HOME
DETAILS
MAL
ഭൂരിപക്ഷത്തിന്റെ ഹിതം നടപ്പാക്കലല്ല ജനാധിപത്യം
backup
April 24 2021 | 00:04 AM
ഭൂരിപക്ഷത്തിന്റെ ഹിതം നടപ്പാക്കലല്ല ജനാധിപത്യത്തിന്റെ അര്‍ഥമെന്ന് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി വ്യക്തമാക്കി. ഒരു പെട്രോള്‍ പമ്പ് സ്ഥാപിക്കാനുള്ള അനുമതി ഒരു പഞ്ചായത്ത് നിഷേധിച്ചത് സംബന്ധിച്ചു പുറപ്പെടുവിച്ച വിധിയിലാണ് ഭൂരിപക്ഷത്തിന്റെ ഭരണമല്ല ജനാധിപത്യം കൊണ്ട് വിവക്ഷിക്കുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചതെങ്കിലും കാലിക ഇന്ത്യയില്‍ ഇത് പ്രസക്തവും അര്‍ഥതലങ്ങള്‍ ഏറെയുള്ളതുമാണ്.
ആലപ്പുഴ തൈക്കാട്ടുശ്ശേരിയില്‍ പെട്രോള്‍ പമ്പിനു ബില്‍ഡിങ് പെര്‍മിറ്റ് അപേക്ഷ പഞ്ചായത്ത് നിരസിച്ചതിനെതിരേ ഉടമ നല്‍കിയ ഹരജി തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് എന്‍. നഗരേഷ് മുകളില്‍ പറഞ്ഞ നിരീക്ഷണം നടത്തിയത്. തൈക്കാട്ടുശ്ശേരി ഗവ. യു.പി സ്‌കൂളിനടുത്ത് പമ്പ് വരുന്നതിനെതിരേ മലിനീകരണ പ്രശ്‌നം ചൂണ്ടിക്കാട്ടി പഞ്ചായത്ത് അനുമതി നിഷേധിച്ചതിനെതിരേയായിരുന്നു ഉടമ ജെറിന്‍ ജെറോയീസ് ഹരജി നല്‍കിയത്. പെട്രോള്‍ പമ്പ് നിര്‍മിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ടൗണ്‍ പ്ലാനറുടെയും അനുമതി ലഭിച്ച കാര്യം ഹരജിക്കാരന്‍ ഹരജിയില്‍ എടുത്തുദ്ധരിച്ചതിനെത്തുടര്‍ന്നാണ് ജനാധിപത്യത്തെ സംബന്ധിച്ച ശ്രദ്ധേയമായ നിരീക്ഷണം ഹൈക്കോടതിയില്‍ നിന്നുണ്ടായത്.
മലിനീകരണ പ്രശ്‌നം നിയമാനുസൃതം പരിഗണിക്കേണ്ടത് ചട്ടപ്രകാരമുള്ള സ്ഥാപനങ്ങളാണ്. ഭൂരിപക്ഷാഭിപ്രായം വളരെയധികം ശ്രദ്ധേയമാണെങ്കില്‍പ്പോലും പഞ്ചായത്തു പോലുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളുടെ നടപടികള്‍ നിയമാനുസൃതമായിരിക്കണം. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്ത് പോലുള്ള സ്ഥാപനങ്ങള്‍ അധികാര പരിധിക്കപ്പുറത്തുള്ള പ്രമേയങ്ങള്‍ പാസാക്കുന്നത് ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തൊഴിലെടുത്തു ജീവിക്കാനുള്ള പൗരന്റെ അവകാശത്തിനുമേല്‍ ഭൂരിപക്ഷത്തിന്റെ തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ജനാധിപത്യത്തിന്റെ അര്‍ഥവും അതല്ല.
സംസ്ഥാനത്ത് ഇത്തരം പ്രവണതകള്‍ കണ്ടുവരുന്നത് അസ്വസ്ഥതയുളവാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഏതൊരു ജനാധിപത്യ സ്ഥാപനവും ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നാണ് പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ഭരണം നടത്തുകയല്ല വേണ്ടത്.
ഹൈക്കോടതി നിരീക്ഷിച്ചതുപോലെ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളില്‍ മാത്രമല്ല ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ജനാധിപത്യവിരുദ്ധ നടപടികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിയമസഭകളിലും പാര്‍ലമെന്റിലും ഭൂരിപക്ഷത്തിന്റെ തിണ്ണബലത്തില്‍ എത്രയോ പൗരാവകാശ നിയമങ്ങള്‍ക്കെതിരേയും മനുഷ്യാവകാശങ്ങള്‍ക്കെതിരേയും പ്രമേയങ്ങളും ബില്ലുകളും പാസാക്കിയിട്ടുണ്ട്. അതില്‍ പലതും ഭരണഘടനാവിരുദ്ധവുമായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ഭരണഘടന കശ്മിരിനു നല്‍കിയ പ്രത്യേകാവകാശമായ 370-ാം വകുപ്പ് എടുത്തുകളഞ്ഞത്. സംസ്ഥാനമായിരുന്ന കശ്മിരിനെ ഭരണഘടനാ ചട്ടങ്ങള്‍ മറികടന്ന് കേന്ദ്രസര്‍ക്കാര്‍, ജമ്മു- കശ്മിരെന്നും ലഡാക്കെന്നുമുള്ള രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റി. കേന്ദ്രഭരണ പ്രദേശങ്ങളെ സംസ്ഥാനങ്ങളായി പ്രഖ്യാപിക്കാമെന്നല്ലാതെ, സംസ്ഥാനങ്ങളെ കേന്ദ്രഭരണ പ്രദേശങ്ങളായി പരിവര്‍ത്തിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. മുന്‍പ് അങ്ങനെ ഉണ്ടായിട്ടുമില്ല. പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷം ഉണ്ടെന്ന ഒറ്റക്കാരണത്താലായിരുന്നു ഈ ഭരണഘടനാവിരുദ്ധ തീരുമാനം മോദി സര്‍ക്കാര്‍, ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നറിയപ്പെടുന്ന പാര്‍ലമെന്റില്‍ എടുത്തത്. ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു തുണ്ട് കടലാസില്‍ ഭൂരിപക്ഷ തീരുമാനം വായിച്ചാണ് മഹത്തായ ഭരണഘടനാതത്വത്തെ അപ്രസക്തമാക്കിയത്.
ജനങ്ങള്‍ ആഗ്രഹിക്കുന്നതോ, ഭരണഘടനയുടെ ചട്ടക്കൂടില്‍ ഒതുങ്ങുന്നതോ ആയ കാര്യങ്ങളല്ല ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടങ്ങളില്‍ നിന്ന് ഉണ്ടാകുന്നത്. ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ ജനവിരുദ്ധ നടപടികളാണ് പല ഭരണകൂടങ്ങളും സ്വീകരിച്ചുവരുന്നത്. ജനങ്ങള്‍ മോഹിക്കുന്ന ഭരണമല്ല അവര്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളില്‍ നിന്ന് അവര്‍ക്ക് ലഭിക്കുന്നതെന്നര്‍ഥം. ജനപ്രതിനിധികളില്‍ പലരും ജനങ്ങളുടെ താല്‍പര്യം പ്രതിനിധീകരിക്കുന്നില്ല. ജനാധിപത്യ ഭരണസംവിധാനത്തെ,ഭരണകൂടത്തിന് ജനങ്ങളോടുള്ള ഉത്തരവാദിത്വത്തെയാണ് സൂചിപ്പിക്കുന്നത്. അധികാരത്തിന്റെ ലക്ഷ്യം ജനനന്മയാണ്. അല്ലാതെ ഭൂരിപക്ഷം ഉണ്ടെന്നതിന്റെ പേരില്‍ എന്തും ചെയ്യാനുള്ള അനുമതിയല്ല. സ്വാതന്ത്ര്യം കിട്ടിയതിനെത്തുടര്‍ന്ന് ഇന്ത്യയെ പുനര്‍നിര്‍മിക്കുക എന്ന ഉത്തരവാദിത്വമായിരുന്നു ആദ്യഘട്ടങ്ങളില്‍ ഭരണാധികാരികള്‍ സ്വീകരിച്ചിരുന്നത്. ജനാധിപത്യ ഭരണസമ്പ്രദായത്തെ അടിസ്ഥാനമാക്കി ഭൂരിപക്ഷം എടുത്ത അത്തരമൊരു ജനഹിത തീരുമാനമായിരുന്നു ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ചിരുന്നതും.
എന്നാല്‍, മോദി സര്‍ക്കാര്‍ 2019ല്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ, ഭൂരിപക്ഷം ലഭിച്ചതിന്റെ പേരില്‍ ജനാധിപത്യവിരുദ്ധവും ന്യൂനപക്ഷാവകാശ ലംഘനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും വ്യാപകമായി. രാഷ്ട്രനിര്‍മാണത്തിനു പകരം രാഷ്ട്രം നേടിയെടുത്തതെല്ലാം വില്‍ക്കാന്‍ തുടങ്ങി. മൃഗീയഭൂരിപക്ഷം കിട്ടിയതിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികളുടെ ഏകദേശ ചിത്രമാണിത്.
ജനാധിപത്യത്തില്‍ ഭരണകൂടം ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും വിധേയമായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. ഭരണകൂടത്തെ അതിരുവിടാതെ സൂക്ഷിക്കുന്നത് ഭരണഘടനയും നിയമങ്ങളുമാണ്. എന്നാല്‍, ഇന്നത്തെ ഇന്ത്യയില്‍ ഇവയെല്ലാം അപ്രസക്തമായിരിക്കുന്നു.ഭൂരിപക്ഷത്തിന്റെ അഹന്തയില്‍ ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ഒരു വ്യക്തിയുടെ പെട്രോള്‍ പമ്പ് നിര്‍മാണവുമായി ബന്ധപ്പെട്ടതാണെങ്കില്‍ക്കൂടി, ഭൂരിപക്ഷത്തിന്റെ ഭരണമല്ല ജനാധിപത്യത്തിന്റെ അര്‍ഥമെന്നും ഏതൊരു ജനാധിപത്യ സ്ഥാപനവും ഭരണഘടനയുടെ ചട്ടക്കൂടില്‍നിന്നുകൊണ്ടേ പ്രവര്‍ത്തിക്കാവൂ എന്നുമുള്ള ഹൈക്കോടതി നിരീക്ഷണം, കൂരിരുളിലെ നക്ഷത്രം പോലെ ഇന്നത്തെ ഇന്ത്യയില്‍ പ്രതീക്ഷാനിര്‍ഭരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."