മാനന്തവാടി ഗവ. കോളജ്; ഡിഗ്രി സീറ്റുകള്‍ വര്‍ധിപ്പിച്ചു
മാനന്തവാടി: ഏറെകാലത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലുള്ള മാനന്തവാടി ഗവ.കോളജില്‍ ഡിഗ്രിക്ക് സീറ്റുകള്‍ വര്‍ധിപ്പിച്ചു. എന്നാല്‍ പ്രഖ്യാപിക്കപ്പെട്ട പി.ജി കോഴ്‌സുകള്‍ തുടങ്ങാനുള്ള നടപടികള്‍ ഇനിയും പൂര്‍ത്തിയായില്ല. കെട്ടിടങ്ങളും അധ്യാപകരും ഉണ്ടായിരിക്കെ സര്‍ക്കാരിന് യാതൊരു അധിക ബാധ്യതയുമില്ലാത്ത വിധം നിലവിലുള്ള ഡിഗ്രി കോഴ്‌സുകളില്‍ സീറ്റ് വര്‍ധിപ്പിക്കണമെന്ന് നിരന്തരമായി ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.
ബി.എസ്.സി ഇലക്ട്രോണിക്‌സ് 29, ബി.എ ഇംഗ്ലീഷ് 30, ബി.എ ഇക്കണോമിക്‌സ് 30, ബികോം 50 എന്നിങ്ങനെ 139 സീറ്റുകളായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. ഇതിലേക്കായി കഴിഞ്ഞവര്‍ഷം 2000ത്തോളം അപേക്ഷകരാണ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാരിന് അധിക ബാധ്യതയില്ലാത്ത വിധം കോളജ് ആവശ്യപ്പെട്ടതനുസരിച്ച് 29 സീറ്റുകളാണ് ഈവര്‍ഷം വര്‍ധിപ്പിച്ചിരിക്കുന്നത്. ഡവലപ്പമെന്റ് ഇക്കണോമിക്‌സ് 10, ഇംഗ്ലീഷ് 10, ബികോം 3, ഇലക്ട്‌ട്രോണിക്‌സ് ആറ് എന്നിങ്ങനെയാണ് വര്‍ധിപ്പിച്ച സീറ്റുകളുടെ എണ്ണം.
ഇതിലേക്കുള്ള പ്രവേശനം നേരത്തെയുള്ള ഓണ്‍ലൈന്‍ അപേക്ഷ പ്രകാരം സര്‍വകലാശാല പുറത്തിറക്കിയ അലോട്ട്‌മെന്റ് ലിസ്റ്റില്‍ നിന്നും ഇന്നും നാളെയുമായി നടക്കും. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അനുവദിക്കുകയും ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്ന പി.ജി കോഴ്‌സുകള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. രണ്ട് കോഴ്‌സുകളാണ് അനുവദിക്കപ്പെട്ടത്. എം.എ ഡവലപ്പമെന്റ് എക്കണോമിക്‌സ്, എം.എ ഇംഗ്ലീഷ് എന്നീ കോഴ്‌സുകളാണ് കോളജ് യൂനിവേഴ്‌സിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായുള്ള വര്‍ക്ക്‌ലോഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ യൂനിവേഴ്‌സിറ്റിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളജുകളിലെല്ലാം അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിച്ചു കഴിഞ്ഞു. ജില്ലയില്‍ അനുവദിക്കപ്പെട്ട പി.ജി സീറ്റ് പ്രതീക്ഷിച്ച് നിരവധി വിദ്യാര്‍ഥികള്‍ നിലവില്‍ കാത്തിരിക്കുന്നുണ്ട്.
പി.ജി കോഴ്‌സുകള്‍ ആരംഭിക്കുന്നതോടെ മുപ്പത്തഞ്ചു വര്‍ഷം മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയ മാനന്തവാടിയിലെ സര്‍ക്കാര്‍ കോളജിനോട് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനക്ക് പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."