ഇമ്രാന്റെ ഒൗട്ടും പാകിസ്താൻ രാഷ്ട്രീയവും
ഡോ. സനന്ദ് സദാനന്ദൻ
നല്ല രീതിയിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുമ്പോൾ റണ്ണൗട്ടാകുന്നത് എന്ത് കഷ്ടമാണ്. ക്രിക്കറ്ററായിരുന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധികാരത്തിന്റെ പിച്ചിൽനിന്ന് പുറത്താകുമ്പോൾ അവശേഷിക്കുന്ന ചോദ്യം അദ്ദേഹം നല്ലരീതിയിൽ ഭരിച്ചിരുന്നോ എന്നതാണ്. എഴുപത്തഞ്ച് വർഷത്തെ പാകിസ്താന്റെ ചരിത്രത്തിലാദ്യമായാണ് ഒരു പ്രധാനമന്ത്രി അവിശ്വാസപ്രമേയത്തെ തുടർന്ന് പുറത്തുപോകുന്നത്. എന്നാൽ ആദ്യ പ്രധാനമന്ത്രിയായ ലിയാഖത്ത് അലി ഖാൻ മുതൽ ആർക്കെങ്കിലും ഭരണത്തിൽ അഞ്ചുവർഷം പൂർത്തീകരിക്കാൻ സാധിച്ചോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് ഉത്തരം. ട്വന്റി ട്വന്റി ക്രിക്കറ്റിനേക്കാൾ പ്രവചനാതീതമാണ് പാകിസ്താന്റെ രാഷ്ട്രീയം. അവസാന ബോൾ വരെ എന്തും സംഭവിക്കാം. പക്ഷേ കളിനിയമങ്ങൾ ഉപജാപങ്ങളുടേതാണെന്നുമാത്രം.
ഇന്ത്യയിലെ ലോക്സഭക്ക് തുല്യമായ പാകിസ്താനിലെ നിയമനിർമാണ വിഭാഗമാണ് നാഷനൽ അസംബ്ലി. 342 അംഗങ്ങളുള്ള ഈ സഭയിൽ 172 പേരുടെ പിന്തുണ വേണം ഭരണം ഉറപ്പിക്കാൻ. തെഹ്‌രീകേ ഇൻസാഫ് എന്ന ഇമ്രാൻ ഖാന്റെ പാർട്ടിക്ക് നിലവിൽ 149 അംഗങ്ങളാണുള്ളത്. പ്രതിപക്ഷനിരയിലെ മുഖ്യപാർട്ടിയായ ഷഹബാസ് ഷരീഫ് നയിക്കുന്ന പാകിസ്താൻ മുസ്‌ലിം ലീഗ് നവാസ്(പി.എം.എൽ-എൻ) വിഭാഗത്തിന് 82 സീറ്റും ബിലാവൽ ഭൂട്ടോ സർദാരി നയിക്കുന്ന പാകിസ്താൻ പീപ്പിൾസ് പാർട്ടിക്ക്(പി.പി.പി) 54 സീറ്റുകളുമാണുള്ളത്. മറ്റു ചെറുകക്ഷികളുടെ പിന്തുണയോടെയാണ് ഖാൻ ഭരണത്തിൽ പിടിച്ചുനിന്നിരുന്നത്. അവരാണ് ഇപ്പോൾ പ്രതിപക്ഷത്തിൻ്റെ കൂടെ ചേർന്നിരിക്കുന്നത്. മാർച്ച് എട്ടിനാണ് പ്രതിപക്ഷം നാഷനൽ അസംബ്ലിയിൽ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഡെപ്യൂട്ടി സ്പീക്കർ ഖ്വാസിം സുരി അവിശ്വാസപ്രമേയം തള്ളി. അതിനൊപ്പം പ്രസിഡൻ്റ് അസംബ്ലി പിരിച്ചുവിട്ടു. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ പാകിസ്താൻ സുപ്രിംകോടതിയെ സമീപിച്ചു. കോടതി സഭ പിരിച്ചുവിട്ടത് റദ്ദാക്കിക്കൊണ്ട് അവിശ്വാസ വോട്ടിന് അനുമതി നൽകി. ഈ സാഹചര്യത്തിലാണ് ശനിയാഴ്ച അസംബ്ലിയിൽ ഇമ്രാൻ ഖാൻ അവിശ്വാസപ്രമേയം നേരിടേണ്ടി വന്നത്. അർധരാത്രി വരെ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ അവിശ്വാസം പാസായി.
ഓൾറൗണ്ടർ ഇമ്രാൻ
1952ൽ ആണ് ഇമ്രാൻ ഖാൻ ജനിക്കുന്നത്. കേബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിൽനിന്ന് രാഷ്ട്രീയത്തിലും തത്ത്വചിന്തയിലും സാമ്പത്തികശാസ്ത്രവും ഉന്നതവിദ്യാഭ്യാസം. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽനിന്ന് പാക് ദേശീയ ടീമിലേക്ക്. 1992ൽ പാകിസ്താന് ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത നായകൻ. ക്രിക്കറ്റ് ജീവിതത്തിനുശേഷം സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ സജീവമായി. ഇമ്രാൻ്റെ മാതാവിൻ്റെ പേരിലുള്ള അർബുദാശുപത്രി ഇന്നും പാകിസ്താനിലെ ആ മേഖലയിലെ പ്രമുഖ കേന്ദ്രമാണ്. 1996ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. അതുവരെ വലിയ രീതിയിൽ ഉപയോഗിച്ചിട്ടില്ലാത്ത മതത്തെ രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ ഭാഗമാക്കി കൂടെക്കൂട്ടി. അഴിമതിയിൽ മുങ്ങിക്കുളിച്ച രണ്ടു മുന്നണികൾക്കും ബദലായി മൂന്നാം മുന്നണിയെന്ന പ്രതീക്ഷ പ്രത്യേകിച്ച് നഗരവാസികൾക്കിടയിലും യുവാക്കൾക്കിടയിൽ സൃഷ്ടിക്കാൻ ഇമ്രാൻ ഖാനായി.പട്ടാളത്തിന്റെ പിന്തുണ കൂടിയായപ്പോൾ ഖാൻ പാക് പ്രധാനമന്ത്രിയായി 2018ൽ അവരോധിതനായി.
സാമ്പത്തിക പ്രശ്‌നങ്ങളും അഴിമതിയും
അവിശ്വാസത്തിൽ പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ച പ്രധാനവിഷയം സാമ്പത്തിക തകർച്ചയും വിലക്കയറ്റവും ഗവൺമെൻ്റിൻ്റെ പിടിപ്പുകേടുമാണ്. മറ്റു തെക്കൻ ഏഷ്യൻ രാജ്യങ്ങളെ പോലെ സമ്പദ്‌വ്യവസ്ഥയ്ക്ക് കൊവിഡ് വലിയ ആഘാതമേൽപ്പിച്ചു. ചുരുങ്ങിയ വരവും വർധിച്ച ചെലവുകളും താങ്ങാനാവാതെ ഭരണകൂടം നട്ടംതിരിയുന്നു. 20 ബില്യനാണ് പാകിസ്താൻ കറൻ്റ് അക്കൗണ്ട് കമ്മി. ചൈനീസ് സഹകരണത്തോടെ മുന്നോട്ടുപോവുന്ന ചൈന-പാക് സാമ്പത്തിക ഇടനാഴിയിലെ(സി.പി.ഇ.സി) തടസം, അമേരിക്കയുമായുള്ള അകൽച്ച, ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) ചാരപ്പട്ടികയിൽ ഉൾപ്പെടുത്തിയത് ഇവയെല്ലാം പാകിസ്താന്റെ വിദേശ വിനിമയത്തെ കാര്യമായി ബാധിച്ചു. ഒരുഭാഗത്ത് പാക് രൂപയുടെ മൂല്യം അനുദിനം കുറഞ്ഞുവരുന്നു. മറുവശത്ത് ആഗോള കാരണങ്ങളാൽ പെട്രോളിയത്തിന്റെ വില അനുദിനം കുതിക്കുന്നു. ഇത്തരത്തിൽ വർധിച്ച ജീവിതച്ചെലവുകൾക്കൊപ്പം അഴിമതിയും പാകിസ്താനിൽ വർധിച്ചു. അഴിമതിയുടെ കണക്ക് പ്രകാരം (corruption Perception Index) ലോകരാജ്യങ്ങളിൽ 180ൽ 140ാം സ്ഥാനമാണ് പാകിസ്താന് 2021ൽ ഉള്ളത്. എന്നാൽ 2020ൽ ഇത് 124 മാത്രമായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുടെ സ്ഥാനം 85ൽ മാറ്റമില്ലാതെ തുടരുന്നു.
പട്ടാളം എന്ന അമ്പയർ
പാക് രാഷ്ട്രീയ പിച്ചിൽ ഏറ്റുമുട്ടുന്നത് പാർട്ടികളാണെങ്കിലും പട്ടാളമാണ് മിക്കപ്പോഴും കളി നിയന്ത്രിച്ചത്. 75 വർഷത്തെ പാക് ചരിത്രത്തിൽ 33 വർഷവും അധികാരം കൈയാളിയത് പട്ടാള മേധാവികളായിരുന്നു എന്നത് ഇത് അടിവരയിടുന്നു. സൈനിക ബജറ്റ് മൊത്തം ജി.ഡി.പിയുടെ നാല് ശതമാനത്തിലധികം വരും. ഇത് പട്ടാളത്തിന് എത്ര പ്രാധാന്യമുണ്ടെന്ന് വെളിവാക്കുന്നതാണ്. ഇക്കാര്യത്തിൽ ഇന്ത്യയുടെ ശരാശരി 2.4 ശതമാനമാണ്. 2018ലെ പൊതുതെരഞ്ഞെടുപ്പിൽ പാകിസ്താൻ മുസ്‌ലിം ലീഗിനെ പരാജയപ്പെടുത്തി ഇമ്രാൻ ഖാന്റെ പാർട്ടിയെ അധികാരത്തിലേറ്റാനായി തെരഞ്ഞെടുപ്പിൽ സൈന്യം അട്ടിമറികൾ നടത്തിയെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. നവാസ് ഷരീഫിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യനാക്കിയ സുപ്രിംകോടതിയുടെ വിധിക്കു പിന്നിൽ ഇപ്പോഴത്തെ സൈനിക മേധാവിയായ ജാവേദ് ബജ്‌വയാണെന്നാണ് ഷരീഫ് ആരോപിക്കുന്നത്. ഇതിന് പ്രത്യുപകാരമായാണ് ബജ്‌വയുടെ കാലാവധി 2019ൽ ഇമ്രാൻ ഖാൻ മൂന്നുവർഷത്തേക്ക് ദീർഘിപ്പിച്ചത്.
പട്ടാളത്തിന്റെ പിന്തുണയോടെ അധികാരത്തിലേറിയ ഇമ്രാൻ ഖാൻ പിന്നീട് പട്ടാളവുമായി പല വിഷയങ്ങളിലും തെറ്റി. പട്ടാളത്തിൻ്റെ ആഭ്യന്തരവും വൈദേശികവുമായ വിഷയങ്ങളിലുള്ള ഇടപെടലുകൾ സംബന്ധിച്ച് സംഘർഷങ്ങൾ മൂർച്ഛിച്ചു. അമേരിക്കൻ നയം, ഉക്രൈൻ പ്രശ്‌നം, സാമ്പത്തിക നയങ്ങൾ, താലിബാനുമായുള്ള ബന്ധം തുടങ്ങി നിരവധി വിഷയങ്ങളിൽ വിടവ് വർധിച്ചു. സൈന്യം പൊടുന്നനെ ഇമ്രാൻ ഖാനെ കൈവിട്ടതാണ് പെട്ടെന്നുണ്ടായ വീഴ്ചയുടെ പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. രഹസ്യാന്വേഷണവിഭാഗം തലവന്റെ നിയമനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇതിലേക്ക് നയിച്ചതെന്ന് കണക്കാക്കുന്നു. അവസരം കാത്തിരുന്ന പ്രതിപക്ഷം മുതലാക്കുകയാണ് ഇപ്പോൾ ചെയ്തത്.
വിദേശ ഗൂഢാലോചന
അവിശ്വാസപ്രമേയ നടപടികളെ ഇമ്രാൻ നേരിട്ടത് വിദേശ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞാണ്. ഇസ്‌ലാമാബാദിൽ നടന്ന റാലികളിലൊന്നിൽ ഇതിന് തെളിവുണ്ടെന്നു പറഞ്ഞു ഒരു കത്ത് ഉയർത്തിക്കാണിക്കുന്നുണ്ട് അദ്ദേഹം. അമേരിക്കൻ നയതന്ത്രജ്ഞൻ ഡൊണാൾഡ് ലു ആണ് പ്രധാന ആസൂത്രകനെന്നാണ് ഖാന്റെ പാർട്ടി ആരോപിക്കുന്നത്. മാർച്ച് 27ന് നടത്തിയ ശക്തിപ്രകടനത്തിൽ, ഇതിന്റെ തുടക്കം ഇംഗ്ലണ്ടിലാണെന്നാണ് ഇമ്രാൻ പറഞ്ഞത്. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് ചികിത്സയ്ക്കായി ഇപ്പോൾ ലണ്ടനിലാണെന്നത് ചേർത്തുവായിക്കാവുന്നതാണ്. പാകിസ്താൻ അമേരിക്കയിൽനിന്ന് അകന്നതും ചൈനയുമായി അടുത്തതും ഈ വർഷങ്ങളിലാണ്. ഉക്രൈൻ അധിനിവേശ സമയത്ത് പുടിനെ സന്ദർശിച്ച നേതാവ് കൂടിയാണ് ഖാൻ. ഇവ അദ്ദേഹത്തിൻ്റെ പാശ്ചാത്യ ഗൂഢാലോചന വാദങ്ങൾക്ക് ബലമേകുന്നു. പാകിസ്താനിലെ സംഘർഷ കാലത്ത് രാഷ്ട്രീയക്കാർ ഉപയോഗിച്ചുവരുന്ന ആയുധങ്ങളാണ് രാജ്യസ്‌നേഹവും മതവും. ഇമ്രാൻ ഖാന്റെ അമിത പാശ്ചാത്യവിരുദ്ധത പട്ടാളത്തിന് അതൃപ്തിയുണ്ടാക്കിയെന്നാണ് വിദഗ്ധർ വിലയിരുത്തിയത്.
കോടതിയും ജനാധിപത്യവും
ജനാധിപത്യവിരുദ്ധമായി അസംബ്ലി പിരിച്ചുവിട്ട നടപടി റദ്ദാക്കിയ പാക് സുപ്രിംകോടതിയെ ഭരണഘടന സംരക്ഷകരായി പലരും ചിത്രീകരിക്കുന്നുണ്ട്. രാഷ്ട്രീയനേതാക്കളുമായി നിരന്തരം ഏറ്റുമുട്ടിയ ചരിത്രമാണ് പാക് കോടതിക്കുള്ളത്. 2007ൽ ചീഫ് ജസ്റ്റിസ് ഇഫ്തിഖാർ മുഹമ്മദ് ചൗധരിയെ പിരിച്ചുവിട്ടതിനു പിന്നാലെയാണ് മുഷറഫിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കിയത്. 2019ൽ രാജ്യത്തിന് പുറത്തു അഭയംതേടിയ മുഷറഫിന് കോടതിക്ക് വധശിക്ഷ പോലും വിധിച്ചിരുന്നു. 1977, 1999 വർഷങ്ങളിൽ നടന്ന പട്ടാള അട്ടിമറികളെ ശരിവച്ചതും ഇതേ കോടതിയാണ്. 2012 പാകിസ്താൻ പീപ്പിൾസ് പാർട്ടി പ്രധാനമന്ത്രിയായിരുന്ന യൂസഫ് റാസ ഗിലാനിയെ കോടതിയലക്ഷ്യത്തിന് പേരിലാണ് അയോഗ്യനാക്കിയത്. അതുകൊണ്ടുതന്നെ പാകിസ്താൻ പട്ടാള അട്ടിമറികളുടെ മാത്രമല്ല ജുഡീഷ്യൽ അട്ടിമറികളുടെ നാടുകൂടിയാണെന്ന് പലരും വിമർശിക്കുന്നത്. സുപ്രിംകോടതിയിൽ പട്ടാളത്തിൻ്റെ സ്വാധീനം വർഷങ്ങളായി വളരെ പ്രകടമാണെന്നത് മറ്റൊരു യാഥാർഥ്യം.
അവിശ്വാസ സമയത്തും അവസാന ബോൾ വരെ കടിച്ചുതൂങ്ങാനാണ് ഇമ്രാൻ ശ്രമിച്ചത്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയഭാവി അവസാനിച്ചെന്ന് കരുതാനാവില്ല. ക്രിക്കറ്റ് ലോകത്ത് ഇമ്രാൻ പ്രശസ്തനായത് റിവേഴ്‌സ് സ്വിങ്ങുകളെക്കൊണ്ടാണ്. ഭരണത്തിലേക്കുള്ള തിരിച്ചുവരവും അസാധ്യമല്ല. ഇപ്പോഴും അദ്ദേഹത്തിന് വലിയ പൊതുജന പിന്തുണയുണ്ടെന്നാണ് പാകിസ്താനിൽ നിന്നുള്ള വാർത്തകൾ വ്യക്തമാക്കുന്നത്. ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിച്ചവനെന്ന ആരോപണത്തിൽനിന്ന് ഇംറാൻ മുക്തനല്ല. ഇത് അദ്ദേഹത്തിൻ്റെ രാഷ്ട്രീയഭാവിയെ എങ്ങനെ ബാധിക്കുമെന്നത് ഇപ്പോൾ വിലയിരുത്താനാവില്ല. ക്രിക്കറ്റിൽ നിശ്ചിതസമയത്തിള്ളിൽ ബൗൾ ചെയ്ത് കഴിഞ്ഞില്ലെങ്കിൽ ക്യാപ്റ്റന് പിഴ ഈടാക്കുകയോ തുടർമത്സരങ്ങളിൽ നിന്ന് വിലക്കുകയോ ചെയ്യാറുണ്ട്. അവിശ്വാസ നാടകങ്ങളിൽ കടിച്ചുതൂങ്ങിയ ഇമ്രാന് എന്ത് ശിക്ഷയാണ് ഏറ്റുവാങ്ങേണ്ടിവരിക എന്നുള്ളതാണ് ഇപ്പോൾ അവശേഷിക്കുന്ന പ്രധാന ചോദ്യം.
പ്രധാനമന്ത്രിയാവാൻ സാധ്യതയുള്ള മുഖം മുൻ പഞ്ചാബ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഷഹബാസ് ഷരീഫാണ്. നിരവധി അഴിമതി ആരോപണങ്ങൾക്ക് വിധേയനാണ് അദ്ദേഹവും. 2020ൽ 7328 മില്യൻ രൂപയുടെ പണത്തട്ടിപ്പ് കേസിൽ ഷഹബാസ് അറസ്റ്റിലായിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങി വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ആത്യന്തികമായി തൽപരകക്ഷികൾക്കിടയിൽ പെട്ട് ഒരിക്കൽ കൂടി പരാജയം രുചിക്കുന്നത് പാകിസ്താനിലെ ജനാധിപത്യ വിശ്വാസികളാണ്.
(കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം
അധ്യാപകനാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."