കരുതിയില്ലെങ്കില്‍ വന്‍ദുരന്തം; വലിയതോതില്‍ രോഗവ്യാപനം സംഭവിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. സമൂഹത്തില്‍ വലിയതോതില്‍ വ്യാപനം സംഭവിച്ചിട്ടുണ്ട്. വ്യാപനം തടയാന്‍ പരമാവധി പരിശോധന നടത്തി രോഗികളെ കണ്ടെത്തിയില്ലെങ്കില്‍ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും ആരോഗ്യ വകുപ്പ് വിലയിരുത്തി. ഒരാളില്‍ നിന്ന് രണ്ടോ മൂന്നോ പേരിലേക്ക് രോഗം പടര്‍ന്നിരുന്ന 'ആര്‍ നോട്ട്' ഇപ്പോള്‍ ശരാശരി നാലായി എന്നതും ആശങ്ക ശക്തമാക്കുന്നു. ഒരു ലക്ഷം പേരെ പരിശോധിച്ചാല്‍ 15,000നും മുകളിലാണ് രോഗികള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല. രോഗികളുടെ എണ്ണം കൂടുമ്പോള്‍ സ്വാഭാവികമായും ഗുരുതരമാകുന്നവരുടെ എണ്ണവും മരണവും കൂടിയേക്കാം. ഇപ്പോള്‍ തന്നെ മിക്ക ആശുപത്രികളിലും ഐ.സി.യു കിടക്കകളില്ലാത്ത സാഹചര്യമാണ്.
ജനിതക മാറ്റം വന്ന വൈറസാണ് രോഗവ്യാപനത്തിന് കാരണമെന്ന് കണ്ടെത്തിയാലും ചികിത്സയിലും പ്രതിരോധത്തിലും വലിയ മാറ്റമൊന്നും വരുത്താനില്ലെന്നതാണ് യാഥാര്‍ഥ്യം.
രോഗം പെട്ടെന്ന് ബാധിക്കാനിടയുള്ള വിഭാഗങ്ങളെ പരമാവധി വേഗത്തില്‍ വാക്‌സിന്‍ എടുപ്പിച്ച് പ്രതിരോധത്തിലെത്തിക്കാമെന്ന് കരുതിയാല്‍ വാക്‌സിന്‍ ക്ഷാമവും തിരിച്ചടിയായിരിക്കുകയാണ്. അതീവ ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് നല്‍കുന്ന റെംഡിസിവിര്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്.
അതേസമയം, ആദ്യഘട്ടത്തില്‍ കൊവിഡ് പ്രതിരോധത്തില്‍ പ്രശംസിക്കപ്പെട്ട കേരള മോഡല്‍ രണ്ടാം തരംഗത്തില്‍ അടിപതറുകയാണെന്ന വിമര്‍ശനവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."