HOME
DETAILS

പാവം പശു ; ഒരു രാഷ്ട്രീയായുധം

  
backup
February 13 2023 | 20:02 PM

7852465342-2

ഡോ. അരുൺ കരിപ്പാൽ


വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വലിയ പ്രശ്‌നങ്ങളിലൂടെയാണ് ഓരോ ഇന്ത്യക്കാരനും കടന്നുപോകുന്നത്. മഹാഭൂരിപക്ഷം സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിയിട്ട് കാലം കുറച്ചായി. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽനിന്ന് വിടുതൽ ആഗ്രഹിക്കുന്ന അനേകലക്ഷങ്ങൾ വരവിനെക്കാൾ ചെലവുകൊണ്ട് പ്രതിസന്ധിയുടെ ആഴക്കയത്തിലേക്ക് തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു. കൈപിടിച്ച് ഉയർത്താൻ സർക്കാരുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു മുന്നോട്ട് പോകുന്ന സമയത്താണ് കഴിഞ്ഞവാരങ്ങളിൽ രണ്ട് ബജറ്റുകൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ചത്. കൊവിഡനന്തരം പ്രതിസന്ധിയിലായ സാധാരണ ജനത്തിന് ആശ്വാസമേകുന്ന, വിലക്കയറ്റം നിയന്ത്രിക്കാനുള്ള പദ്ധതികൾ ബജറ്റിൽപ്രഖ്യാപിക്കപ്പെട്ടോ? രാജ്യത്തിന്റെ നട്ടെല്ലായ കർഷകർക്കുവേണ്ടിയുള്ള കർമപദ്ധതികൾ വല്ലതുമുണ്ടോ? അതോ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധൂർത്തിന്റെ ഭാരം സാധാരണ ജനങ്ങൾ ചുമക്കേണ്ട സാഹചര്യം ഉണ്ടായോ?


തൊഴിലുറപ്പു പദ്ധതിയുടെപോലും തുക വെട്ടിക്കുറച്ചു കേന്ദ്രസർക്കാർ. 2022-23 ലെ കേന്ദ്രസർക്കാർ കണക്കനുസരിച്ച് 15,06,83,744 ആളുകൾ തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കുകയും വരുമാന മാർഗം കണ്ടെത്തുകയും ചെയ്യുന്നു. പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഏതാണ്ട് ഇതിന്റെ ഇരട്ടിവരും. ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ ഗ്രാമീണമേഖലയിലെ പാവപ്പെട്ടവരാണ്. ഇവർക്ക് ഏറ്റവും ആശ്വാസ പദ്ധതിയായിരുന്നു ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. എന്നാൽ പ്രസ്തുത പദ്ധതിയെ ശക്തിപ്പെടുത്തുന്ന ശ്രമങ്ങളല്ല നിലവിലെ കേന്ദ്രസർക്കാർ ചെയ്തത് എന്നു ബജറ്റിൽനിന്ന് വ്യക്തമാണ്. മുപ്പതിനായിരം കോടിയോളം രൂപ മുൻ വർഷത്തെക്കാൾ കുറവാണ് ഈ ബജറ്റിൽ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. സാധാരണക്കാരുടെ ആശ്രയമായ കൃഷിക്കും പ്രാഥമിക വിദ്യാഭ്യാസത്തിനും നീക്കിവച്ച തുകയും ബജറ്റിൽ വളരെ കുറവാണ്.


കേരളത്തിലെ ജനങ്ങൾ നിത്യോപയോഗ സാധനങ്ങൾക്ക് ക്രമാതീതമായുണ്ടായ വില വർധനവുമൂലം പൊറുതിമുട്ടിയ സമയത്താണ് ആശ്വാസമേകേണ്ട, ഇടപെടേണ്ട സർക്കാർ പെട്രോളിനും ഡീസലിനും രണ്ടുരൂപ ബജറ്റിലൂടെ സെസ് വഴി വർധിപ്പിക്കുന്നത്. ആശ്രിതർക്കുവേണ്ടി പുതിയ തസ്തികകൾ സൃഷ്ടിച്ചും ലക്ഷ്വറി വാഹനങ്ങൾ വാങ്ങിയും സർക്കാരിനെതിരേയുള്ള കേസുകൾ വാദിക്കാൻ കോടികൾ മുടക്കിയും ഖജനാവ് കാലിയാക്കലാണ് കേരള സർക്കാർ നയം. ധൂർത്തിനു തടയിടാതെ, സ്വയം തിരുത്താൻ തയാറാവാതെ ജനങ്ങളുടെമേൽ പലവിധത്തിലുള്ള വിലവർധനവ് അടിച്ചേൽപ്പിക്കുകയാണ് സർക്കാർ.


ഈ രണ്ടു ബജറ്റുകളെക്കുറിച്ചും ജനം ചർച്ച ചെയ്‌തോ? പ്രതിഷേധിച്ചോ? പ്രതിഷേധം ചെറിയ രീതിയിൽ ഉയരേണ്ട/ഉയരുന്ന സമയത്ത് പശുവിനെ ആലിംഗനം ചെയ്യാൻ വാലൻ്റൈസ് ഡേക്ക് കേന്ദ്രത്തിന്റെ ആഹ്വാനം വരുന്നത്. ജനദ്രോഹ ബജറ്റും ജനങ്ങളുടെ ജീവിതപ്രതിസന്ധികളും എങ്ങോ പോയി. കേരള ബജറ്റിനെ ന്യായീകരിക്കാൻപോലും പ്രയാസപ്പെട്ട സർക്കാർ അനുകൂല സൈബർ പോരാളികളും പശുവിന്റെ പുറകെയായി. പശു വാലന്റെൻസ് ഡേയുടെ ഐക്കണായി മാറി. പാവം പശു ഒരു രാഷ്ട്രീയ ആയുധമായി. വലയിൽ വീണ കിളികളായി ജനം. ഫെബ്രുവരി 14 പ്രണയദിനം 'കൗ ഹഗ് ഡേ' ആയി ആചരിക്കാൻ ഫെബ്രുവരി ആറിന് നിർദേശം പുറത്തിറക്കിയ കേന്ദ്ര മൃഗസംരക്ഷണ ബോർഡ് നാലുദിവസംകൊണ്ട് അത് പിൻവലിച്ചു. വിചിത്ര ഓർഡർ എന്ന് തോന്നുമെങ്കിലും ഈ ദിവസങ്ങളിൽ കേന്ദ്രസർക്കാറിനെതിരേ ചർച്ചയാകുന്ന വിഷയങ്ങൾ പലതും കൗ ഹഗ് ഡേയിലൂടെ ഇല്ലാതായി. മാധ്യമങ്ങളുടെ ചർച്ചകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ട്രോളുകൾ എല്ലാം പ്രധാനമായും ഇതിനെക്കുറിച്ചായി. ആര് ആരെയാണ് പരിഹസിച്ചത് എന്നതുമാത്രം ഒരു ചോദ്യമായി അവശേഷിക്കുന്നു?


വളർത്തുമൃഗം എന്നതിനോടൊപ്പം സാധാരണ ജനങ്ങളുടെ ജീവനോപാധിയാണ് പശു. ലോകത്തിൽ ഏറ്റവും കൂടുതൽ പാലുൽപ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ രണ്ടു ലക്ഷത്തിലധികം ഗ്രാമങ്ങളിൽ രണ്ട് കോടിയോളം പേർ ക്ഷീരകർഷകരാണ്. കേരളത്തിൽ ഏതാണ്ട് എട്ടുലക്ഷം പേർ ക്ഷീരകർഷകരാണ്. ഈ കർഷകർ കേവലം ഒരു മതത്തിൽ പെട്ടവരല്ല. വ്യത്യസ്ത മതത്തിൽ വിശ്വസിക്കുന്നവരും അല്ലാത്തവരും വ്യത്യസ്ത ജാതിയിലും ഭാഷയിലും പെട്ടവരാണ്. അവർക്ക് പശു ആരാധന മൂർത്തിയേക്കാൾ ആശ്വാസ മൂർത്തിയാണ്. അവരുടെ ആശ്വാസമൂർത്തിക്കു വരുന്ന രോഗങ്ങൾ, പാൽ സംഭരിക്കാതെ വരുമ്പോഴുള്ള വിഷയങ്ങൾ, കാലിത്തീറ്റയുടെ വിലവർധനവ് എല്ലാം ക്ഷീരകർഷകരുടെ ദൈനംദിന ജീവിതത്തെ ബാധിക്കും. കൊവിഡ് കാലത്ത് വേണ്ട ഇടപെടലുകൾ നടത്താത്ത സർക്കാർ സമീപനത്തിനെതിരേ പാൽ ഒഴുക്കി പ്രതിഷേധിക്കേണ്ട സാഹചര്യംപോലും ക്ഷീരകർഷകർക്കുണ്ടായി. പശുവിനെ മതവുമായും ആഹാരക്രമവുമായും ബന്ധപ്പെടുത്തി സാമുദായിക ഐക്യം തകർക്കുന്നതിനും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി ഉപയോഗിക്കുകയാണ് ഗോസംരക്ഷകർ.


'ഗോസംരക്ഷണ സംഘങ്ങൾ ഗോവധ സംഘങ്ങൾ തന്നെയാണ്' എന്ന മഹാത്മഗാന്ധിയുടെ വാക്കുകൾ പ്രസക്തമാകുന്നു. പശു സംരക്ഷണ വിദ്യ മറന്നപ്പോഴാണ് ഇത്തരം സംഘങ്ങൾ പിറവിയെടുത്തത് എന്ന് അദ്ദേഹം ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷീരമേഖലയിൽ ആവശ്യമായ കാര്യങ്ങൾ ചെയ്യാതെ പശുവിനെ രാഷ്ട്രീയ ആയുധമാക്കുന്നതാണ് കണ്ടുവരുന്നത്.


2014ൽ കേന്ദ്രസർക്കാർ അധികാരത്തിലേറിയതു മുതൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പശുവിന്റെ പേരിലുള്ള ആൾക്കൂട്ട അക്രമങ്ങൾ വലിയതോതിൽ വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത് 2015 മെയ് മാസത്തിനും 2018 ഡിസംബറിനും ഇടയിൽ 44 പേർ പശുവിന്റെ പേരിലുള്ള അക്രമത്തിനിരയായി കൊലചെയ്യപ്പെട്ടു എന്നാണ്. 12 സംസ്ഥാനങ്ങളിലയാണ് കൊലപാതകമുണ്ടയത് എന്നത് ഇതിൻ്റെ വ്യാപനം അടയാളപ്പെടുത്തുന്നു. ഇതേ കാലഘട്ടത്തിൽ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിൽ 100 ലധികം ആക്രമണങ്ങൾ പശു സംരക്ഷണത്തിന്റെ പേരിൽ ഉണ്ടാവുകയും 280 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പശുവുമായി ബന്ധപ്പെട്ട അക്രമങ്ങളെക്കുറിച്ച് പഠനം നടത്തിയ ഇന്ത്യ സ്‌പെൻഡ് ഡേറ്റ സൂചിപ്പിക്കുന്നത് 2012-2017 ഇടയിൽ നടന്ന കുറ്റകൃത്യങ്ങളിൽ 97 ശതമാനവും നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷമാണ് എന്നാണ്. പശുവിന്റെ പേരിലുള്ള ആക്രമണങ്ങളിൽ ഇരയാക്കപ്പെടുന്ന ഭൂരിഭാഗവും മുസ്‌ലിം-ദലിത്-ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. ആക്രമണങ്ങൾ ഇന്നും തുടർക്കഥയാകുന്നു. പശുവിനോടുള്ള പ്രണയത്തേക്കാൾ മുസ്‌ലിം-ദലിത്-ആദിവാസി വിഭാഗങ്ങളോടുള്ള അസഹിഷ്ണുതയാണ് പിന്നിലെന്ന് സുവ്യക്തമാണ്.


മനുഷ്യന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നവരാണ് പശുവിനെ രാഷ്ട്രീയായുധമായി ഉപയോഗിക്കുന്നത്. ഇതിനെതിരേ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. വൈകാരിതയെ ഉപയോഗപ്പെടുത്തി നേട്ടം കൊയ്യുന്ന അധികാരവർഗത്തെയും അധികാരമോഹികളെയും അതിജീവിച്ച് യഥാർഥ പ്രശ്‌നങ്ങൾ ചർച്ചയാക്കുകയും പ്രതിവിധികൾ ഉണ്ടാക്കുകയും ചെയ്യുക എന്നതാണ് വെല്ലുവിളി. ഇത് അതിജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ സമൂഹം സംഘർഷങ്ങളിലേക്കും ജനങ്ങൾ പ്രതിസന്ധിയിലേക്കും മാറുന്ന കാലം വിദൂരമല്ല.

(തൃശൂർ ശ്രീ കേരളവർമ്മ കോളജ് പൊളിറ്റിക്കൽ സയൻസ് അധ്യാപകനും കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗവുമാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago