HOME
DETAILS
MAL
ബട്‌ലാ ഹൗസ് സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന കഥയും വിധിയും
backup
April 24 2021 | 00:04 AM
2008 സെപ്റ്റംബറില്‍ മഴയുള്ള ദിവസമായിരുന്നു ഡല്‍ഹിയിലെ ബട്‌ലാ ഹൗസ് ഏറ്റുമുട്ടല്‍. ഈ വാര്‍ത്തയറിഞ്ഞ് ബട്‌ലാ ഹൗസിലെത്തുമ്പോള്‍ ഏറ്റുമുട്ടലിന്റെ അവസാനഘട്ടത്തിലെ തിരച്ചിലിലായിരുന്നു പൊലിസ്. വെടിയൊച്ച നിലച്ചിരുന്നു. വെടിയേറ്റ ഇന്‍സ്‌പെക്ടര്‍ മോഹന്‍ചന്ദ് ശര്‍മ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. കെട്ടിടത്തിനടുത്തേക്ക് തങ്ങള്‍ പത്രക്കാരെയടക്കം ആരെയും പൊലിസ് പ്രവേശിപ്പിച്ചില്ല. എന്നാല്‍, 50 മീറ്റര്‍ അകലെ കെട്ടിടം വ്യക്തമായി കാണാം. ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പ്രവേശക കവാടത്തില്‍ കാവല്‍ നില്‍ക്കുന്ന പൊലിസുകാരെയും കാണാം. ബട്‌ലാ ഹൗസിലെ വഴിയില്‍ അല്‍പ്പം ചുറ്റിവന്നാല്‍ ഫ്‌ളാറ്റിന്റെ പിറകുവശത്തെത്തും. അവിടെ നിന്ന് ഫ്‌ളാറ്റ് സമുച്ചയം 15 മീറ്ററെങ്കിലും അടുത്തുനിന്ന് കാണാം. നല്ല ഉയരമുള്ള കെട്ടിടമാണ്. പിറകുവശത്ത് അതിനോട് ചേര്‍ന്നുനില്‍ക്കുന്ന ഉയരം കുറഞ്ഞ കെട്ടിടങ്ങളൊന്നുമില്ല. ഫ്‌ളാറ്റില്‍നിന്ന് രക്ഷപ്പെടാന്‍ പൊലിസ് സാന്നിധ്യമില്ലാത്ത വഴിയുമില്ല. ഇതിന്റെ പാതി ഉയരമുള്ള കെട്ടിടത്തില്‍നിന്ന് ഒരാള്‍ ചാടിയാല്‍ കാലൊടിഞ്ഞ് താഴെക്കിടക്കുകയേയുള്ളൂ. ഈ കെട്ടിടത്തില്‍നിന്ന് ഏറ്റുമുട്ടലിനിടെ രണ്ടുപേര്‍ ചാടി രക്ഷപ്പെട്ടുവെന്നായിരുന്നു പൊലിസ് കഥ. പക്ഷേ അയാളെ കണ്ടെത്താന്‍ പൊലിസ് കെട്ടിടത്തിന് പുറത്ത് പരിശോധനയൊന്നും നടത്തുന്നുണ്ടായിരുന്നില്ല. അങ്ങനെ രക്ഷപ്പെട്ടവരിലൊരാളെന്ന് പൊലിസ് പറയുന്ന അരിസ് ഖാനെയാണ് ഡല്‍ഹി കോടതി ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ കേസില്‍ വധശിക്ഷക്ക് വിധിച്ചത്. മനുഷ്യന്റെ സാമാന്യബുദ്ധിയെ വല്ലാതെ വെല്ലുവിളിക്കുന്നതാണ് ബട്‌ലാ ഹൗസിനെക്കുറിച്ചുള്ള പൊലിസ് കഥയും വിധിയും.
രണ്ടു പേരാണ് ബട്‌ലാ ഹൗസ് ഏറ്റുമുട്ടലില്‍ അന്ന് കൊല്ലപ്പെടുന്നത്. അഅ്‌സംഗഡ് സ്വദേശികളായ 24 കാരന്‍ ആതിഫ് അമീനും 17 കാരന്‍ മുഹമ്മദ് സാജിദും. ഇവര്‍ക്കൊപ്പം ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയ ഇന്‍സ്‌പെക്ടര്‍ മോഹന്‍ചന്ദ് ശര്‍മ്മയും കൊല്ലപ്പെടുന്നു. സംഭവം നടന്ന ബട്‌ലാ ഹൗസ് എല്‍ 18ലെ 108ാം നമ്പര്‍ ഫ്‌ളാറ്റില്‍ ഡല്‍ഹി സ്‌ഫോടനം നടത്തിയ ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് എത്തിയെന്നതാണ് കഥ.
ഇതു സംബന്ധിച്ച് ഡല്‍ഹി പൊലിസ് സ്‌പെഷല്‍ സെല്‍ തലവന്‍ കര്‍ണാല്‍ സിങ് പറയുന്ന കഥ കേള്‍ക്കുക. മോഹന്‍ചന്ദ് ശര്‍മ്മയുടെ നേതൃത്വത്തിലെത്തിയ സംഘം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. ഒരു മൊബൈല്‍ എക്‌സിക്യൂട്ടിവിന്റെ വേഷത്തില്‍ ഇന്‍സ്‌പെക്ടര്‍ ധര്‍മ്മേന്ദര്‍ 108 നമ്പര്‍ ഫ്‌ളാറ്റിന്റെ വാതിലില്‍ മുട്ടി. 9811004309 എന്ന മൊബൈല്‍ നമ്പറിന്റെ ഉടമയാണോ ഇതെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. എല്‍ ആകൃതിയിലുള്ള ഫ്‌ളാറ്റിന് രണ്ടു വാതിലുകളുണ്ടായിരുന്നു. പൊലിസാണ് വന്നിരിക്കുന്നതെന്നറിയിച്ചു ശര്‍മ്മ വാതിലില്‍ മുട്ടി. എന്നാല്‍, ആരും പ്രതികരിച്ചില്ല. തള്ളി നോക്കിയപ്പോള്‍ അകത്തുനിന്ന് കുറ്റിയിട്ടിരിക്കുന്നതായി കണ്ടു. അടുത്തവാതില്‍ കുറ്റിയിട്ടിരുന്നില്ല. അതിലൂടെ ശര്‍മ്മയും ടീമും അകത്തേക്ക് പ്രവേശിച്ചു. പെട്ടെന്ന് അകത്തുനിന്ന് പൊലിസിനു നേരെ വെടിവച്ചു. പൊലിസ് സ്വയം രക്ഷയ്ക്കായി തിരിച്ചും വെടിവച്ചു. മോഹന്‍ചന്ദ് ശര്‍മ്മയ്ക്കും ഹെഡ് കോണ്‍സ്റ്റബിള്‍ ബല്‍വന്തിനും വെടിയേറ്റു. രണ്ടു പേര്‍ കൊല്ലപ്പെട്ടു. ആദ്യ കഥ ഇവിടെ തീരുന്നു. ഏറ്റുമുട്ടലിനു ശേഷം എല്ലാം മറച്ചുവയ്ക്കുന്ന നിലപാടായിരുന്നു പൊലിസിന്റേത്. മൃതദേഹം കൊല്ലപ്പെട്ടവരുടെ നാടായ അഅ്‌സംഗഡിലേക്ക് കൊണ്ടുപോകാന്‍ സമ്മതിക്കാതെ നിസാമുദ്ദീനില്‍ പെട്ടെന്ന് മറവ് ചെയ്യിച്ചു. മൃതദേഹം മാന്തിയെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് ഭയന്ന് ഖബര്‍സ്ഥാനില്‍ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി. മജിസ്‌ട്രേറ്റുതല അന്വേഷണത്തിന് ഉത്തരവിടാന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ തേജീന്ദര്‍ ഖന്ന വിസമ്മതിച്ചു. അന്വേഷണം വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരും അവഗണിച്ചു.
കൊല്ലപ്പെട്ട 17കാരനായ സാജിദിന്റെ തലയ്ക്കു മുകളില്‍ നാലു ബുള്ളറ്റുകള്‍ കയറിയ പാടുണ്ടായിരുന്നു. ഏറ്റുമുട്ടലില്‍ ഇത്തരത്തില്‍ വെടിയേല്‍ക്കുക അസാധ്യമാണ്. ആതിഫിന്റെ ശരീരത്തില്‍ പിറകുവശത്ത് തൊലിയുരിഞ്ഞു പോയിരുന്നുവെന്ന് മയ്യിത്ത് കുളിപ്പിച്ചവര്‍ പറയുന്നു. ആതിഫ് കൊല്ലപ്പെടുന്നതിന് മുമ്പ് പീഡിപ്പിക്കപ്പെട്ടതിന് സമീപത്തെ ഫ്‌ളാറ്റിലുണ്ടായിരുന്നവര്‍ സാക്ഷികളാണ്. ഇരുവര്‍ക്കും മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൊല്ലപ്പെട്ട മോഹന്‍ചന്ദ് ശര്‍മ്മയുടെ മുന്‍വശത്ത് വെടിയേറ്റ പാടുകളൊന്നുമുണ്ടായിരുന്നില്ല. ഫ്‌ളാറ്റിലുള്ള യുവാക്കളാണ് ഡല്‍ഹിയിലും മറ്റു സ്ഥലങ്ങളിലും ബോംബ് സ്‌ഫോടനം നടത്തിയതെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഇന്‍സ്‌പെക്ടര്‍ ശര്‍മ്മ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിക്കാതെ എന്തുകൊണ്ട് ഏറ്റുമുട്ടലിനെത്തിയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ചോദ്യത്തിനും പൊലിസിന് ഉത്തരമില്ലായിരുന്നു. പുറത്തിറങ്ങാന്‍ ഒരേ ഒരു വഴിമാത്രമുള്ള ഫ്‌ളാറ്റില്‍നിന്ന് എങ്ങനെയാണ് രണ്ടു പേര്‍ പൊലിസിനെ വെട്ടിച്ച് രക്ഷപ്പെട്ടതെന്ന് ചോദ്യവും ശൂന്യതയില്‍ ലയിച്ചു.
സംഭവം മാധ്യമങ്ങളോട് വിവരിക്കുമ്പോള്‍ പിടിച്ചെടുത്ത സാധനങ്ങളെക്കുറിച്ച് പരസ്പരവിരുദ്ധമായ വിവരങ്ങളാണ് പൊലിസ് നല്‍കിയത്. ഒരു എ.കെ 47 തോക്ക്, രണ്ട് പിസ്റ്റളുകള്‍, ഒരു കംപ്യൂട്ടര്‍ എന്നിവയാണ് പിടിച്ചെടുത്തതെന്ന് ആദ്യം പറഞ്ഞു. മറ്റൊരിക്കല്‍ ഒരു എ.കെ 47 തോക്ക്, 30 കുഴല്‍ വിസ്താരമുള്ള തോക്ക്, കാട്രിഡ്ജുകള്‍, 21 കണ്‍ട്രി പിസ്റ്റള്‍ എന്നിവയായി. വീണ്ടുമൊരിക്കല്‍ പൊലിസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ കംപ്യൂട്ടറിന്റെ എണ്ണം രണ്ടായി. മൊബൈല്‍ ഫോണ്‍ പുതുതായി ഇടംപിടിച്ചു. അതേസമയം, മനുഷ്യാവകാശ കമ്മിഷനു ക്രൈം ഡി.ജി.പി നീരജ് താക്കൂര്‍ നല്‍കിയ സത്യവാങ്മൂലപ്രകാരം പിടിച്ചെടുത്ത സാധനങ്ങള്‍ ഇവയാണ്: രണ്ടു പിസ്റ്റള്‍, ഒരു ലൈവ് കാട്രിഡ്ജ്. ഇത് ഒരു പിസ്റ്റളില്‍ ലോഡ് ചെയ്തിരുന്നു. ഒരു എ.കെ 47 തോക്ക്, ഇതിനൊപ്പം രണ്ട് മാഗസിനുകളിലായി 30 ലൈവ് കാട്രിഡ്ജുകള്‍. രണ്ട് വെടിയുണ്ട പതിഞ്ഞ പാടുള്ള ഒരു ബുള്ളറ്റ് പ്രുഫ് ജാക്കറ്റ്. 9 എം.എം തോക്കിന്റെ 19 ഒഴിഞ്ഞ കേയ്‌സുകള്‍. 30 എം.എമ്മിന്റെ മൂന്ന് ഒഴിഞ്ഞ കേയ്‌സുകള്‍, എ.കെ 47 തോക്കിന്റെ നാലു ഒഴിഞ്ഞ കേയ്‌സുകള്‍. 13 ലീഡ് ബുള്ളറ്റുകള്‍.
ഇതു കൂടാതെ ഒരു ബക്കറ്റ്, ഒട്ടിക്കുന്ന ടാപ്പ്, ഒരു ബാഗ് എന്നിവ പൊലിസ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഹാജരാക്കി. ബക്കറ്റ് ബോംബ് സൂക്ഷിക്കാനും ടാപ്പ് ബോംബ് സ്ഥാപിക്കാനും ബാഗ് ബോംബ് കൊണ്ടുനടക്കാനും ഉപയോഗിച്ചിരുന്നതാണെന്നായിരുന്നു പൊലിസിന്റെ വാദം. എന്നാല്‍, ബാഗും ബക്കറ്റും കാലിയായിരുന്നു. വൈകാതെ തൊണ്ടികളുടെ ലിസ്റ്റില്‍ നിന്ന് ഇത് അപ്രത്യക്ഷമായി. ഡല്‍ഹി സ്‌ഫോടനം നടന്ന 2008 സെപ്റ്റംബര്‍ 13 മുതല്‍ ഡല്‍ഹി പൊലിസ് സ്‌പെഷല്‍ സെല്‍ ഇരകളെത്തേടിയിറങ്ങിയിരുന്നു. ജാമിഅ നഗറില്‍നിന്ന് മുതിര്‍ന്ന സാമൂഹ്യപ്രവര്‍ത്തകനായ അബ്ദുറഷീദ് അഗ്‌വാനെ കസ്റ്റഡിയിലെടുത്തു. ജാമിഅ മില്ലിയയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയും കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു. മഫ്ടിയിലെത്തിയ പൊലിസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രാത്രിമുഴുവന്‍ ചോദ്യം ചെയ്യല്‍. ഇന്ത്യന്‍ മുജാഹിദീന്‍ നേതാവായ അബൂ ബഷറിനെ അറിയുമോ എന്നായിരുന്നു ചോദ്യം. അറിയില്ലെന്ന് പറഞ്ഞപ്പോള്‍ തുടര്‍ച്ചയായി പീഡിപ്പിച്ചു. വിദ്യാര്‍ഥികളെ വിട്ടയച്ചത് സെപ്റ്റംബര്‍ 21ന്.
ആതിഫ് അമീനും മുഹമ്മദ് സാജിദും കൊല്ലപ്പെടുന്നത് ഇതിനിടയില്‍ സെപ്റ്റംബര്‍ 19ന്. ഒരിക്കല്‍ പൊലിസ് ചോദ്യംചെയ്യാന്‍ കൊണ്ടുപോയവരുടെ കൂട്ടത്തില്‍ ആതിഫുമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതു ശരിയല്ലെന്ന് വയ്ക്കുക. ആതിഫും കൂട്ടുകാരുമാണ് സ്‌ഫോടനം നടത്തിയതെന്ന് പൊലിസിന് എവിടുന്ന് വിവരം കിട്ടി. അതും ഒറ്റ രാത്രികൊണ്ട്. ഗുജറാത്ത് പൊലിസോ മുംബൈ പൊലിസോ നല്‍കിയ വിവരമനുസരിച്ചാണെങ്കില്‍ ആതിഫിന് പകരം എന്തിന് അഗ്‌വാനെയും മറ്റു ജാമിഅ വിദ്യാര്‍ഥികളെയും കസ്റ്റഡിയിലെടുത്തു. ഇവരോട് ആതിഫിനെക്കുറിച്ചന്വേഷിക്കുന്നതിന് പകരം എന്തിന് അബൂ ബഷറിനെക്കുറിച്ച് ചോദിച്ചു. അഹമ്മദാബാദ് പൊലിസ് പറയുന്നത് അഹമ്മദാബാദുള്‍പ്പെടെ ഗുജറാത്തില്‍ നടന്ന സ്‌ഫോടനങ്ങളുടെയും സ്‌ഫോടനശ്രമങ്ങളുടെയും സുത്രധാരകന്‍ അബൂ ബഷറാണെന്നാണ്. എന്നാല്‍ ഡല്‍ഹി പൊലിസ് പറയുന്നത് ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, യു.പി എന്നിവിടങ്ങളിലെ സ്‌ഫോടനങ്ങളെല്ലാം ആസൂത്രണം ചെയ്തത് ആതിഫാണെന്നും.
ജാമിഅ നഗറില്‍ കൊല്ലപ്പെട്ടവരാണ് ഡല്‍ഹി സ്‌ഫോടനം നടത്തിയതെന്ന് വയ്ക്കുക. എന്തുകൊണ്ട് അവരെ ജീവനോട് പിടിക്കാന്‍ ശ്രമിച്ചില്ലെന്ന ചോദ്യത്തിന് പൊലിസിനെ വെള്ളപൂശുന്ന മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് വരെ ഉത്തരം തന്നിരുന്നില്ല. പൊലിസ് അനിയന്ത്രിതമായി വെടിവയ്ക്കുകയായിരുന്നുവെന്ന് ഡല്‍ഹി പൊലിസ് തന്നെ മനുഷ്യാവകാശ കമ്മിഷനോട് സമ്മതിക്കുന്നു. ഇങ്ങനെയാണോ ആസൂത്രകരെ പിടികൂടുന്നത്. പൊലിസ് പറയുന്ന കഥകളൊന്നു ജാമിഅ നഗറിലെ ഒരാള്‍ പോലും വിശ്വസിച്ചിരുന്നില്ല. തങ്ങളുടെ യുവാക്കളെ കൊന്നുതീര്‍ക്കുന്നുവെന്ന് അവര്‍ പൊലിസിനെതിരേ പരസ്യമായി രോഷം കൊള്ളുകയും ചെയ്തു.
2000 ഡിസംബര്‍ 25ന് ഇതേ ബട്‌ലാ ഹൗസില്‍ മറ്റൊരു വ്യജ ഏറ്റുമുട്ടല്‍ ചമച്ച ചരിത്രമുണ്ട് ഡല്‍ഹി പൊലിസ് സ്‌പെഷല്‍ സെല്ലിന്. അബൂസമാല്‍ എന്ന യുവാവാണ് അന്നു ബട്‌ലാ ഹൗസിലെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ടത്. ചെങ്കോട്ട ആക്രമണത്തിലെ പ്രതിയാണ് ഇയാളെന്നായിരുന്നു പൊലിസ് ഭാഷ്യം. ഇയാളെ പൊലിസ് ഈ ഫ്‌ളാറ്റില്‍ ബലമായി കൊണ്ടുവന്ന് വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് പിന്നീട് പുറത്തുവന്നു. പുലര്‍ച്ചെയായിരുന്നു സംഭവം. ഇതിനെതിരേ സമരവുമായി ജാമിഅ പ്രദേശത്തെ കൗണ്‍സിലര്‍ ആസിഫ് മുഹമ്മദ് ഖാന്‍ രംഗത്തുവന്നു. കൗണ്‍സിലറെ ഒതുക്കാന്‍ കേസിലെ ഒന്നാം പ്രതി അഷ്ഫാഖിനെക്കൊണ്ട് ചെങ്കോട്ട ആക്രമണം നടത്താന്‍ തങ്ങള്‍ക്ക് സഹായം ചെയ്തത് ഈ കൗണ്‍സിലറാണെന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറയിക്കുകയാണ് പൊലിസ് ചെയ്തത്.
കൗണ്‍സിലറും വിട്ടുകൊടുത്തില്ല. തന്നെ കേസില്‍ക്കുടുക്കാന്‍ ശ്രമിച്ചാല്‍ മരണം വരെ നിരാഹാരമനുഷ്ഠിക്കുമെന്ന് ഇയാള്‍ മുന്നറിയിപ്പു നല്‍കി. ഇതോടെ പൊലിസ് കേസൊന്നുമെടുക്കാതെ ഒഴിഞ്ഞുമാറി. എന്നാല്‍, വര്‍ഷങ്ങള്‍ക്കു ശേഷം ഉസാമാബിന്‍ ലാദിന്റെ പോസ്റ്ററൊട്ടിച്ചുവെന്ന കുറ്റത്തിന് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. അന്‍സല്‍പ്ലാസ വ്യാജ ഏറ്റുമുട്ടല്‍ പുറത്തുകൊണ്ടുവന്ന പ്രമുഖ കാന്‍സര്‍ സ്‌പെഷലിസ്റ്റ് ഡോ. കൃഷണക്കുമുണ്ടായി ഇത്തരത്തിലൊരനുഭവം. പൊലിസിന്റെ പീഡനം മൂലം ഇയാള്‍ക്ക് ഗ്രേറ്റര്‍ കൈലാഷില്‍ നല്ല നിലയില്‍ നടത്തിയിരുന്ന ക്ലിനിക് പൂട്ടി ഡല്‍ഹി വിട്ടുപോകേണ്ടിവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."