ഈ നിയമനത്തിന്റെ സന്ദേശം എന്ത്?
ബാബരി കേസിലെ വിധി പറഞ്ഞ അഞ്ചംഗ സുപ്രിംകോടതി ബെഞ്ചിലെ ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് എസ്. അബ്ദുൽ നസീറിനെ കേന്ദ്രസർക്കാർ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ചിരിക്കുന്നു. വിരമിച്ച് ഒന്നരമാസം തികയുന്നതിനിടയിലാണ് നിയമനം. ബെഞ്ചിന് നേതൃത്വം നൽകിയ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ വിരമിച്ച് ഒരു മാസത്തിനുള്ളിൽ രാജ്യസഭാംഗമായി നിയമിച്ചിരുന്നു. ജസ്റ്റിസ് ലോയ, ഹരൺ പാണ്ഡ്യ അടക്കം നിരവധി കേസുകളിൽ വിവാദ വിധികൾ പുറപ്പെടുവിച്ച സുപ്രിംകോടതി ജഡ്ജി അരുൺ മിശ്ര ഇപ്പോൾ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനാണ്. ജഡ്ജിമാർ വിവാദ വിധികൾ പുറപ്പെടുവിക്കുകയും പിന്നാലെ അവർ രാഷ്ട്രീയ നിയമനങ്ങളിലുൾപ്പെടുകയും ചെയ്യുന്നതിലൂടെ ജനങ്ങൾക്ക് ലഭിക്കുന്ന സന്ദേശമെന്താണ്.
ജഡ്ജിമാർ ഗവർണർമാരായി നിയമിക്കപ്പെടുന്നത് ശരിയായ രീതിയല്ലെന്ന് ചൂണ്ടിക്കാട്ടിയത് 49ാം ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് യു.യു ലളിതാണ്. വിരമിച്ചശേഷം അധ്യാപനമല്ലാത്തൊരു പദവിയും സ്വീകരിക്കാൻ ജസ്റ്റിസ് ലളിത് തയാറായതുമില്ല. വിരമിച്ച് രണ്ടു വർഷത്തിനുള്ളിൽ ജഡ്ജിമാർ മറ്റൊരു പദവിയും സ്വീകരിക്കരുതെന്ന നിരീക്ഷണം 41ാം ചീഫ് ജസ്റ്റിസായിരുന്ന ആർ.എം ലോധയും നടത്തി. ജുഡീഷ്യറി സ്വതന്ത്രവും നിഷ്പക്ഷവും രാഷ്ട്രീയതാൽപര്യങ്ങൾക്ക് അതീതവുമായിരിക്കുക എന്നതാണ് ജനാധിപത്യ സംവിധാനത്തിന്റെ കാതൽ. അത് സംശയങ്ങൾക്കിട നൽകാത്തവിധം സംശുദ്ധമായിരിക്കണം.
1976ൽ അടിയന്തരാവസ്ഥക്കാലത്ത് സുപ്രിംകോടതി എ.ഡി.എം ജബൽപൂർ കേസിൽ പറഞ്ഞ വിധി ഓർക്കേണ്ടതാണ്. അടിയന്തരാവസ്ഥയിൽ ഒരുകാരണവും ബോധിപ്പിക്കാതെ പൊലിസ് പ്രതിപക്ഷ നേതാക്കളെയും സർക്കാർ വിമർശകരെയും അറസ്റ്റ് ചെയ്തു. അവരെ എവിടെയാണ് കസ്റ്റഡിയിൽ വച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തിയില്ല. ഇതിനെതിരായ ഹേബിയസ് കോർപസ് ഹരജിയായിരുന്നു സുപ്രിംകോടതി പരിഗണിച്ചത്. എന്നാൽ, അഞ്ചംഗ ബെഞ്ചിന്റെ വിധി ഇന്ദിരാഗാന്ധി സർക്കാരിന് അനുകൂലമായിരുന്നു. അന്നത്തെ ഭൂരിപക്ഷ വിധിയോട് വിയോജിച്ച് അഞ്ചംഗ ബെഞ്ചിൽ അംഗമായിരുന്ന ഹാൻസ്‌രാജ് ഖന്ന എഴുതിയ വിധി ഇന്ത്യൻ ജനാധിപത്യത്തിൽ സുവർണ ലിപികളിൽ എഴുതപ്പെട്ടതാണ്. പൗരന്മാരുടെ ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുംമേൽ കൈകടത്താൻ ഒരു ഭരണകൂടത്തിനും അവകാശമില്ലെന്നും ജീവിക്കാനുള്ള അവകാശം ഭരണഘടനയ്ക്ക് മുൻപേ ഉള്ളതാണെന്നും ഭരണഘടനയ്ക്കുപോലും ആ സ്വാതന്ത്ര്യം
നിഷേധിക്കാനാവില്ലെന്നുമായിരുന്നു ഖന്നയുടെ വിധി. ഇൗ വിധി തനിക്ക് ലഭിക്കാൻ പോകുന്ന സുപ്രിംകോടതി ചീഫ് ജസ്റ്റിസ് പദവി നഷ്ടപ്പെടുത്തിയേക്കാമെന്ന് ഖന്ന മുൻകൂട്ടിക്കാണുകയും അത് ബന്ധുക്കളോട് തുറന്നുപറയുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് എ.എൻ റേ കഴിഞ്ഞാൽ സുപ്രിംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായിരുന്ന ഖന്നയാണ് സ്വാഭാവികമായും അടുത്ത ചീഫ് ജസ്റ്റിസ് ആകേണ്ടിയിരുന്നത്. ഖന്ന കണക്കുകൂട്ടിയതുതന്നെ സംഭവിച്ചു. ജസ്റ്റിസ് ഖന്നയെ മറികടന്ന് എം.എച്ച് ബെഗിനെ സർക്കാർ ചീഫ് ജസ്റ്റിസാക്കി. ഒരു നിമിഷംപോലും പാഴാക്കാതെ സുപ്രിംകോടതിയിൽനിന്ന് രാജിവച്ച ഖന്ന തലയുയർത്തിപ്പിടിച്ച് പടിയിറങ്ങി. അന്നത്തെ ഭൂരിപക്ഷ വിധി തെറ്റായിരുന്നുവെന്ന് അഞ്ചംഗ ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് പി.എൻ ഭഗവതി പിന്നീട് പറഞ്ഞു. ഇന്ദിരാഗാന്ധിക്ക് പിന്നാലെ അധികാരത്തിലെത്തിയ മൊറാർജി സർക്കാർ ജസ്റ്റിസ് ഖന്നയോട് മുൻ ഭരണകൂടത്തിന്റെ അതിക്രമങ്ങൾ അന്വേഷിക്കുന്ന കമ്മിഷന്റെ ചെയർമാനാകണമെന്ന് അഭ്യർഥിച്ചെങ്കിലും ജസ്റ്റിസ് ഖന്ന നിരസിച്ചു. ഇതിന് അദ്ദേഹം കാരണമായി പറഞ്ഞത് ഇന്നും പ്രസക്തമാണ്. ഇന്ദിരാഗാന്ധി സർക്കാരിനെതിരേ നിലപാടെടുത്ത താൻ അവർക്തെിരേയുള്ള അന്വേഷണ കമ്മിഷന്റെ ചെയർമാനായാൽ നിഷ്പക്ഷതയെക്കുറിച്ച് ജനങ്ങൾക്ക് സംശയമുണ്ടാവുമെന്നായിരുന്നു മൊറാർജി ദേശായിയുടെ ഓഫർ നിരസിച്ച് ജസ്റ്റിസ് ഖന്നയുടെ മറുപടി. ജഡ്ജിമാരുടെ വിശ്വാസ്യതയുടെ മഹത്വത്തെക്കുറിച്ച് ജസ്റ്റിസ് ഖന്നയ്ക്ക് സംശയമുണ്ടായിരുന്നില്ല. വിരമിച്ചശേഷം കൈകൊള്ളുന്ന നിലപാടുകളും ജഡ്ജിയായിരിക്കുമ്പോഴുള്ള വിധിന്യായങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തുമെന്നായിരുന്നു ഖന്ന ചൂണ്ടിക്കാട്ടിയത്.
ചരിത്രത്തിൽ ആദ്യമായി സുപ്രിംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരേ പത്രസമ്മേളനം നടത്തിയ 2018 ജനുവരി 12ന് ആണ് ഇന്ത്യൻ ഇന്ത്യൻ ജുഡീഷ്യറിയുടെ സമീപകാല ചരിത്രത്തിൽ അവിസ്മരണീയ ദിവസം. സുപ്രധാന കേസുകൾ മുതിർന്ന ജഡ്ജിമാർക്ക് കൈമാറുന്ന പതിവ് തെറ്റിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസുകൾ തെരഞ്ഞെടുത്ത് അക്കാലത്തെ ജൂനിയർ ജഡ്ജിയായിരുന്ന അരുൺ മിശ്രക്ക് കൈമാറുന്നുവെന്ന് പരാതി പറഞ്ഞവരിൽ ഒരാൾ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയായിരുന്നു. ഏതെങ്കിലും സംഭവം കൃത്യമായി ചൂണ്ടിക്കാട്ടാൻ മാധ്യമങ്ങൾ ആവശ്യപ്പെട്ടപ്പോൾ അമിത്ഷാ ഉൾപ്പെട്ട ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ജസ്റ്റിസ് അരുൺ മിശ്രയ്ക്ക് നൽകിയത് ചൂണ്ടിക്കാട്ടിയത് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയാണ്. എന്നാൽ, ഇതേ ഗൊഗോയ് ചീഫ് ജസ്റ്റിസായിരുന്ന കാലത്ത്, ഒരു പ്രത്യേക ബിസിനസ് ഗ്രൂപ്പിന്റെ എട്ട് കേസുകൾ അദ്ദേഹം ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിലേക്ക് മാറ്റുകയും ഈ കേസുകളിലെല്ലാം പ്രസ്തുത ബിസിനസ് ഗ്രൂപ്പിന് അനുകൂല വിധിയുണ്ടാകുകയും ചെയ്തതിനെക്കുറിച്ച് സുപ്രിംകോടതി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ദേശീയ ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടി. കോടികളുടെ ലാഭമായിരുന്നു ഈ വിധികളിൽ വ്യവസായ ഗ്രൂപ്പിന് ലഭിച്ചത്. ഇതേ വ്യവസായ ഗ്രൂപ്പിനുവേണ്ടി തങ്ങളുടെ അധികാരം ഉപയോഗിച്ച് നേരത്തെ പുറപ്പെടുവിച്ച വിധി തിരുത്താനും ബെഞ്ച് തയാറായി. അടിയന്തര പ്രാധാന്യമില്ലാത്ത കേസായിരുന്നിട്ടും ഇതിലൊരു കേസ് അവധിക്കാലത്തുപോലും പരിഗണിച്ച് തീർപ്പാക്കി. 2021 ഡിസംബർ 8ന് ഗൊഗോയിയുടെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ അതിഥികളായെത്തിയത് ഇതേ വ്യവസായിയും അദ്ദേഹത്തിന്റെ കുടുംബവുമായിരുന്നുവെന്നും ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടുന്നുണ്ട്.
സമാന സംഭവമുണ്ടാകുന്നത് മുൻ ചീഫ് ജസ്റ്റിസ് കെ.എൻ സിങ് അധ്യക്ഷനായ ബെഞ്ചിലാണ്. ഒരു പ്രത്യേക വ്യവസായ ഗ്രൂപ്പിന് അനുകൂലമായി ബെഞ്ച് വിധിയെഴുതി. എന്നാൽ, തൊട്ടുപിന്നാലെ ചീഫ് ജസ്റ്റിസായി എത്തിയ എം.എച്ച് കനിയ ഇൗ ഉത്തരവുകൾ റദ്ദാക്കുകയും സുപ്രിംകോടതിയുടെ പ്രതിച്ഛായ ഉയർത്തിപ്പിടിക്കുകയും ചെയ്തു. ജുഡീഷ്യറി സമ്പൂർണ സ്വതന്ത്രവും ഏതെങ്കിലും തരത്തിലുള്ള സ്വാധീനത്തിൽനിന്ന് മുക്തമാകുകയും വേണം. സംശയകരമായ വിധികൾ പുറപ്പെടുവിക്കുമ്പോൾ മാത്രമല്ല, വിരമിക്കുന്ന ജഡ്ജിമാരെ പിന്നാലെ ഉന്നതപദവികളിൽ നിയമിക്കപ്പെടുമ്പോൾ ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസ്യതയ്ക്കാണ് ഇളക്കം തട്ടുന്നത്. ആരുമില്ലാത്തവർക്ക് കോടതിയുണ്ടെന്ന വിശ്വാസമാണ് വീണ്ടെടുക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."