ഓക്‌സിജന്‍ ലഭിക്കാതെ രാജ്യത്ത് വീണ്ടും മരണം; ഡല്‍ഹിയില്‍ 20 പേര്‍ മരിച്ചു; 200 പേര്‍ ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി: ഓക്‌സിജന്‍ ലഭിക്കാതെ രാജ്യത്ത് വീണ്ടും മരണം. 20 പേരാണ് ഡല്‍ഹി ജയ്പ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ മരിച്ചത്. ഇവിടെ 200 രോഗികളുടെയെങ്കിലും സ്ഥിതി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇവിടെ 200 പേര്‍ ഗുരുതരാവസ്ഥയില്‍ ആണെന്നും അരമണിക്കൂര്‍ കൂടി നല്‍കാനുള്ള ഓക്‌സിജന്‍ മാത്രമേ സ്റ്റോക്കുള്ളുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേ സമയം ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ പ്രതിസന്ധി രൂക്ഷമായി. കൊവിഡ് രോഗികളുടെ അഡ്മിഷന്‍ ഇവിടെ നിര്‍ത്തിവെപ്പിച്ചു. ഓക്‌സിജന്‍ ക്ഷാമംമൂലമാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. 190 പേരാണ് ദില്ലിയിലെ ബത്ര ആശുപത്രിയില്‍ ഓക്‌സിജന്‍ സഹായത്തില്‍ കഴിയുന്നത്. ദില്ലി മൂല്‍ചന്ദ്ര ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ദില്ലി ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികള്‍ മരിച്ചെന്ന് ആശുപത്രി അധികൃതര്‍ ഇന്നലെ വ്യക്തമാക്കിയത്.അരമണിക്കൂര്‍ കൂടി മാത്രം നല്‍കാനുള്ള ഓക്‌സിജനേ ഇവിടെയുള്ളൂ എന്നും ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് ദില്ലി സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ഹൈക്കോടതി ഇന്നലെ നോട്ടിസ് അയച്ചിരുന്നു.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗ തീവ്രതയുള്ളത് ഡല്‍ഹിയിലാണ്. മഹാരാഷ്ട്ര, ഛത്തിസ്ഗഡ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ്, തമിഴ്നാട്, കേരളം, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 75.01 ശതമാനവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ (67,013).
3,32,730 പേര്‍ക്കാണ് ഇന്നലെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1,93,279 പേര്‍ ഇന്നലെ രോഗമുക്തി നേടി. 1,62,63,695 കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ കഴിഞ്ഞ ദിവസംവരെ റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം മഹാരാഷ്ട്രയില്‍ ഇന്നലെ മരിച്ചത് 773 കൊവിഡ് രോഗികളാണ്. 24 മണിക്കൂറില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ കണക്കായിരുന്നു ഇത്.അതോടൊപ്പം 66,836 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 6,91,851 സജീവ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്ര രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനവുമാണ്. 24 മണിക്കൂറില്‍ പൂനെയില്‍ മാത്രം 30 പേര്‍ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."