വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ല, തിരിച്ചുവരും; വെളിപ്പെടുത്തലുമായി പി. നെടുമാരന്‍
ചെന്നൈ: എല്‍.ടി.സി തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് തമിഴ് സംഘടനയുടെ പ്രസിഡന്റ് പി. നെടുമാരന്‍. ശ്രീലങ്കയില്‍ രാജപക്‌സെ ഭരണം അവസാനിച്ചതിനാലാണ് വെളിപ്പെടുത്തലെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഉടന്‍ തന്നെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമെന്നും നെടുമാരന്‍ അവകാശപ്പെട്ടു.
ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എല്‍ടിടിഇ) സ്ഥാപിക്കുകയും ശ്രീലങ്കയെ ഒരു തമിഴ് രാഷ്ട്രമാക്കുന്നതിന് വിപുലമായ ഗറില്ലാ പ്രചാരണത്തിന് നേതൃത്വം നല്‍കുകയും ചെയ്ത പ്രഭാകരന്‍, 2009 മെയ് 18 ന് കൊല്ലപ്പെട്ടുവെന്നാണ് ശ്രീലങ്കന്‍ സേന വ്യക്തമാക്കിയത്.
ശ്രീലങ്കന്‍ സൈന്യം മുള്ളിവൈകലില്‍ നടത്തിയ ഓപ്പറേഷനിലാണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടത്. വേലുപ്പിള്ളയുടെ മൃതദേഹം മുന്‍ സഹപ്രവര്‍ത്തകന്‍ മുരളീധരന്‍ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കി മെയ് 19 ന് മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ശ്രീലങ്കന്‍ സേന പ്രസിദ്ധീകരിച്ചിരുന്നു.
തന്റെ കുടുംബം പ്രഭാകരനും കുടുംബവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് നെടുമാരന്‍ അവകാശപ്പെടുന്നത്. എന്നാല്‍ നിലവില്‍ പ്രഭാകരന്‍ താമസിക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കാന്‍ സാധിക്കില്ലെന്നും നെടുമാരന്‍ വിശദമാക്കുന്നു. രാജപക്‌സെ സര്‍ക്കാരിന്റെ പതനശേഷമുള്ള നിലവിലെ ശ്രീലങ്കന്‍ സാഹചര്യം അദ്ദേഹത്തിന്റെ തിരിച്ചുവരവിനുള്ള മികച്ച അവസരമാണെന്നും നെടുമാരന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."