HOME
DETAILS
MAL
സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: ഐക്യദാര്‍ഢ്യ സമിതി
backup
April 24 2021 | 00:04 AM
കോഴിക്കോട്: ഹാത്രസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ യു.പി പൊലിസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി തടങ്കലിലാക്കിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ കൊവിഡ് ബാധിച്ച് ദുരിതത്തിലാണെന്ന് ഐക്യദാര്‍ഢ്യ സമിതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി യു.പി സര്‍ക്കാരിന് കത്തയക്കണമെന്നും ഐക്യദാര്‍ഢ്യ സമിതി ആവശ്യപ്പെട്ടു.
യു.പിയിലെ കൊവിഡ് ചികിത്സയുടെ പരിതാപകരമായ അവസ്ഥ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കാപ്പന്റെ ആരോഗ്യസ്ഥിതിയില്‍ അതിയായ ആശങ്കയുണ്ടെന്ന് സമിതി ചെയര്‍പേഴ്‌സനും മാധ്യമപ്രവര്‍ത്തകനുമായ എന്‍.പി ചെക്കുട്ടി പറഞ്ഞു. നേരത്തെ തന്നെ ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന്റെ ആരോഗ്യസ്ഥിതി ജയില്‍വാസത്തെതുടര്‍ന്ന് മോശമായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാപ്പന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനാല്‍ മഥുര മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്വന്തംനിലയില്‍ മികച്ച ചികിത്സ തേടുന്നതിന് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരാഴ്ചയിലധികമായി സിദ്ദീഖ് കാപ്പന് കടുത്ത പനിയുണ്ടെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് പറഞ്ഞു. പ്രമേഹവും രക്തസമ്മര്‍ദവും കൂടിയിട്ടുണ്ട്. ജയിലില്‍ ആവശ്യമായ ഭക്ഷണംപോലും കിട്ടുന്നില്ല. ബാത്ത്‌റൂമില്‍ തളര്‍ന്നുവീണതിനെ തുടര്‍ന്നാണ് കാപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരമെന്നും അവര്‍ പറഞ്ഞു. കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കെ.യു.ഡബ്ല്യു.ജെ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയതായി കോഴിക്കോട് ജില്ലാ സെക്രട്ടറി പി.എസ് രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."