ടനോ ചിക്കനോ ചേര്‍ത്ത് അടിച്ചെടുത്ത് വലിയ അടുപ്പുകളില്‍ മണ്ണിനടിയില്‍ തീയിട്ട് ഹലീമുണ്ടാക്കുന്ന കേന്ദ്രങ്ങള്‍ ഒന്ന് കാണേണ്ടതു തന്നെയാണ്. ഹലീം ഒരു തരം നാടന്‍ കുഴമ്പാണ്. മധുരമാണോ, എരിവാണോ, മറ്റെന്തെങ്കിലുമാണോ എന്നൊക്കെ ചോദിച്ചാല്‍ മറുപടി പറയാനാകില്ല. കാരണം, അതൊരു ഒന്നൊന്നര രുചിയനുഭവമാണ്.
ഹൈദരാബാദി ബിരിയാണിയും ഹലീമുമൊക്കെ ചേര്‍ന്നു കൊഴുപ്പിച്ച സമ്പന്നമായ ജനകീയമായ ഭക്ഷണ സംസ്‌കാരമാണ് ഹൈദബാബാദില്‍ കാണാനാവുന്നതെങ്കിലും, ഡല്‍ഹിയിലെത്തുമ്പോള്‍ ഈറ്റിങില്‍ നിന്ന് ഡ്രിങ്കിങ്ങിലേക്കുള്ള മാറ്റമാണ് പ്രധാന ജനകീയത. ഡല്‍ഹിയിലെ ഇഫ്താര്‍ എന്നു കേട്ടാല്‍ ആദ്യം ഓര്‍മവരുന്ന വിഭവം റൂഹ് അഫ്‌സയാണ്. നോമ്പ് തുറക്കുമ്പോള്‍ ഈ പാനീയം കുടിച്ചാല്‍ അന്നത്തെ പകല്‍ നിങ്ങളനുഭവിച്ച എല്ലാ ക്ഷീണവും സ്വാഹ. റൂഹ് അഫ്‌സ എന്നാല്‍ ആത്മാവിന്റെ ഉജ്ജീവനി എന്ന് മലയാളീകരിക്കാം. അത് കറക്റ്റുമാണ്. പക്ഷെ, ഡല്‍ഹിയിലെ നോമ്പു തുറയിലും ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ഹലീമെന്ന് മനസിലായത് സര്‍വിസ് ട്രെയിനിങിന്റെ ഭാഗമായി ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിലുള്ള (ഐ.ഐ.എം.സി)പ്പോഴാണ്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ മതക്കാരും വിവിധ ദേശക്കാരുമുണ്ട്. നോമ്പുള്ളവരേക്കാള്‍ കൂടുതല്‍ നോമ്പില്ലാത്തവരായിരുന്നു അവിടെയുണ്ടായിരുന്നത്. അങ്ങനെയിരിക്കെയാണ് ഐ.ഐ.എം.സിയിലെ എല്ലാവര്‍ക്കുമായി ഒരു ഇഫ്താര്‍ സംഘടിപ്പിച്ചത്. റൂഹ് അഫ്‌സക്കൊപ്പം തീന്‍മേശയില്‍ ഹലീമും ഇടംപിടിച്ചിരുന്നു. ഹൈദരാബാദില്‍ മാത്രമല്ല, ഡല്‍ഹിയിലും ഹലീമുണ്ടെന്ന കാര്യം അപ്പോഴാണ് ഞാനറിഞ്ഞത്.
(കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
അസിസ്റ്റന്റ് ഡയരക്ടറാണ് ലേഖകന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."