കേരള കോൺഗ്രസ് (ബി) നേതാവിനെ വെട്ടിക്കൊന്നു
കൊട്ടാരക്കര (കൊല്ലം)
കാക്കാട് ചക്കുവരയ്ക്കലിൽ കേരള കോൺഗ്രസ് (ബി) നേതാവിനെ നടുറോഡിൽ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി. മുക്കുമല കോക്കാട് മഹേഷ് ഭവനിൽ ബാബു, ശോഭന ദമ്പതികളുടെ മകനും യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റുമായ മനോജ് (39) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 10.30ന് കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ചക്കുവരയ്ക്കൽ ഫെഡറൽ ബാങ്കിന് സമീപത്ത് വച്ചാണ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയത്. നാട്ടുകാരും പൊലിസും ചേർന്നാണ് മനോജിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഉത്സവസ്ഥലത്തെ സംഘർഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കൈവിരലുകൾ വെട്ടിമാറ്റിയ നിലയിലും തലയ്ക്ക് വെട്ടേറ്റ നിലയിലുമായിരുന്നു. പരുക്ക് ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, വഴിമധ്യേ മനോജ് മരിച്ചു. പെയിന്റിങ് തൊഴിലാളിയും ചിത്രകലാകാരനുമാണ് മനോജ്. ഭാര്യ: പ്രിയ. മകൻ: കെവിൻ. പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് കുന്നിക്കോട് പൊലിസ് അറിയിച്ചു.
കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് സ്ഥലം സന്ദർശിച്ച കേരള കോൺഗ്രസ് (ബി) ചെയർമാൻ കെ.ബി ഗണേഷ്‌കുമാർ എം.എൽ.എ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."