ചരിത്രം ആവർത്തിച്ച് ഇമ്രാനും ഇറങ്ങി; പുതിയ പ്രധാനമന്ത്രിയുടെ നയം മാറുമോ?
ചരിത്രം ആവർത്തിച്ച് ഇമ്രാനും ഇറങ്ങി; പുതിയ പ്രധാനമന്ത്രിയുടെ നയം മാറുമോ?
ഒരു പ്രധാനമന്ത്രിയും കാലം തികച്ചിട്ടില്ലാത്ത പാകിസ്താനിൽ ഇമ്രാൻ ഖാനും കാലിടറി. അവസാന ഓവർ വരെ പിടിച്ചുനിന്ന ശേഷമാണ് ഇമ്രാന്റെ വിക്കറ്റ് നഷ്ടമാകുന്നതെന്ന പ്രത്യേകതയുണ്ടെങ്കിലും പാകിസ്താൻ പ്രധാനമന്ത്രിമാർ നേരിട്ട ചരിത്ര ദുർവിധി ഇമ്രാനെയും പിന്തുടർന്നു. അവിശ്വാസപ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയും ഇമ്രാൻ ഖാനായി. അധികാരം നിലനിർത്താൻ ആവനാഴിയിലെ അവസാന അസ്ത്രവും ഇമ്രാൻ പ്രയോഗിച്ചെങ്കിലും സുപ്രിംകോടതിയുടെ ഇടപെടൽ കീഴടങ്ങലിലേയ്ക്കെത്തിച്ചു. പാർലമെന്റ് നടപടികൾ നീട്ടിക്കൊണ്ടുപോയ നാടകീയതയും ഒടുവിൽ പൊളിഞ്ഞു. ഇമ്രാൻ സർക്കാർ അവിശ്വാസ പ്രമേയത്തിനു മുന്നിൽ വീണു. പാർലമെന്റ് പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തി തിരിച്ചുവരവിന് വഴിയൊരുക്കുകയായിരുന്നു ഇമ്രാന്റെ മുന്നിലുള്ള അവസാന വഴി. അതിനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസം പാർലമെന്റിൽ നടത്തിയത്.
കളിയിൽ പലപ്പോഴും ടീമിനെ വിജയിപ്പിച്ച സ്‌പോട്‌സ്മാൻ സ്പിരിറ്റ് മന്ത്രിസഭയെ അവസാന സമയത്ത് നയിക്കുന്നതിലും ഇമ്രാൻ കാഴ്ചവച്ചു. പക്ഷേ അധികാരക്കൈമാറ്റം അനിവാര്യമായ ഘട്ടത്തിൽ അദ്ദേഹത്തിനു പടിയിറങ്ങേണ്ടിവന്നു. 1947 ൽ ഇന്ത്യയിൽ നിന്ന് വിഭജിച്ച് സ്വതന്ത്ര രാജ്യമായതു മുതൽ പാകിസ്താനെ വേട്ടയാടുന്നതാണ് തുടർക്കഥയായ ഭരണക്കൈമാറ്റം. സുസ്ഥിര ഭരണം എന്നത് ഇപ്പോഴും പാകിസ്താന്റെ സ്വപ്‌നമായി തുടരുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാൻ കാലാവധി പൂർത്തിയാകാൻ ഒരു വർഷം ശേഷിക്കേ കൊല്ലപ്പെടുകയായിരുന്നു. 1951 ലായിരുന്നു ഇത്. തുടർന്നുള്ള ആറു വർഷത്തിൽ നാലു പ്രധാനമന്ത്രിമാരാണ് അധികാരക്കസേരയിൽ മാറിമാറി ഇരുന്നത്.പാകിസ്താന്റെ രാഷ്ട്രീയത്തിൽ എപ്പോഴും പട്ടാളം ഇടപെടുന്നതാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് ഇടയാക്കുന്നത്. സർക്കാരിനെ പട്ടാളം നിയന്ത്രിക്കുന്ന സാഹചര്യമാണ് ഈ അസ്ഥിരതയ്ക്ക് കാരണം.
ഇത്തവണയും പട്ടാളവുമായുള്ള പിണക്കമാണ് ഇമ്രാന് വെല്ലുവിളി സൃഷ്ടിച്ചത്. 2018 ലെ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ചെറുകക്ഷികളുടെ സഹായത്തോടെയാണ് ഇമ്രാൻ കേവല ഭൂരിപക്ഷം ഒപ്പിച്ചത്. ഇതിനു പട്ടാളത്തിന്റെ ഇടപെടലും സഹായവും ലഭിച്ചു. എന്നാൽ പട്ടാളവുമായി ഇമ്രാൻ ഇടഞ്ഞപ്പോൾ പിന്തുണ നൽകിയവർ കാലുമാറി. തെരഞ്ഞെടുപ്പിലൂടെ തിരികെ വരാൻ ശ്രമിച്ചെങ്കിലും സുപ്രിംകോടതി ഇടപെട്ടു. അവിശ്വാസ പ്രമേയം പാർലമെന്റിൽ വോട്ടിനിടേണ്ടിവന്നു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ എട്ടു പ്രധാനമന്ത്രിമാരാണ് പാകിസ്താനുണ്ടായത്. നവാസ് ഷരീഫ് കാലാവധി തികയ്ക്കാൻ 10 മാസം ശേഷിക്കെയാണ് 2017ൽ അധികാരം ഒഴിഞ്ഞത്. 2018ൽ അധികാരത്തിലെത്തിയ ഇമ്രാൻ കാലാവധി തികയ്ക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ മൂന്നു വർഷവും 235 ദിവസവുമാണ് ഇമ്രാന് പ്രധാനമന്ത്രി കസേരയിൽ ഇരിക്കാനായത്. 2008 മാർച്ചു മുതൽ 2012 വരെ പ്രധാനമന്ത്രിയായിരുന്ന യൂസഫ് റാസാ ഗീലാനിയാണ് പാകിസ്താനിൽ അധികാരത്തിൽ ഏറ്റവും കൂടുതൽ കാലം ഇരുന്ന പ്രധാനമന്ത്രി. നാലു വർഷവും 86 ദിവസവും.
ഇമ്രാന് ശേഷം ആരാകും പാക് പ്രധാനമന്ത്രിയെന്നതാണ് ഇപ്പോഴത്തെ ചർച്ച. 22 കോടി ജനങ്ങളുള്ള പാകിസ്താനെ നയിക്കുന്നത് ആരാണെന്ന് ഇന്ത്യയും ഉറ്റുനോക്കുന്നുണ്ട്. ഇന്നു തന്നെ ദേശീയ അസംബ്ലി ചേർന്ന് പ്രതിപക്ഷ നേതാവായ ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചേക്കും. പാകിസ്താൻ മുസ്‌ലിം ലീഗ് (നവാസ്) നേതാവാണ് ഷഹബാസ്. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിൻ്റെ സഹോദരൻ കൂടിയായ ഷഹബാസിനെതിരേ നിരവധി അഴിമതി ആരോപണങ്ങളുണ്ട്. പണത്തട്ടിപ്പ് കേസിൽ ജാമ്യത്തിലിറങ്ങിയ ഇദ്ദേഹം വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഷഹബാസ് വരുന്നതോടെ ഇന്ത്യയുമായുള്ള പാക് ബന്ധം മെച്ചപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇമ്രാൻ ഖാന്റെ വിദേശ നയം ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിച്ചിരുന്നു. പരമ്പരാഗതമായി യു.എസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന പാകിസ്താൻ ചേരിമാറാനുള്ള നീക്കം നടത്തുന്നത് ഇമ്രാന്റെ വരവോടെയാണ്. പാകിസ്താനിലും യു.എസ് വിരുദ്ധത സജീവമായി.
പാശ്ചാത്യ അനുകൂല നിലപാടിൽനിന്നുള്ള വ്യതിയാനമാണ് ഇമ്രാൻ ഖാൻ്റെ ഭരണകാലത്തുണ്ടായത്. ഉക്രൈൻ അധിനിവേശത്തിനിടെ ഇമ്രാൻ റഷ്യ സന്ദർശിച്ച് പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനെതിരേ വിമർശനം ഉയർന്നിരുന്നു. കൂടാതെ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരേ യു.എന്നിൽ പ്രമേയം വന്നപ്പോൾ പാകിസ്താൻ വോട്ടുചെയ്യാതെ വിട്ടുനിന്നതും പാശ്ചാത്യരാജ്യങ്ങളെ ചൊടിപ്പിച്ചിരുന്നു. ചർച്ചയിലൂടെ തർക്കം പരിഹരിക്കണമെന്ന നിലപാടാണ് പാകിസ്താൻ സ്വീകരിച്ചത്.
ചൈനയുമായി അടുത്തബന്ധം പുലർത്തിയ പാക് നീക്കം ഇന്ത്യക്ക് ഭീഷണി സൃഷ്ടിക്കുന്നതായിരുന്നു. ചൈനയുടെ അതിർത്തി സംഘർഷവും പാക് പിന്തുണയോടെയായിരുന്നു. പുതിയ പ്രധാനമന്ത്രിയുടെ നിലപാടുകൾ, വിദേശകാര്യ നയത്തിലെ മാറ്റം എന്നിവ മേഖലയിൽ ഇന്ത്യ ഉറ്റുനോക്കുന്നതാണ്. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്ത്യയുമായി സൗഹൃദത്തിന് തയാറായിരുന്നു. ഷരീഫിനെ പ്രധാനമന്ത്രി നരേന്ദ്രമോദി 2015ൽ പാകിസ്താനിലെത്തി സന്ദർശിച്ചിരുന്നു. ഷരീഫിന്റെ നിലപാടാണ് ഷഹബാസും സ്വീകരിക്കുന്നതെങ്കിൽ മുടങ്ങിക്കിടക്കുന്ന ചർച്ചകൾ പാകിസ്താനും ഇന്ത്യക്കും ഇടയിൽ വീണ്ടും പുനരാരംഭിച്ചേക്കും. പാകിസ്താനിലെ അധികാരക്കൈമാറ്റം ചൈനയ്ക്കും യു.എസിനും ഇന്ത്യയെപ്പോലെതന്നെ പ്രധാനമാണ്. ഭീകര സംഘടനകൾക്ക് വളക്കൂറുള്ള പാകിസ്താനിൽ പുതിയ സർക്കാരിൻ്റെ നയം എന്താകുമെന്നാണ് ലോകവും ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."